സോഷ്യല്‍മീഡിയയില്‍ സജീവമായ നടിയാണ് അഞ്ജു കുര്യന്‍. തന്റെ വീട്ടില്‍ മാങ്ങാ തെര എന്ന പലഹാരമുണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ താരം.

To advertise here,

വേനല്‍ക്കാലത്ത് പഴമക്കാര്‍ വീടുകളില്‍ സജീവമായി തയ്യാറാക്കിയിരുന്ന മധുരപലഹാരമാണ് മാങ്ങാ തെര. ഇതിനെ ഒരു മിഠായിയായും കണക്കാക്കാം. 

അരച്ചെടുത്ത പഴുത്ത മാങ്ങ പാത്രത്തിലാക്കി, ചെറിയ പായയില്‍ പുരട്ടി വെയിലത്തിട്ട് ഉണക്കുന്നതാണ് വീഡിയോയിലുള്ളത്. ഉണക്കിയെടുത്ത മാങ്ങാ തെര ചോക്ലേറ്റുപോലെ തയ്യാറാക്കിയെടുത്ത് കഴിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 

മാങ്ങാ തെര തയ്യാറാക്കുന്ന വിധം
പഴുത്തമാങ്ങ അരച്ചെടുത്ത് മധുരം ചേര്‍ത്ത് പാനിലോ ഉരുളിയിലോ വഴറ്റിയെടുത്ത് പനമ്പായയ്ക്കകത്ത് ഉണക്കിയാണ് മാങ്ങാ തെര തയ്യാറാക്കുന്നത്. മധുരം കൂടുതലുള്ള മാങ്ങയാണെങ്കില്‍ അരച്ചെടുത്തതിലേക്ക് ചെറുനാരങ്ങാ നീര് ചേര്‍ക്കാം. അരപ്പ് പാനിലേക്കൊഴിച്ച് കട്ടപിടിക്കാതെ ഇളക്കണം. പിന്നീട് പായയിലോ പാത്രത്തിലോ പുരട്ടി ഉണക്കിയെടുത്ത് ഉണ്ടാക്കുന്ന കൊതിയൂറുന്ന മാങ്ങാ തെരയ്ക്ക് അസാധ്യരുചിയാണ്. 

"നിങ്ങളുടെ വേനല്‍ദിനങ്ങളില്‍ മാമ്പഴത്തിന്റെ മാധുര്യം നിറയട്ടെ, സ്വാദേറിയ, പോഷകങ്ങളാല്‍ സമ്പന്നമായ മാങ്ങാ തെര വീട്ടിലുണ്ടാക്കാവുന്ന ലഘുഭക്ഷണമാണ്. മാങ്ങയുടെ രുചി വേനലിനുശേഷവും കാത്തുവെക്കാനുള്ള ഒരു മികച്ച മാര്‍ഗമാണിത്", അഞ്ജു പോസ്റ്റില്‍ കുറിച്ചു. നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായെത്തിയത്.