കുഞ്ഞുമക്കളുടെ കുരുത്തക്കേടുകൾ ഏറ്റവുമധികം വിലപ്പോവുന്നത് അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും മുന്നിലാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും അതു വ്യക്തമാക്കുന്നൊരു വീഡിയോ ആണ്. പാചകം ചെയ്യുന്ന മുത്തശ്ശിയെ പിരിപിരിപ്പുകൊണ്ട് പൊറുതുമുട്ടിക്കുന്ന കൊച്ചുമോനാണ് വീഡിയോയിലുള്ളത്. 

To advertise here,

കുക്കീസ് തയ്യാറാക്കുന്ന മുത്തശ്ശിയെ തുടക്കം മുതൽ ഒടുക്കം വരെ കൂടെനിന്ന് തന്നെക്കൊണ്ടാവും വിധം ശല്യം ചെയ്യുന്ന കൊച്ചുമോനാണ് വീ‍ഡിയോയിൽ. മുത്തശ്ശി പാചകത്തിനായി പുറത്തെടുക്കുന്ന ഓരോ ചേരുവകളും വായിലേക്കിടുകയും കയ്യിട്ട് മറിക്കുകയും ചെയ്യുകയാണ് ഈ കുട്ടിക്കുറുമ്പൻ. 

രണ്ടുവയസ്സുകാരനായ കേഡും മുത്തശ്ശിയുമാണ് വീഡിയോയിലുള്ളത്. കേഡിന്റെ ഇൻസ്റ്റ​ഗ്രാം പേജായ ലിറ്റിൽ ഷെഫ് കേഡ് എന്ന പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. മുമ്പും തന്റെ പാചകപരീക്ഷണങ്ങളുടെ വീഡിയോ കേഡിന്റെ പേജിലൂടെ പുറത്തുവന്നിട്ടുണ്ട്. 

വെണ്ണ എടുക്കാനാണ് മുത്തശ്ശി ആദ്യം കൊച്ചുമകനോട് പറയുന്നത്. ഇത് കൃത്യമായി ചെയ്തതിനെ അഭിനന്ദിക്കുന്നതും കാണാം. എന്നാൽ പിന്നീടങ്ങോട്ട് മുത്തശ്ശി പ്രതീക്ഷിക്കാത്തതാണ് സംഭവിക്കുന്നത്. വെണ്ണയ്ക്ക് പിന്നാലെ ബ്രൗൺഷു​ഗർ ഇടുമ്പോഴും പൊടികൾ ഇടുമ്പോഴും എന്തിനധികം പച്ചമുട്ട പൊട്ടിച്ച് ഒഴിക്കുമ്പോൾ വരെ കയ്യിട്ടിളക്കി വായിൽ വെക്കുന്ന കൊച്ചുമകനെ കാണാം. 

എന്നാൽ കൊച്ചുമകന്റെ കുരുത്തക്കേടുകളെ വഴക്കുപറയാതെ ചിരിയോടെ അവ ആസ്വദിക്കുകയാണ് മുത്തശ്ശി. നിരവധി പേരാണ് വീഡിയോക്കു കീഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഏറ്റവും ക്ഷമയുള്ള മുത്തശ്ശി എന്നും ഇങ്ങനെ പാചകം ചെയ്താൽ പാത്രത്തിലൊന്നും ബാക്കിയുണ്ടാവില്ല എന്നും പാചകത്തിനിടയ്ക്ക് തീറ്റയും ആസ്വദിക്കുന്ന കുറുമ്പൻ എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Video shows 2-year-old baking cookies with grandma