കോഴിക്കോട് ഓപ്പണ്‍ ബീച്ചിന് സമീപമുള്ള കവാടം കടന്ന് നമ്മളെത്തുന്നത് ഭംഗിയില്‍ പണിതീര്‍ത്ത കഫേയുടെ മുന്നിലേക്കാണ്. വാതില്‍തുറന്നാല്‍ വ്യത്യസ്തമായി സജ്ജീകരിച്ച റെസ്റ്റോറന്റിലേക്കെത്താം. വിശാലമായ സ്ഥലവും പ്രൗഢഗംഭീരമായ ഇരിപ്പിടങ്ങളും അവിടെ സ്വീകരിക്കാനുണ്ട്. ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. പുസ്തകം വായിച്ച് കടലിന്റെ ഭംഗിയും ആസ്വദിച്ച് ചായകുടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നല്ല 'വര്‍ക്ക് സ്‌പെയ്‌സി'ലേക്ക് പോകാം.

To advertise here,

മണിക്കൂറില്‍ 100 രൂപയാണ് 'വര്‍ക്ക് സ്‌പെയ്‌സി'ന് നല്‍കേണ്ടത്. പറഞ്ഞുവരുന്നത് കോഴിക്കോട് ബീച്ചില്‍ ഓപ്പണ്‍ സ്റ്റേജിന് സമീപമുള്ള കെ.ടി.ഡി.സി.യുടെ 'കഫേ പൊളിറ്റി'നെക്കുറിച്ചാണ്. രാവിലെയും വൈകീട്ടും ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം വ്യത്യസ്തമായ രുചി നുകരാനും ഒട്ടേറെപ്പേര്‍ എത്തുന്ന സ്ഥലംകൂടിയാണ് കഫേ പൊളിറ്റി. ഐ.ടി. കമ്പനികളിലും മറ്റും ജോലിചെയ്യുന്നവര്‍ പലരും കഫേ പൊളിറ്റിയില്‍ ലാപ്ടോപ്പുമായിയെത്തി ജോലിചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് സ്ഥിരംകാഴ്ചയാണ്.

താഴെയുള്ള റെസ്റ്റോറന്റിന് നടുവിലുള്ള പിരിയന്‍ ഗോവണി കയറിയാല്‍ ചെന്നത്തുന്നത് കിടക്കാനും വിശ്രമിക്കാനും കഴിയുന്ന ഇരിപ്പിടങ്ങളിലേക്കാണ്. അവിടെ മനോഹരമായ പച്ചയും ചുമപ്പും നീലയും നിറത്തിലുള്ള പഴയ ഡിസൈനിലുള്ള അലങ്കാരവിളക്കുകളുണ്ട്. അവ തെളിയുമ്പോള്‍ പഴമയും പുതുമയും ഒരുപോലെ കണ്ണുകളിലും മനസ്സിലും നിറയും.

കടല്‍ക്കാറ്റുകൊണ്ട് കാഴ്ചകള്‍കണ്ട് ഭക്ഷണം കഴിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ 'ഓപ്പണ്‍ കഫേ' സൗകര്യവും കാത്തിരിക്കുന്നുണ്ട്. ഭക്ഷണത്തിലെ വ്യത്യസ്തതയാണ് മറ്റൊരു പ്രത്യേകത. നാടന്‍ ഭക്ഷണങ്ങളായ ചട്ടിപ്പത്തിരി, ഇലയട മുതല്‍ യൂറോപ്യന്‍ ഭക്ഷണങ്ങളായ പെരി പെരി ഫ്രൈസ്, പെരി പെരി ചിക്കന്‍ സ്റ്റീക്ക് വരെയുള്ളവ ഇവിടെ കിട്ടും. അതില്‍ പോര്‍ച്ചുഗീസ് മത്സ്യവിഭവമായ 'ബോലിനോ ദേ ബെക്കെനൗ' തലയുയര്‍ത്തി നില്‍ക്കും. ഇതിനെല്ലാംപുറമേ ജ്യൂസുകളും ഐസ്‌ക്രീമും ഉള്‍പ്പെടെ എണ്ണിയാല്‍ ഒടുങ്ങാത്ത വിഭവങ്ങള്‍ ഇവിടെയുണ്ട്. ബിരിയാണിയടക്കമുള്ളവ വൈകാതെ ലഭ്യമായിത്തുടങ്ങും.

'സേവ് ദ ഡേറ്റ്' ഫോട്ടോഷൂട്ട് കുറഞ്ഞ ചെലവില്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. 3500 രൂപ മുതലാണ് ഇതിന്റെ നിരക്ക് തുടങ്ങുന്നത്. ജന്മദിനം കുറഞ്ഞ ചെലവില്‍ ആഘോഷിക്കാനും ആളുകള്‍ കഫേയിലേക്ക് എത്തുന്നുണ്ട്.

കേക്കുമുറിച്ച് പരസ്പരം ആശംസകള്‍ നേര്‍ന്നും പാട്ടുപാടിയും ആഘോഷിക്കാന്‍ നഗരത്തില്‍ ഇതുപോലെ അധികം ഇടങ്ങളില്ല. അവധിദിവസങ്ങളില്‍ രാവിലെയും വൈകുന്നേരങ്ങളിലുമാണ് കൂടുതലാളുകളെത്തുന്നത്.

കെ.ടി.ഡി.സി.ക്ക് ഒട്ടേറെ റെസ്റ്റോറന്റുകളുണ്ടെങ്കിലും ഇത്തരത്തില്‍ കഫേ രീതിയിലുള്ള സജ്ജീകരണം ആദ്യമാണ്. രാവിലെ 11മുതല്‍ രാത്രി 11വരെയാണ് പ്രവര്‍ത്തനസമയം.