സൂപ്പര്‍ ഫുഡ് എന്ന്  വിശേഷിക്കുന്ന ഭക്ഷണമാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണിത്. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നല്‍കാറുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ പ്രയോജനകരമാണ്. 

To advertise here,

അരി, ചോളം അല്ലെങ്കില്‍ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാഗിയില്‍ പോളിഫെനോളുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഇതിനുള്ളത്. അതിനാല്‍ റാഗി കഴിച്ചാലും ഭക്ഷണത്തോടുള്ള ആസക്തി കുറയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയെ നേരിടാന്‍ റാഗിയുടെ പതിവായുള്ള ഉപയോഗം വളരെ ഗുണം ചെയ്യും. റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രത്യേകിച്ചും ട്രിപ്‌റ്റോഫാനും അമിനോ ആസിഡുകളും ഉത്കണ്ഠ കുറയ്ക്കാന്‍ ഗുണം ചെയ്യുന്നു. കൂടാതെ സമ്മര്‍ദ്ദം, ഹൈപ്പര്‍ ടെന്‍ഷന്‍, , തലവേദന തുടങ്ങി സ്‌ട്രെസ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.

നാരുകള്‍, ധാതുക്കള്‍, അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് റാഗി. ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലൊരു ഭക്ഷണമാണ്. റാഗിയില്‍ അടങ്ങിയിരിക്കുന്ന മെഥിയോണിന്‍, ലൈസിന്‍ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകള്‍ ചര്‍മകോശങ്ങളിലെ ചുളിവുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ചര്‍മപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമപരിഹാരം കൂടിയാണിത്. റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ കലവറയാണ്. ഇത് വിറ്റാമിന്‍ സി അളവ് വര്‍ദ്ധിപ്പിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും കൂടാതെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രത്യേകിച്ച് വിളര്‍ച്ചയുള്ളവര്‍ക്ക് വളരെ നല്ലതാണ്. 
 
മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്താനും റാ​ഗി നല്ലതാണ്. ഇതില്‍ കാത്സ്യത്തോടൊപ്പം ജീവകം ഡിയും അടങ്ങിയിട്ടുണ്ട്.  ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിര്‍ന്നവരില്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)