
36 വര്‍ഷം മുമ്പ് വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ ഓടുന്ന ഒരു സൈക്കിളുമായി തൊടുപുഴയില്‍ കറിപൗഡറുകള്‍ വിറ്റുനടന്ന വി.വിഷ്ണു നമ്പൂതിരിയെന്ന ചെറുപ്പക്കാരന്‍ പിന്നീട് കേരളത്തിന്റെ രൂചിക്കൂട്ടുകളുടെ ഭാഗധേയം നിര്‍ണയിച്ചു. രൂചികളുടെ ലോകത്തുനിന്ന് വിടപറയുമ്പോള്‍ അദ്ദേഹം കെട്ടിപ്പൊക്കിയ ബ്രാഹ്‌മിന്‍സ് എന്ന ബ്രാന്‍ഡിന്റെ ഗന്ധവും രുചിയും കടലും കടന്ന് ലോകമാകെ പേരെടുത്തു കഴിഞ്ഞു. സ്വപ്നംകണ്ട് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി ലോകംതന്നെ ഒപ്പം നില്‍ക്കുമെന്ന ആപ്തവാക്യം സ്വന്തം ജീവിതത്തില്‍ തെളിയിച്ചു അദ്ദേഹം.
1987-ല്‍ രണ്ട് വനിതാ തൊഴിലാളികളുമായി തൊടുപുഴ മണക്കാട്ടെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച ചെറിയ കറി പൗഡര്‍ നിര്‍മാണ യൂണിറ്റിലൂടെയായിരുന്നു തുടക്കം. പൊടിച്ച് പായ്ക്കുചെയ്ത് കറിപൗഡറുകള്‍ സൈക്കിളില്‍ കടകളിലെത്തിച്ച് പ്രോഡക്ടിന്റെ ആദ്യ വിതരണക്കാരനുമായി അദ്ദേഹം. പിന്നെയത് സ്‌കൂട്ടറായി, മിനിവാനായി, ട്രക്കുകളായി. ഇന്ന് ആ പെരുമ വിമാനവുമേറി. അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. കറിപൗഡര്‍ ബിസിനസിനുമുമ്പ് തോല്‍വിയുടെ രുചി പലവട്ടം നുണഞ്ഞിരുന്നു അദ്ദേഹം.
കൊപ്ര, വെളിച്ചെണ്ണ, ചെരിപ്പ് കച്ചവടം അങ്ങിനെ ഭാഗ്യം പരീക്ഷിക്കാത്ത മേഖലകള്‍ ചുരുക്കം-പക്ഷേ, പരാജയമായിരുന്നു ഫലം. പക്ഷേ, വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം. ഒന്ന് നഷ്ടത്തിലേക്ക് നീങ്ങുന്നത് മനസ്സിലാകുമ്പോള്‍ മറ്റൊന്നിലേക്ക് ചുവടുമാറ്റും. തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും ആത്മവിശ്വാസമായിരുന്നു ഏറ്റവും വലിയ കൈമുതല്‍. 1987-ല്‍ അദ്ദേഹം കറിപൗഡര്‍ വ്യാപാരത്തിലെത്തുമ്പോള്‍ ഈ വിപണിയില്‍ ഇന്നുള്ള മത്സരങ്ങളൊന്നുമില്ലായിരുന്നു.

പൊടികള്‍ വീടുകളില്‍ പൊടിച്ചെടുക്കുന്ന കാലഘട്ടമായിരുന്നതിനാല്‍ അന്ന് കറിപൗഡര്‍ കച്ചവടം തുടക്കത്തില്‍ ശോഭിച്ചില്ല. പക്ഷേ, ബ്രാഹ്‌മിന്‍സിന്റെ രുചിയും ഗുണനിലവാരവും-അതില്‍ അദ്ദേഹം പുലര്‍ത്തിയ ശ്രദ്ധ ഉപഭോക്താക്കളെ ആകര്‍ഷിച്ചുതുടങ്ങി. ഇതോടെ മണക്കാട് കേന്ദ്രമാക്കി സംരംഭം വിപുലപ്പെടുത്തി. 35,000 രൂപ വായ്പയെടുത്ത് ചെറിയ പൊടിയന്ത്രം സ്വന്തമാക്കി കൂടുതല്‍ ഉത്പാദനമാരംഭിച്ചു. ഇതിന് കേരളത്തിന്റെ പലഭാഗങ്ങളിലും ആവശ്യക്കാരുമായി.
കറിപൗഡറിനു പിന്നാലെ അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും ധാന്യങ്ങളും ബ്രാഹ്‌മിന്‍സ് വിപണിയിലെത്തിച്ചു. അപ്പോഴും ഗുണനിലവാരത്തില്‍ മാറ്റമുണ്ടാകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
തൊഴിലാളികളോടും സ്വന്തം കുടുംബാംഗങ്ങളെന്ന പോലെയായിരുന്നു ഇടപെട്ടിരുന്നത്. ബ്രാഹ്‌മിന്‍സിന്റെ വളര്‍ച്ചയുടെ പടവുകളെല്ലാം സ്ഥാപനത്തിന്റെ, തൊടുപുഴയാറിന്റെ കരയിലുള്ള ഓഫീസിലെ ചുമരുകളില്‍നിന്ന് വായിച്ചും കണ്ടുമറിയാം. ഓരോ വര്‍ഷവും 9300 ടണ്‍ ഭക്ഷ്യോത്പന്നങ്ങളാണ് ബ്രാഹ്‌മിന്‍സ് വിപണിയിലെത്തിക്കുന്നത്. നെല്ലാട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും പൈങ്ങോട്ടൂരിലും ബ്രാഹ്‌മിന്‍സിന്റെ അത്യാധുനിക യന്ത്രസംവിധാനങ്ങളോടുകൂടിയ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ബ്രാഹ്‌മിന്‍സിനെ അടുത്തിടെ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റെടുത്തിരുന്നു. മക്കളായ ശ്രീനാഥ് വിഷ്ണുവിനെയും സത്യ വിഷ്ണുവിനെയും താന്‍ കെട്ടിപ്പൊക്കിയ സ്ഥാപനത്തിന്റെ സാരഥ്യമേല്‍പ്പിച്ചാണ് രുചിക്കൂട്ടുകളില്ലാത്ത ലോകത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കം.
Content Highlights: the success story of brahmins curry powder and its owner vishnu namboodiri
Published: 28 Jun 2023, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented