ട്ടുവര്‍ഷം മുന്‍പ് മകളുടെ പിറന്നാള്‍ ദിനത്തിലുണ്ടാക്കിയ കെയ്ക്ക് തന്റെ ജീവിതം മാറ്റിമാറിക്കുമെന്ന് വൈത്തിരി സ്വദേശിനിയായ ജസീല യാസീര്‍ അന്ന് വിചാരിച്ചിട്ടുണ്ടാവില്ല. എന്നാല്‍, ഇന്ന് മധുരപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ജസീലയുടെ 'സ്വീറ്റ് കെയ്ക്ക്'. ചോക്ലേറ്റ് ട്രഫിള്‍, റഷ്യന്‍ ഹണി കെയ്ക്ക്, നട്ടി ബബിള്‍, ടെന്‍ഡര്‍ കോക്കനട്ട്... അങ്ങനെ 35-ല്‍പ്പരം വ്യത്യസ്ത കെയ്ക്കുകള്‍. 

To advertise here,

ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ബര്‍ത്ത്‌ഡേ, വിവാഹ വാര്‍ഷികം തുടങ്ങിയ പരിപാടികള്‍ക്കെല്ലാം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ജസീല പറയുന്നു. ആളുകള്‍ക്ക് പ്രിയമേതാണെന്ന് ചോദിച്ചാല്‍ ചോക്ലേറ്റ് ട്രഫിളും ടെന്‍ഡര്‍ കോക്കനട്ടുമാണെന്ന് ജസീലയുടെ മറുപടി.

തന്റെ പതിനേഴാം വയസ്സില്‍ വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമുള്ള പ്രവാസജീവിതം. ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളില്‍ കെയ്ക്ക് ഉണ്ടാക്കുന്ന വീഡിയോകള്‍ കാണുമായിരുന്നു. അങ്ങനെ അതിനോടുള്ള കൗതുകം വളര്‍ന്നു. വീട്ടിലുള്ളവര്‍ക്ക് താന്‍ ഉണ്ടാക്കുന്ന മധുരം പകരാന്‍തന്നെ തീരുമാനിച്ചു. എന്നാല്‍, ആദ്യ പരീക്ഷണം പൂര്‍ണ പരാജയം. പിന്നീട് പല തവണ പരീക്ഷിച്ചെങ്കിലും അതും പരാജയത്തിലവസാനിച്ചു.

കാണുന്നതുപോലെ അത്ര നിസ്സാരമല്ല സംഭവം എന്ന് മനസ്സിലായി. നാട്ടില്‍ തിരിച്ചെത്തിയശേഷവും തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഓരോ തവണ പരാജയപ്പെടുമ്പോഴും അതില്‍നിന്ന് കൂടുതല്‍ പഠിച്ചു. പിന്നീട് വിജയിക്കണമെന്ന് വാശിയായി. അങ്ങനെ എട്ടുവര്‍ഷം മുന്‍പ് ജൂണ്‍ നാലിന് തന്റെ മൂത്തമകളുടെ പിറന്നാള്‍ദിനത്തില്‍ വീണ്ടും കെയ്ക്കിനുള്ള പരീക്ഷണം തുടര്‍ന്നു. അന്ന് കെയ്ക്ക് കഴിച്ചവര്‍ക്കെല്ലാം അത് ഏറെ ഇഷ്ടപ്പെട്ടു. 

അത് കഴിച്ച അയല്‍വാസി തന്റെ വിവാഹ വാര്‍ഷികത്തിന് ലൗ ഷേപ്പിലൊരു കെയ്ക്ക് ഓര്‍ഡര്‍ ചെയ്തു. ''എന്നാല്‍, ആ ഷേപ്പ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു പോലും അന്ന് എനിക്കറിയില്ലായിരുന്നുവെങ്കിലും ഞാന്‍ അതേറ്റെടുത്തു. കെയ്ക്ക് കഴിച്ചവരെല്ലാം നന്നായി എന്നു പറഞ്ഞപ്പോഴുണ്ടായ സന്തോഷം'' - പറയുമ്പോള്‍ ജസീലയുടെ കണ്ണുകള്‍ തിളങ്ങി. പിന്നീട് പരിചയക്കാര്‍ ഓര്‍ഡറുകള്‍ തരാന്‍ തുടങ്ങി. അങ്ങനെ പതിയെ ഹോബിയെ ഒരു ബിസിനസാക്കി മാറ്റി.

കുടുംബത്തിന്റെ പൂര്‍ണപിന്തുണ കൂടിയായപ്പോള്‍ അതൊരു വിജയകഥയായി. കോവിഡിനെത്തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് യാസീര്‍ ജസീലയ്‌ക്കൊപ്പം കൂടി. കെയ്ക്ക് മാത്രമല്ല നല്ല ആവി പറക്കുന്ന കോക്കനട്ട് ബിരിയാണിയും തനിക്ക് വഴങ്ങുമെന്ന് 'മാതൃഭൂമി റോസ് ബ്രാന്‍ഡ് കേരള ബിരിയാണി ക്വീന്‍' മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി ഈ സംരംഭക തെളിയിച്ചു. പാചകത്തില്‍ ഒട്ടേറെ അവാര്‍ഡുകള്‍ ഈ സംരംഭകയെ തേടിയെത്തിയിട്ടുണ്ട്.