ജീരകം, പെരുംജീരകം, അയമോദകം.. ഭക്ഷണശേഷം പലരും ഇവ കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ, ബ്ലോട്ടിങ് കുറയ്ക്കുമെന്നും ദഹനവും മെച്ചപ്പെടുത്തുമെന്നും അവകാശപ്പെട്ടുകൊണ്ട് പെരുംജീരകം, അയമോദകം എന്നിവയെല്ലാം കഴിക്കുന്നത് സുരക്ഷിതമാണോ? ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ദഹന സംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കാൻ ഇവ സഹായിക്കുമോ?

To advertise here,

ഭക്ഷണ ശേഷം ഉണ്ടാകുന്ന സാധാരണ ദഹന പ്രശ്‌നങ്ങളാണ് വയറുവേദന, ഗ്യാസ്, അസിഡിറ്റി, വീക്കം എന്നിവ. ഇവയിൽനിന്നെല്ലാം ശമനം കിട്ടാൻ ഈ വിത്തുകൾ പച്ചയായോ വറുത്തോ ചവച്ചരച്ച് കഴിക്കുകയാണ് ചെയ്യാറ്. അവയുടെ സ്വാഭാവിക സംയുക്തങ്ങൾ ഉമിനീർ വഴി ആഗിരണം ചെയ്യപ്പെടുന്നു.

ഭക്ഷണശേഷം, പ്രത്യേകിച്ച് ധാരാളം കൊഴുപ്പുള്ള അല്ലെങ്കിൽ സംസ്‌കരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ വലിയ ഭക്ഷണം കഴിക്കുമ്പോൾ ദഹനം സ്വാഭാവികമായും സാവധാനത്തിലാകുന്നു. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി കുടലുകൾക്ക് ഭക്ഷണം ചലിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതുകൊണ്ടാണിത്. മറ്റ് കാരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

  • ഭക്ഷണം ദഹിപ്പിക്കുന്ന എൻസൈം പ്രവർത്തനത്തിലെ കുറവ്
  • മാനസിക സമ്മർദവും ശരീരം അധികം ചലിപ്പിക്കാതെയുള്ള ജീവിതശൈലിയും ദഹനം സാവധാനത്തിലാക്കാനും കുടലിന്റെ പ്രവർത്തനത്തെ ബാധിക്കാനും ഇടയാക്കും.

പെരുംജീരകം, അയമോദകം, ജീരകം എന്നിവയിൽ ഏതെങ്കിലും ആവശ്യമനുസരിച്ച് ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്. കാരണം, ലളിതമായ ചില ശീലങ്ങൾക്ക് ദഹനം സ്വാഭാവികമായി പുനരാരംഭിക്കാനും കുടൽ പ്രശ്‌നങ്ങൾ അകറ്റാനും കഴിയും. 'കൂടുതൽ ഭക്ഷണം കഴിച്ച ദിവസങ്ങളിലോ അല്ലെങ്കിൽ പതിവ് ഭക്ഷണത്തിന് ശേഷം, പെരുംജീരകം, അയമോദകം, ജീരകം എന്നിവ ചവയ്ക്കാൻ പല ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുകളും നിർദേശിക്കാറുണ്ടെന്നും അതിന് ശാസ്ത്രീയ കാരണങ്ങളുണ്ടെന്നുമാണ് എൻഡിടിവിക്ക് അനുവദിച്ച് അഭിമുഖത്തിൽ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. ശുഭം വാത്സ്യ പറയുന്നത്.

ഏകദേശം 30 സെക്കൻഡ് മുതൽ 1 മിനിറ്റ് വരെ അടുപ്പിൽ ബ്രൗൺ ചെയ്‌തെടുക്കുന്ന കരിഞ്ചീരകത്തിന് ദഹനത്തിന് സഹായിക്കുന്ന ഗുണകരമായ സംയുക്തങ്ങൾ സജീവമാക്കാൻ കഴിയുമെന്ന്് ന്യൂട്രിയന്റ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, പെരുംജീരകത്തിൽ ദഹന പ്രക്രിയയെ ബാധിക്കുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ശമിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറന്റ് ഫങ്ഷണൽ ഫുഡ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അയമോദകത്തിന്റെ മിതമായ അളവ് ദഹന ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് സൂചിപ്പിക്കുന്നു.

പെരുംജീരകം അതിന്റെ കാർമിനേറ്റീവ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്, അതായത് അവ ഗ്യാസും ബ്ലോട്ടിങ്ങും കുറയ്ക്കാൻ സഹായിക്കുന്നു. അവയിലെ അനത്തോൾ പോലുള്ള സംയുക്തങ്ങൾ ദഹനനാളത്തെ അയവുവരുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കുന്നത് ഉമിനീർ ഉത്പാദനത്തെയും ഉത്തേജിപ്പിക്കും, ഡോ. വാത്സ്യ പറയുന്നു. പെരുംജീരകം എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ശരിയായ സമയവും അളവും പാലിക്കണം. ഭക്ഷണം കഴിച്ച് ഉടൻ അവ കഴിക്കുന്നത് നല്ലതല്ല; ഭക്ഷണം കുടലിലേക്ക് നീങ്ങാൻ സമയം നൽകിയ ശേഷം കഴിക്കണം.

അയമോദകം ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം കഴിച്ചതിന് ശേഷം ഭാരം അനുഭവിക്കുന്ന വ്യക്തികൾക്ക് വളരെ ഫലപ്രദമാണ്. അവയിൽ തൈമോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഗ്യാസ്ട്രിക് എൻസൈമുകൾ വർധിപ്പിക്കുന്നു. ഭക്ഷണം കാര്യക്ഷമമായി വിഘടിപ്പിക്കാൻ സഹായിക്കുകയും അസിഡിറ്റി, ഗ്യാസ്, വയറുവേദന പോലുള്ള പ്രശ്‌നങ്ങൾ തടയുകയും ചെയ്യുന്നു. കൊഴുപ്പ് നിറഞ്ഞതോ കഠിനമായതോ ആയ ഭക്ഷണങ്ങൾക്ക് ശേഷം കഴിക്കുന്നത് പ്രത്യേകിച്ച് സഹായകമാണ്.

ജീരകം മൊത്തത്തിലുള്ള ദഹനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ പാൻക്രിയാസുകളെ ദഹന എൻസൈമുകൾ പുറത്തുവിടാൻ ഉത്തേജിപ്പിക്കുന്നു, ഇത് മികച്ച പോഷക ലഭ്യതയ്ക്ക് സഹായിക്കുന്നു. ജീരകം കുടലിലെ വീക്കം കുറയ്ക്കുകയും മലവിസർജനം നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു.

ഈ വിത്തുകളുടെ അളവ് പ്രധാനമാണ്, കാരണം അമിതമായി കഴിക്കുന്നത് വിപരീത ഫലങ്ങൾ ഉണ്ടാക്കും. ഈ മൂന്ന് വിത്തുകളുടെയും ഏകദേശ അളവ് അര ടീസ്പൂൺ ആണ്. അവ കഴിക്കുമ്പോൾ പതുക്കെ ചവയ്‌ക്കേണ്ടതുണ്ട്. കാരണം പരമാവധി ഫലത്തിനായി വിത്തുകൾ അവയുടെ സംയുക്തങ്ങൾ വായിൽ വെച്ചുതന്നെ പുറത്തുവിടണം. ഭക്ഷണം കഴിച്ച് അഞ്ച് മുതൽ 10 മിനിറ്റിനു ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ല സമയം. വേണമെങ്കിൽ, അവ വറുത്തെടുക്കാം, അങ്ങനെ ചെയ്യുമ്പോൾ അവയുടെ ഗുണങ്ങൾ വർധിക്കുന്നതാണ് അതിന് കാരണം

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)