ഭക്ഷണശീലമാണ് നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മാത്രമേ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുവാന്‍ സാധിക്കുകയുള്ളൂ. 

To advertise here,

അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യം മാത്രമാണ് വേണ്ടതെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി, വിറ്റാമിന്‍ കെ (കടും പച്ച ഇലക്കറികളില്‍ ഇതടങ്ങിയിട്ടുണ്ട്), വിറ്റാമിന്‍ എ (സിട്രസ് പഴങ്ങളില്‍ ഇതടങ്ങിയിട്ടുണ്ട്), പ്രോട്ടീന്‍, സിങ്ക് (നട്ട്‌സില്‍ ഇവ അടങ്ങിയിട്ടുണ്ട്) തുടങ്ങിയ പോഷകങ്ങളും ഇതിന് ഒരുപോലെ പ്രധാന്യമുള്ളതാണ്. എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.

നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികള്‍. പോഷകമൂല്യമേറെയുള്ള ചീരയില്‍ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. അതിനാല്‍ ചീര കഴിയ്ക്കുന്നത് പതിവാക്കുന്നത് നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 


പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. മാത്രമല്ല വിറ്റാമിന്‍ ഡിയും മുട്ടയില്‍ ധാരാളമുണ്ട്. കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. ഇതില്‍ കൊഴുപ്പ് കുറവാണ്. കൂടാതെ അവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം.

ചീസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊന്ന്. കാത്സ്യവും പ്രോട്ടീനും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീസ് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തണത് നല്ലതാണ്.പ്രോട്ടീനിന്റെ കലവറയാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാത്സ്യം  അടങ്ങിയിരിക്കുന്നു.

ബീന്‍സില്‍ ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)