
ചില്ലു കൂട്ടിലെ അവസാന മധുരവും വിറ്റഴിച്ച്, ഓര്‍മകളില്‍ പലഹാരക്കൊതി ബാക്കിയാക്കി ശാന്താ ബേക്കറി ചരിത്രത്തിലേക്ക്. ആറര പതിറ്റാണ്ട് തലസ്ഥാനത്തിന് മധുരം വിളമ്പിയ പുളിമൂട് ശാന്താ ബേക്കറി വെള്ളിയാഴ്ച പൂട്ടും.
തലശ്ശേരിയില്‍ തുടങ്ങിയ രുചിപ്പെരുമയുടെ ശേഷിപ്പാണ് 1940-ല്‍ പുളിമൂട്ടില്‍ തുടങ്ങിയ ഈ ബേക്കറി. പഴയ തലമുറയ്ക്ക് ക്രിസ്മസ് കെയ്‌ക്കെന്നാല്‍ ശാന്താ ബേക്കറിയിലെ കെയ്ക്കായിരുന്നു. 1970കളില്‍ ആദ്യമായി 'ഡോണറ്റ്' തിരുവനന്തപുരത്ത് അവതരിപ്പിച്ചപ്പോള്‍ 'ഇനിപ്പു വട' എന്നു വട്ടപ്പേരു വീണതും രുചി ചരിത്രം. ശാരീരിക അവശതകള്‍ കാരണമാണ് ബേക്കറി പൂട്ടുന്നതെന്ന് ഉടമ പി.എം.കെ. പ്രേംനാഥ് പറഞ്ഞു. രണ്ടുവര്‍ഷം മുന്‍പ് പൂട്ടാന്‍ തീരുമാനിച്ചതാണെങ്കിലും കഴിയുന്നത്രയും നീട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ ക്രിസ്മസ് കെയ്ക്ക് നിര്‍മിച്ച തലശ്ശേരി മാമ്പള്ളി ബാപ്പുവിന്റെ പിന്‍തുടര്‍ച്ചക്കാരനാണ് പ്രേംനാഥും കുടുംബവും. ഒരുകാലത്ത് ജാപ്പനീസ് കെയ്ക്കും ബട്ടര്‍ ബീന്‍സും ആപ്പിള്‍ കെയ്ക്കും ചോക്കലേറ്റ് ബോള്‍സുമൊക്കെ മലയാളിയുടെ നാവിലെത്തിയത് ശാന്താ ബേക്കറിയിലൂടെയായിരുന്നു. കല്യാണത്തലേന്ന് ശാന്തയിലെ പൊതികെയ്ക്കും പ്രധാന വിഭവമായിരുന്നു. ഒരു പനി വന്നാല്‍ ശാന്തയിലെ റൊട്ടി തന്നെ വാങ്ങണമെന്ന് ഡോക്ടറുടെ കുറിപ്പടിപോലുമുണ്ടായ കാലം. പുളിമൂടു വഴി പോകുമ്പോള്‍ റൊട്ടിഗന്ധം മാടിവിളിച്ച് കൊതിപ്പിച്ചിരുന്ന പലഹാരപ്പുര.
തലശ്ശേരി മാമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറി ഉടമ ബാപ്പു, മര്‍ഡോക്ക് എന്ന ഇംഗ്ലീഷുകാരന്റെ ആവശ്യപ്രകാരമാണ് ആദ്യമായി ബ്രിട്ടീഷ് രീതിയില്‍ കെയ്ക്ക് നിര്‍മിച്ചത്. ബ്രഡ്ഡും ബണ്ണും മാറി അങ്ങനെ കെയ്ക്കുകള്‍ അരങ്ങു വാഴാന്‍ തുടങ്ങി.
1940-ല്‍ ബാപ്പുവിന്റെ മരുമകന്‍ പമ്പള്ളി ഗോപാലന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ബേക്കറി തുടങ്ങുന്നത്. പിന്നീട് മകന്‍ ഗോപാലനിലേക്കും അദ്ദേഹത്തിന്റെ മകന്‍ പ്രേംനാഥിലേക്കും ഈ ബേക്കറി കൈപ്പുണ്യത്തോടെ കൈമാറപ്പെട്ടു. കുട്ടിക്കാലത്തേ മരണപ്പെട്ട ഈ കുടുംബത്തിലെ ശാന്ത എന്ന പെണ്‍കുട്ടിയുടെ പേരും തുടര്‍ന്നു. കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലും ഇടംപിടിച്ച കുടുംബമാണിത്. ഒരുകാലത്ത് രഞ്ജി ക്രിക്കറ്റിന്റെ ജീവശ്വാസമായിരുന്നു പ്രേംനാഥ് അടക്കമുള്ള ഈ കുടുംബക്കാര്‍. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ പി.കെ.എം.മോഹന്‍ദാസും രഘുനാഥും കേരള ക്രിക്കറ്റ് ടീം കളിക്കാരായിരുന്നു.
പില്‍ക്കാലത്ത് ചെറുതും വലുതുമായ മറ്റ് ബേക്കറികള്‍ നഗരത്തില്‍ നിറഞ്ഞതോടെ ഈ ബേക്കറി പഴയ പ്രതാപം വിടാതെ ഓരം ചേര്‍ന്നുനിന്നു. ഇവരുടെ വഴുതക്കാട്ടുള്ള ബേക്കറി തുടര്‍ന്നും പ്രവര്‍ത്തിക്കും. കാര്യങ്ങള്‍ നോക്കാന്‍ ഭാര്യ ആശയുണ്ടാകും. ''ഇത്രനാളും ഇതിനുള്ളിലായിരുന്നു. ഇനി കാടുകള്‍ കയറി കുറേ യാത്ര ചെയ്യണം. മൈതാനത്തിറങ്ങി ഒരു ഓവര്‍ മുഴുവന്‍ ബോള്‍ ചെയ്യണം''പ്രേംനാഥിന്റെ ഇനിയുള്ള ആഗ്രഹങ്ങള്‍ ഇങ്ങനെയൊക്കെയാണ്.
Content Highlights: pulimood shantha bakery which served sweets to the capital
Published: 08 Jan 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented