ഭീരസദ്യയുണ്ടു, വയറ്റില്‍ ഇനി സ്ഥലമുണ്ടോ? സംശയം. എന്നാലും അടുത്തു വിളമ്പുന്ന പായസംകുടിക്കാം. അടപ്രഥമന്‍ തന്നെ പോരട്ടെ ആദ്യം. പിന്നെ പാല്‍പ്പായസവും. ബോളിയോ ലഡ്ഡുവോ വിളമ്പിയിട്ടുണ്ടെങ്കില്‍ അതും. ഇത് ശരിയാണ് വയറുനിറയെ കഴിച്ചാലും മധുരമാവാം. സ്വാഭാവികമാണ്. അത്താഴം കഴിഞ്ഞ് സ്വല്പമെങ്കിലും മധുരം കഴിക്കുന്നവര്‍ ധാരാളമുണ്ട്. സ്വല്പം ശര്‍ക്കരയെങ്കിലും പൊട്ടിച്ചുതിന്നണം എന്ന് നിര്‍ബന്ധമുള്ളവരെ അറിയാം. ഇതിന്റെ പിന്നില്‍ ഒരു ശാസ്ത്രമുണ്ടെന്ന് ഇന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. നമുക്കു മാത്രമല്ല ഈ ശീലം, ജന്തുക്കള്‍ക്കുമുണ്ട്.

To advertise here,

ആഹാരവസ്തുക്കള്‍ നമുക്കുതരുന്ന ചോദനകളാണ് എന്തു കഴിക്കണം എത്ര കഴിക്കണം എന്ന തീരുമാനമെടുക്കാന്‍ സഹായിക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എത്ര വേണേലും കഴിക്കാം എന്നാണ് നമ്മുടെ തോന്നല്‍. ഇങ്ങനെ ചില മാനസികനിലകളാണ് വയറുനിറഞ്ഞു, തൃപ്തിയായി എന്നൊക്കെ നമ്മെ ധരിപ്പിക്കുന്നത്. ഒരു പ്രത്യേക ഭക്ഷണം കൂടുതല്‍ കഴിക്കുമ്പോള്‍ അതുതരുന്ന സുഖം കുറഞ്ഞുപോവുക സാധാരണമാണ്. കഴിക്കുന്നത് എന്താണ് എന്നത് ഇതില്‍ പ്രധാനമാണ്. പൂര്‍ണതൃപ്തി വന്നുകഴിഞ്ഞാല്‍ മറ്റൊരു സ്വാദ് അനുഭവിക്കാന്‍ തയ്യാറാകുകയാണ് നമ്മുടെ മനസ്സും ശരീരവും. അത് മധുരമുള്ളതാണെങ്കില്‍ വയറുനിറഞ്ഞു എന്നത് വകവെക്കാതെ നമ്മുടെ തലച്ചോര്‍ അതിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെയാണ് നിറവയറിലേക്ക് പായസം ചെലുത്താന്‍ സാധിക്കുന്നത്.

ഈ പ്രതിഭാസത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ അറിവ് ലഭിച്ചിരിക്കയാണ്. മനുഷ്യര്‍ മാത്രമല്ല, പല സസ്തനികളും ഇങ്ങനെ നിറവയറിലേക്ക് മധുരം ചെലുത്താന്‍ ആസക്തിയുള്ളവരത്രേ. തലച്ചോറിലെ ചില ന്യൂറോണ്‍ വലയങ്ങളുടെ പ്രവര്‍ത്തനമാണ് ഇതിനുപിന്നില്‍. കൃത്യമായിപ്പറഞ്ഞാല്‍ തലച്ചോറിന്റെ ഉള്ളിന്റെയുള്ളില്‍ ഏകദേശം മധ്യഭാഗത്തുള്ള ഹൈപ്പോതലാമസില്‍നിന്ന് തൊട്ടടുത്തുള്ള തലാമസിലേക്ക് നീളുന്ന ന്യൂറോണുകളാലാണിത്. തലാമസ് ആകട്ടെ നല്ല സ്വാദുള്ള സാധനങ്ങള്‍ തിരിച്ചറിയാനും ഉള്‍പ്രേരണാനുസാരിയായ പെരുമാറ്റങ്ങള്‍ക്കും സഹായിക്കുന്ന ഇടമാണു താനും.

മധുരം തരൂ തരൂ

തീറ്റപ്രകൃതത്തെ സവിശേഷമാക്കുന്നത് ചില ബാഹ്യചോദനകളും (ആഹാരപദാര്‍ഥങ്ങളുടെ രൂപഭാവങ്ങള്‍, ഗന്ധം , കിട്ടാനുള്ള സാധ്യത) വിശപ്പ്, നിറവ് എന്നീ ആന്തരികചോദനകളുമാണ്. ഇവ രണ്ടും സ്വരൂപിച്ച് സങ്കലിച്ചെടുക്കുന്നത് തലച്ചോറില്‍ സ്ഥിരപ്പെടുത്തിയിട്ടുള്ള ചില അവശ്യ ന്യൂറല്‍ സര്‍ക്യൂട്ടുകളാണ്. പട്ടിണിയെ പ്രതിരോധിക്കാനും വളര്‍ച്ചസമയത്തും പ്രജനനകാലത്തും ഊര്‍ജാവശ്യങ്ങള്‍ക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കാനും ഈ സര്‍ക്യൂട്ടുകള്‍ നിഷ്ണാതരാണ്. പ്രതിഫലനകേന്ദ്രങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ആഹാരം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മധുരം കഴിക്കാനുള്ള അഭിനിവേശം പല സസ്തനികള്‍ക്കുമുണ്ട്. പിറന്ന കുഞ്ഞുങ്ങള്‍പോലും കൂടുതല്‍ മധുരം കലര്‍ന്ന പാല്‍ കൂടുതല്‍ അകത്താക്കും. മാംസാഹാരംകഴിക്കുന്ന സസ്തനികളും തേന്‍കൂട് കണ്ടാല്‍ വിടില്ല. മധുരമുള്ള പദാര്‍ഥങ്ങളൊക്കെ വന്‍തോതില്‍ ഊര്‍ജം പ്രദാനം ചെയ്യുന്നവയാണ്.

ഈ ആസക്തിയുടെ തന്മാത്രാശാസ്ത്ര/ ഫിസിയോളജി വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എലികളില്‍ നടത്തിയ, തികച്ചും അത്യാധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പഠനങ്ങളാണിവ. മേല്‍ച്ചൊന്ന ഹൈപ്പോതലാമസും തലാമസും ഉള്‍പ്പെടുന്നു ഈ വയറുനിറയല്‍ തോന്നലിനും അതിനുശേഷം മധുരം കഴിക്കാനുള്ള ആവേശത്തിനും. ആഹാരം കഴിക്കുമ്പോള്‍ രക്തത്തിലേക്ക് സ്രവിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകള്‍ ഹൈപ്പോതലാമസിനെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കയാണ്. ആഹാരം കുറെ അകത്തുചെല്ലുമ്പോള്‍ ഹൈപ്പോതലാമസിലെ ചില പ്രത്യേക ന്യൂറോണുകള്‍ക്ക് 'വയറുനിറഞ്ഞു' എന്ന കാര്യം പിടികിട്ടുകയാണ്, അവ അടുത്തുള്ള മറ്റൊരുകേന്ദ്രത്തിലേക്ക് ചില രാസസംവേദനങ്ങള്‍ അയക്കും. തൃപ്തി(നിറവ്) അനുഭവിക്കാന്‍ സമയമായെന്ന്. വിശപ്പില്ല, ഇനി ഒട്ടും കഴിക്കാന്‍ വയ്യെന്ന് നമുക്ക് തോന്നല്‍ വന്നുകഴിഞ്ഞു. ഇത് സഭവിക്കുമ്പോള്‍ത്തന്നെ മേല്‍പ്പറഞ്ഞ നിശ്ചിതകേന്ദ്രം വേറൊരു സന്ദേശം തൊട്ടു മുകളിലുള്ള തലാമസിനെ അറിയിക്കുകയാണ് ഇനി മധുരത്തിനുള്ള ആവേശം തോന്നിക്കോളൂവെന്ന്. വളരെ നീണ്ട ഒരുപറ്റം ന്യൂറോണുകളാണീ സന്ദേശവാഹകര്‍, തലാമസില്‍ എത്താന്‍പാകത്തിന് ഈ ന്യൂറോണുകള്‍ ഉടന്‍ 'എന്‍ഡോര്‍ഫിന്‍' എന്ന സുഖസന്തോഷദായക ന്യൂറോഹോര്‍മോണ്‍ പുറപ്പെടുവിക്കും. (ഏന്‍ഡോര്‍ഫിന്‍ ലഹരി ഉളവാക്കുന്ന കറുപ്പിനു സമാനമാണ്) ഈ എന്‍ഡോര്‍ഫിന്‍ ആകട്ടെ കറുപ്പ് തന്മാത്രകള്‍ പറ്റിപ്പിടിക്കാനുള്ള സ്വീകരണികളെ ഉത്തേജിപ്പിക്കും. മധുരം തരൂ എന്ന തോന്നല്‍ നമ്മളില്‍ ഉളവാകുകയാണവ. സാമ്പാറും അവിയലും ഒക്കെ ചേര്‍ന്ന രസികന്‍ ഊണ്, അല്ലെങ്കില്‍ പൊറോട്ടയുടെ കൂടെ ചിക്കനോ ബീഫോ നിറയെ കഴിച്ചു. പക്ഷേ, എന്‍ഡോര്‍ഫിന്‍ നിര്‍ദേശിക്കുന്നു ഇനി പായസമോ കെയ്ക്കോ ആവാമെന്ന്.

എന്നാല്‍, മധുരം അധികം കഴിക്കുന്നത് അമിതവണ്ണ (obesity)ത്തിനു കാരണമാകും നമുക്കറിയാം. മേല്‍പ്പറഞ്ഞ അറിവുകള്‍ അമിതവണ്ണചികിത്സയ്ക്ക് ഉപയോഗിക്കാന്‍ പറ്റുകയില്ലേ? ആഹാരസുഖം വൈകാരികസ്ഥിതി (mood)യുമായി ബന്ധപ്പെട്ടതാണ്. അമിതവണ്ണത്തിനുള്ള ചില മരുന്നുകള്‍ മേല്‍പ്പറഞ്ഞ കറപ്പ് സ്വീകരിണികളെ നിര്‍വീര്യമാക്കാനുള്ളവയാണ്, തൂക്കം കുറയുകയുംചെയ്യും. എന്നാല്‍, ഈ മരുന്ന് കഴിച്ച പലര്‍ക്കും വിഷാദം വരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വിഷാദരോഗമുള്ളവര്‍ക്ക് ആഹാരത്തില്‍നിന്നുള്ള സന്തോഷം വളരെ കുറവാണ്. മധുരപ്രിയത കുറയ്ക്കാനുള്ള മരുന്നുകള്‍ ആകപ്പാടേ ആഹാരത്തിന്റെ അളവുകള്‍ കുറച്ചേക്കാം, പക്ഷേ, ആഹാരസുഖം ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

അധികമധുരത്തോടുള്ള ആസക്തി മരുന്നുകള്‍മൂലം നിയന്ത്രിക്കാം. പക്ഷേ, ഇത് കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ആഹാരത്തോടുള്ള പ്രതിപത്തി കൂട്ടുമത്രേ; ഇതിന് അടിസ്ഥാനമായ ന്യൂറോണ്‍ വലയങ്ങള്‍ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍. പല മധുരാഹാരങ്ങളിലും കൊഴുപ്പിന്റെ ആധിക്യം ഉണ്ടുതാനും. ഇവയുടെ അധിക ഉപയോഗം പ്രമേഹം, അമിതവണ്ണം, കരളിന്റെ ചില അസുഖങ്ങള്‍ എന്നിങ്ങനെ ചയാപചയ അസുഖ (metabolic disorders)ങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. തലച്ചോര്‍ കേന്ദ്രങ്ങള്‍ ഇതൊക്കെ നിയന്ത്രിക്കുന്നതെങ്ങനെയെന്ന് കൂടുതല്‍ അറിയേണ്ടത് ചികിത്സാവിധികള്‍ ആവിഷ്‌കരിക്കുന്നതിന് ആവശ്യമാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റായ ലേഖകന്‍ ഷിക്കാഗോയിലെ ട്രൈറ്റണ്‍ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്