പപ്പായ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. വീടുകളില്‍ എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണിത്. വിറ്റാമിനുകളായ എ, ബി, സി, ഇ, പൊട്ടാസ്യം, ഫൈബര്‍, മഗ്‌നീഷ്യം, കാത്സ്യം, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ശരീരഭാരം കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ സഹായിക്കും. 

To advertise here,

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പപ്പായ വളരെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍  ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ പപ്പായയ്ക്ക് കഴിവുണ്ട്. ചര്‍മ്മസംരംക്ഷണത്തിനും  തലമുടിയുടെയും ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും. പതിവായി കഴിച്ചാല്‍ തിളക്കമുള്ള ചര്‍മ്മവും യുവത്വവും വീണ്ടെടുക്കാം.എന്നാല്‍ മുറിച്ചുവെച്ചാല്‍ അതിവേഗത്തില്‍ കേടായിപ്പോകുന്ന ഒന്നാണ് പപ്പായ. എന്നാല്‍ പപ്പായ കേടായിപ്പോകാതിരിക്കാന്‍ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാം.

പപ്പായ വെറുതെ മുറിച്ച് വെച്ചാല്‍ അതിവേഗം കേടുവന്നുപോകും. പകരം പപ്പായ  ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞശേഷം,  പോളിത്തീന്‍ ബാഗിനുള്ളിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍  അവ കൂടുതല്‍ നേരം ഫ്രഷായി ഇരിക്കും. വെറുതെ മുറിച്ച് ഫ്രിഡ്ജില്‍ വെക്കുമ്പോളാണ് വേഗം കേടാകുന്നത്.

പപ്പായയുടെ  മുറിച്ച ഭാഗം ഒരു പേപ്പറില്‍ പൊതിഞ്ഞ് വെച്ചാല്‍ രണ്ടു മുതല്‍ മൂന്നും ദിവസം വരെ ഫ്രിഡ്ജില്‍ കേടാകാതെയിരിക്കും.ക്‌ളിംഗ് ഫിലിം കൊണ്ട് പൊതിഞ്ഞതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍  രുചി വ്യത്യാസമില്ലാതെ ഫ്രഷായി തന്നെ മുറിച്ച പപ്പായ കഴിക്കാം.

പപ്പായ മുറിച്ചതിന് ശേഷം വിത്തുകള്‍ നീക്കം ചെയ്തു വെക്കണം. ശേഷം എയര്‍ടൈറ്റ് കണ്ടെയ്‌നറില്‍ വെച്ചും ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പപ്പായ ക്യൂബുകളായി മുറിച്ച് സിപ് ലോക്ക് ബാഗുകളില്‍ സൂക്ഷിക്കാം. ഇത് ചെയ്താല്‍ പപ്പായയെ ഫ്രഷാക്കിവെക്കും.