ഏറെ നാളായി കർശനമായ വീഗൻ ജീവിതശൈലി പിന്തുടരുന്ന ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ഏകദേശം ഒരു ദശാബ്ദത്തോളമായി വീഗൻ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്ന് പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കർശനമായ ഭക്ഷണനിയന്ത്രണം പാലിക്കുന്ന താരദമ്പതികൾക്ക് ആഘോഷ ദിവസങ്ങളിൽ മുൻഗണനകളെല്ലാം കണക്കിലെടുത്ത് ഭക്ഷണം തയ്യാറാക്കുക ഏതൊരു ഷെഫിനും വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്തതെങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ഷെഫായ ഹർഷ് ദീക്ഷിത്. 

To advertise here,

ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഹർഷ് ഇതേക്കുറിച്ച് പങ്കുവെച്ചത്. പരമ്പരാഗതമായി ചിക്കൻ, ബീഫ് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന 'ഫോ' എന്ന വിയറ്റ്നാമീസ് സൂപ്പ് വിഭവം വേഗൻ ദമ്പതികൾക്ക് തയ്യാറാക്കി നൽകിയതിൻ്റെ കഥയാണ് ഷെഫ് പങ്കുവെച്ചത്. 2019 ഡിസംബറിൽ വിരാടിന്റെയും അനുഷ്കയുടെയും വിവാഹവാർഷിക ആഘോഷത്തിനായാണ് ഹർഷ് ഈ സാഹസം ഏറ്റെടുത്തത്. 

വിയറ്റ്നാമീസ് വിഭവങ്ങളിൽ പൊതുവേ പാമ്പിന്റെ മാംസവും സ്നേക്ക് വൈനും ഉപയോ​ഗിക്കാറുണ്ട്. വീ​ഗൻ ദമ്പതികൾക്ക് വിയ്റ്റ്നാമീസ് വിഭവം വിളമ്പുമ്പോൾ 'പാമ്പിനെ' ഒഴിവാക്കി എങ്ങനെ നൽകാമെന്നതും വെല്ലുവിളിയായിരുന്നുവെന്ന് ഹർഷ് പറയുന്നു. ഈ വെല്ലുവിളിയെ മറികടക്കാനും ഡയറ്റിന്റെ പരിമിതികളിൽ നിന്നുതന്നെ രസകരമാക്കി അവതരിപ്പിക്കാനും താൻ തിരഞ്ഞെടുത്തത് 'സ്നേക്ക് ഗോർഡ്' (പടവലം) ആയിരുന്നുവെന്നാണ് ഹർഷ് പറയുന്നത്. പടവലം വച്ചുണ്ടാക്കിയ ഫോ ആണ് താരദമ്പതികൾക്ക് ​നൽകിയത്.

അവരുടെ വീട്ടിൽ നടന്ന ഒരു സ്വകാര്യ അത്താഴവിരുന്നായിരുന്നു അത്. അഞ്ച് കോഴ്സുകളുള്ള പൂർണമായും വീഗൻ ഡിന്നറായിരുന്നു. കായികതാരങ്ങൾക്ക് റസ്റ്ററന്റുകളിൽ സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കാൻ കഴിയാത്തതിനാൽ, ഇത്തരം വ്യക്തിഗത ഡൈനിങ് അനുഭവങ്ങൾ നൽകുന്നത് തനിക്ക് പ്രൊഫഷണൽ നേട്ടമെന്നതിനു പുറമേ വലിയ ഉത്തരവാദിത്തവുമാണെന്ന് ഹർഷ് മുൻ അഭിമുഖങ്ങളിൽ  പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് തയ്യാറാക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെന്നും ഹർഷ് പറയുന്നു. ശനിയാഴ്ചയാണ് എനിക്ക് വിളി വന്നത്, അന്ന് വൈകിട്ട് തന്നെ മെനു അയച്ചുകൊടുത്തു. വിവാഹവാർഷികം വ്യാഴാഴ്ചയായിരുന്നു, പക്ഷേ ബുധനാഴ്ച രാത്രിയിലാണ് ഡിന്നർ പ്ലാൻ ചെയ്തിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-നാണ് എനിക്ക് മെനു ഉറപ്പിച്ചുള്ള മറുപടി ലഭിച്ചതെന്നും ഏറെ ഭ്രാന്ത് പിടിച്ചൊരു ജോലിയായിരുന്നു അതെന്നും ഹർഷ് പറയുന്നു. 

വിയറ്റ്നാമീസ് ഫോ

ലോകമെമ്പാടും പ്രചാരം നേടിയ ഭക്ഷണമാണ് വിയറ്റ്നാമിൻ്റെ പ്രശസ്തമായ സൂപ്പ് വിഭവമായ ഫോ (Phở). ബ്രോത്ത്, റൈസ് നൂഡിൽസ് (ബാൻഹ് ഫോ), ഔഷധസസ്യങ്ങൾ, മാംസം (സാധാരണയായി ബീഫും ചിക്കനുമാണ് ഉപയോഗിക്കുന്നത്) എന്നിവയാണ് പ്രധാന ചേരുവകൾ. വിയറ്റ്നാം യുദ്ധത്തിന്റെ കാലത്താണ് വിയറ്റ്നാമീസ് അഭയാർത്ഥികൾ ഫോയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത്. ആ കാലത്ത് പാരീസ്, യു.എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഏഷ്യൻ പ്രദേശങ്ങളിലും 'ലിറ്റിൽ സൈഗോൺ' എന്നറിയപ്പെടുന്ന പ്രവാസി കേന്ദ്രങ്ങളിലും നിരവധി ഫോ റസ്റ്ററൻ്റുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. 

സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത് വിയറ്റ്നാം സർക്കാർ ഫോയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. 2018-ലാണ് ഡിസംബർ 12 'ഫോ ദിനം' (Day of Phở) ആയി വിയറ്റ്നാം സർക്കാർ പ്രഖ്യാപിച്ചത്. വിയറ്റ്നാമിന്റെ പാചക പാരമ്പര്യത്തിന്റെയും സാംസ്കാരത്തിന്റെയും പ്രതീകമായി ഫോ നിലകൊള്ളുന്നു.  

placeholder
ഫോ| ഫോട്ടോ: wikicommons By Vinnie Cartabiano - Flickr, CC BY 2.0, https://commons.wikimedia.org/w/index.php?curid=113561424
ഫോ| ഫോട്ടോ: wikicommons By Vinnie Cartabiano - Flickr, CC BY 2.0, https://commons.wikimedia.org/w/index.php?curid=113561424