ജോലിചെയ്യുന്ന പണം മുഴുവന്‍ മദ്യപാനത്തിന് ചെലവാക്കുന്ന കാലമുണ്ടായിരുന്നു ബേബി ദേവസ്യയ്ക്ക്. ഇന്ന് അദ്ദേഹത്തിന് മദ്യപാനമില്ല. അത്‌ നിര്‍ത്തിയ അദ്ദേഹം, നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്വന്തം കൈകൊണ്ട് തയ്യാറാക്കുന്ന കഞ്ഞി സൗജന്യമായി നല്‍കുന്നു.

To advertise here,

ബൈബിളിലെ 'നല്ല ശമരിയാക്കാര'ന്റെ ഉപമ സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം കാട്ടിത്തരുകയാണ്.

ചക്കക്കാനം കരോട്ടുപാറയ്ക്കല്‍ ബേബി ദേവസ്യ (60) മേസ്തിരിപ്പണിക്കാരനാണ്. പണിയെടുത്തുകിട്ടുന്ന പണം മുഴുവന്‍ മദ്യപിക്കാന്‍വേണ്ടിയാണ് 22 വര്‍ഷം ബേബി ചെലവഴിച്ചത്.

മദ്യപാനം തന്റെ ജീവിതം തകര്‍ക്കുകയാണെന്ന് പിന്നീട് മനസ്സിലായി. ഇതോടെ 15 വര്‍ഷം മുന്‍പ് മദ്യപാനം നിര്‍ത്തി. ധ്യാനവുംമറ്റും ഇതിന് സഹായിച്ചെന്ന് ബേബി പറയുന്നു.

ഒരിക്കല്‍ ബേബിയും കൊച്ചുത്രേസ്യയും താലൂക്കാശുപത്രി സന്ദര്‍ശിച്ചപ്പോള്‍ കിടപ്പുരോഗികളായ വയോധികദമ്പതിമാരെ കാണാനിടയായി. അവര്‍ പട്ടിണിയിലാണെന്ന് മനസ്സിലാക്കി ഭക്ഷണം വാങ്ങി നല്‍കി. ഇതായിരുന്നു തുടക്കം.

അടുത്തദിവസം മുതല്‍ വീട്ടില്‍ കഞ്ഞിയും കറിയും തയ്യാറാക്കി ബൈക്കില്‍ രോഗികള്‍ക്ക് എത്തിച്ചുകൊടുത്തു. അന്നുമുതല്‍ വൈകുന്നേരത്തെ കഞ്ഞിവിതരണം തുടരുന്നു. കഞ്ഞിയും ഒരു കറിയും അച്ചാറുമാണ് നല്‍കുന്നത്.

ഇപ്പോള്‍ സ്വന്തം ഓട്ടോറിക്ഷയിലാണ് കഞ്ഞി എത്തിക്കുന്നത്. മേസ്തിരിപ്പണിയെടുത്ത് കിട്ടുന്ന പണവും ഭാര്യ കൊച്ചുത്രേസ്യ വീട്ടുപണിക്കുപോയി കിട്ടുന്ന പണവും സന്നദ്ധസംഘടനകളും മറ്റും നല്‍കുന്ന അരിയും പച്ചക്കറികളുമാണ് രോഗികള്‍ക്കുള്ള അത്താഴമാകുന്നത്.

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വീട്ടിലാണ് പാചകം. വെള്ളിയാഴ്ച ഈ സത്കര്‍മം 15 വര്‍ഷത്തിലേക്ക് കടന്നു. നിത്യവും 100 പേരെങ്കിലും ആവശ്യക്കാരായി ഉണ്ടാകും. ഒരുഘട്ടത്തില്‍ ഇത് 300 വരെ എത്തിയിരുന്നു.

അടച്ചുറപ്പുള്ള വീടുപോലും ബേബിക്ക് ഇല്ലായിരുന്നു. ഭാര്യ കൊച്ചുത്രേസ്യ തയ്യല്‍ തൊഴിലാളി സംഘടനയുടെ നേതാവുമാണ്. സംഘടന പിന്നീട് വീടുവെച്ചുനല്‍കി. മൂന്ന് പെണ്‍മക്കളാണ് ഈ ദമ്പതിമാര്‍ക്ക്.