കാശില്ലാത്തവര്‍ മക്കളെ കൂലിപ്പണിയ്ക്ക് വല്ലതും വിടണം, നിങ്ങള്‍ക്കൊക്കെ ആരാണ് ലോണ്‍ തരുന്നത്. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ...  ബാങ്ക് മാനേജരുടെ അലര്‍ച്ചയിലും പരിഹാസച്ചൂടിലും ഇന്ദിര എന്ന അമ്മ ഉരുകിപ്പോയി. കരഞ്ഞു കൊണ്ട് മകന്റെ കൈപിടിച്ച് ബാങ്കിന്റെ പടികളിറങ്ങുമ്പോള്‍ അവരൊരു കാര്യം മനസിലുറപ്പിച്ചു. കരച്ചിലടക്കിപ്പിടിച്ച് 17-കാരനായ മകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവർ പറഞ്ഞു: 'എനിക്കിനി ജീവനുണ്ടേല്‍ നിന്നെ കൂലിപ്പണിയ്ക്ക് വിടില്ല.' അതൊരു വെറുംവാക്കായിരുന്നില്ല. സെലിബ്രിറ്റി ഷെഫായ സിജോ ചന്ദ്രൻ എന്ന ആ മകൻ ഇന്ന്  അമ്മയുടെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമാണ്. യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആർ.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി  ഡയറക്ടറുമാണ് ഇന്ന് സിജോ ചന്ദ്രൻ. അമ്മയ്ക്കൊപ്പം അപമാനഭാരം കൊണ്ട് തല കുനിച്ച് ബാങ്കിന്റെ പടിയിറങ്ങിയതു മുതൽ പട്ടിണിയും കഷ്ടപ്പാടും താണ്ടി ഇന്നത്തെ സെലിബ്രിറ്റി സ്റ്റാറ്റസ് വരെയുള്ള സിജോ ചന്ദ്രന്റെയും മകനുവേണ്ടി ചെരിപ്പുപോലുമിടാതെ നാടലഞ്ഞ വീട്ടുജോലിക്കാരിയായ ആ അമ്മയുടെയും ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്.

To advertise here,

മാറിയിടാന്‍ ഉടുപ്പില്ലാത്ത ബുധനാഴ്ചപ്പേടികള്‍

കടന്നുപോയ കാലത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് മുന്നോട്ട് നയിക്കാൻ ഇപ്പോഴും ഊര്‍ജമാകുന്നതെന്നാണ് സിജോയുടെ പക്ഷം. കണ്ണൂര്‍ ചെമ്പേരി സ്വദേശിയായ സിജോയ്ക്ക് കുട്ടിക്കാലം മറ്റു കുട്ടികളെപ്പോലെ മധുരതരമായ ഒന്നല്ല. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ വളരെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റിയിരുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അനുജന് വൃക്കസംബന്ധമായ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന കുടുംബം വലിയ കടക്കെണിയിലകപ്പെട്ടു. വീട്ടുജോലിക്കാരിയായ അമ്മയ്ക്ക് 60 രൂപയും കൂലിപ്പണിക്കാരനായ അച്ഛന്‍ രാമചന്ദ്രന്‌ 120 രൂപയുമായിരുന്ന അന്ന് വേതനം ലഭിച്ചിരുന്നത്. അനുജന്റെ ചികിത്സയ്ക്ക് വലിയ തുക വേണ്ടിവന്നത്  വീട്ടിലെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാക്കി.

'അമ്മ ജോലിയ്ക്ക് പോകുന്ന വീടുകളില്‍ നിന്നുള്ള കുട്ടികളുടെ പഴയ വസ്ത്രങ്ങളാണ് ഞങ്ങളിട്ടിരുന്നത്. പലപ്പോഴും അത് ഞങ്ങളുടെ അളവിനുള്ളതായിരുന്നില്ല.അമ്മ അത് തുന്നി ചെറുതാക്കി ഞങ്ങള്‍ക്ക് തരും. നാലാം ക്ലാസിലെ സ്കൂള്‍ ഫോട്ടോ കിട്ടിയാല്‍ ഞാനതിനെ മില്യണ്‍ ഡോളര്‍ ചിത്രമെന്ന് വിളിക്കും. അതിലെന്നെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. ബട്ടണ്‍ പൊട്ടിയ എന്റെ ഷര്‍ട്ടിന് നടുവില്‍ ഒരു സേഫ്റ്റി പിന്നാണ് കുത്തിയിരുന്നത്. നിക്കറാകട്ടെ ഊരിപ്പോകാതിരിക്കാന്‍ ഞാന്‍ വലിച്ചു കുത്തിയിരിക്കുകയാണ് ഷര്‍ട്ടും നിക്കറും ചേര്‍ത്തുപിടിച്ചാണ് ഫോട്ടോയില്‍ ഞാന്‍ നില്‍ക്കുന്നത്. അന്നൊക്കെ ബുധനാഴ്ചയാകുന്നത് വലിയ പേടിയായിരുന്നു. എനിക്കും അനിയനും ഏറ്റവും  സങ്കടം നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. അന്നിടേണ്ടത് കളര്‍ ഡ്രസ്സാണ്. ഞങ്ങള്‍ക്കിടാന്‍ ഒരു ജോഡി വസ്ത്രങ്ങളാണ് ആകെയുണ്ടായത്. അവനിട്ട ഡ്രസ് അടുത്ത അടുത്ത ആഴ്ച ഞാനിടും. സ്‌കൂളിലുള്ളതെല്ലാം ഞങ്ങളേക്കാള്‍ പണക്കാരായ ആളുകളുടെ മക്കളാണ്. അവരുടെ ഇടയില്‍ ഞങ്ങള്‍ ബട്ടനിടാത്തതും പഴയതുമായ ഡ്രസ്സിട്ട് ചെന്നിരുന്നത്. അതൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല-സിജോ പറയുന്നു.

അടയ്ക്ക പൊളിക്കുന്ന പണിയും കുട്ടിക്കാലവും

'വീട്ടിലെ സ്ഥിതി കഷ്ടമായതോടെ കുട്ടികളായ ഞാനും അനുജനും ചെറിയ ജോലികൾക്കായി പോയിത്തുടങ്ങി.  അഞ്ചിലൊക്കെ പഠിക്കുമ്പോള്‍ വീട്ടുകാരോടൊപ്പം ഞങ്ങളും പണിയെടുക്കാന്‍ കൂടുന്നത് പതിവായി. അടയ്ക്ക പൊളിക്കുക, കശുവണ്ടി പെറുക്കുക തുടങ്ങിയവയായിരുന്നു പണികള്‍. ഞങ്ങള്‍ ചെയ്യുന്ന ചെറിയ പണികള്‍ പോലും വീടിൽ വലിയ ആശ്വാസമായിരുന്നു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ കൃഷിപ്പണിയ്ക്കും പോയിത്തുടങ്ങി. കപ്പയ്ക്ക് മണ്ണു വെട്ടുക, തെങ്ങിന് തടമെടുക്കുക തുടങ്ങിയവയ്ക്കായിരുന്നു പ്രധാനമായും പോയിരുന്നത്. നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ വീടുകളിൽ പത്രമിടുന്ന ജോലിയും ചെയ്തു.'

പത്താം ക്ലാസിലായിട്ടും പഠനത്തില്‍ ഞാൻ അത്ര മിടുക്കനായിരുന്നില്ലെന്ന് സിജോ തന്നെ പറയുന്നു. ഇംഗ്ലീഷും ഹിന്ദിയുമൊന്നും ഒട്ടും അറിയാത്ത കുട്ടി. പത്താം ക്ലാസില്‍ തോറ്റുപോകുമെന്നാണ് സ്‌കൂളില്‍ പോലും കരുതിയിരുന്നത്. പഠിക്കുന്നത് ശ്രദ്ധിക്കാനും പഠിപ്പിച്ചുതരാനും അവന്റെയരികില്‍ ആരുമുണ്ടായില്ല.'കീറിയ പാന്റ് തുന്നിയിട്ടു സ്‌കൂളില്‍ വരുന്ന രണ്ടു കുട്ടികളെ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിജോ പത്താം ക്ലാസ് പാസായി. 'ജയിക്കുമെന്ന് ഒരുറപ്പും എനിക്കുപോലുമുണ്ടായിരുന്നില്ല. ഞാന്‍ ജയിച്ചുവെന്നുറപ്പിക്കാന്‍ എച്ച് എമ്മിനെ പോയി കണ്ടിരുന്നു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ പോലും അത് വിശ്വസിച്ചത്'.

placeholder
.
Photo|സിജോ ചന്ദ്രനും അമ്മ ഇന്ദിരയും:special arrangement

'പത്താം ക്ലാസ് ജയിച്ചതിന് ശേഷം മാര്‍ക്ക് കുറവായതിനാല്‍ പ്ലസ്ടുവിന് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചില്ല. മാനേജ്‌മെന്റ് സീറ്റ് തരപ്പെടുത്താൻ കാശുണ്ടായിരുന്നില്ല. അപ്പോഴേക്കും പഠിക്കണമെന്ന് മനസിലൊരു ചിന്ത വന്നുതുടങ്ങി. പക്ഷേ, പഠിക്കാനുള്ള ചെലവിനെക്കുറിച്ചോര്‍ത്തപ്പോള്‍ അത് നടക്കില്ലെന്ന തോന്നല്‍ വന്നു. എന്നാല്‍, അമ്മയ്ക്ക് എന്നെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്തെങ്കിലും പണിക്കു പോകാം, അങ്ങനെ ജീവിക്കാമെന്നൊക്കെ അന്നു മനസില്‍ കരുതി. പക്ഷേ, അമ്മ സമ്മതിച്ചില്ല.'

'പകരം എന്നെ ഒരു  പാരലല്‍ കോളേജില്‍ ചേര്‍ത്തു. കൊമേഴ്‌സിനാണ് ചേര്‍ത്തത്. അമ്മയ്ക്ക് ഞങ്ങള്‍ രണ്ടുപേരും പഠിച്ച് രക്ഷപ്പെടുമെന്ന് വലിയ വിശ്വാസമായിരുന്നു. അയല്‍പക്കത്തു നിന്നൊക്കെ കടം വാങ്ങിയാണ് ഞങ്ങളെ കോളേജിൽ ചേര്‍ത്തത്. അവധിദിവസങ്ങളില്‍  തടിപ്പണിയ്ക്ക് പോയി ഞാന്‍ ബാക്കി കാശുണ്ടാക്കി ഫീസടച്ചു. പ്ലസ്ടു ആയപ്പോള്‍ പഠിച്ചാലേ രക്ഷപ്പെടൂ എന്ന  ചിന്ത വന്നു. അതുകൊണ്ട് തന്നെ ഒരുവിധം നന്നായി പഠിച്ച് പ്ലസ് ടു പാസായി. കൂലിപ്പണിയെടുത്തല്ല ജീവിക്കേണ്ടത്, മറിച്ച്  പഠിച്ച് നല്ലൊരു ജോലി നേടണമെന്നൊക്കെ മനസില്‍ ആഗ്രഹം വന്നുതുടങ്ങി. അങ്ങനെയാണ് പഠിപ്പിൽ കൂടുതൽ ശ്രദ്ധ കൊടുത്തുതുടങ്ങിയത്.'

ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള ഓട്ടം 

ആഗ്രഹങ്ങളാണ് ലക്ഷ്യങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയായി സിജോയുടെ ജീവിതത്തെ മാറ്റിമറിച്ചത്.  'മാറിയിടാനൊരു  ഉടുപ്പില്ലാത്ത കാലത്തും റോഡിലുടെ മാരുതി 800 പോകുമ്പോള്‍ നമ്മള്‍ക്കിത് വാങ്ങണമെന്ന് ഞാനും അനിയനും തമ്മില്‍ പറയുമായിരുന്നു. എനിക്ക് അപ്പോഴും എല്ലാം ശരിയാകുമെന്ന തോന്നലായിരുന്നു. ഏതു സാഹചര്യത്തിലും ഞാന്‍ തളരാതെ നില്‍ക്കും. നാളെയുള്ള ജീവിതത്തെക്കുറിച്ചായിരുന്നൂ സ്വപ്നങ്ങളെല്ലാം തന്നെ. എന്റെ അമ്മ സിജോ ചന്ദ്രന്റെ അമ്മയാണെന്ന് അറിയപ്പെടണം.അതൊരു വലിയ ലക്ഷ്യമായിരുന്നു. അതിനുവേണ്ടിയാണ് ഞാനീ കഠിനാധ്വാനമൊക്കെ ചെയ്തത്. അമ്മയാണ് ഞങ്ങളെ പഠിക്കാൻ  പ്രേരിപ്പിച്ചത്. ഞങ്ങള്‍ക്ക് നല്ലൊരു ജീവിതമുണ്ടാകുമെന്ന് അമ്മ എന്നും വിശ്വസിച്ചിരുന്നു. ആ ഓട്ടം ഞാനിന്നും തുടരുകയാണ്. എന്റെപേരില്‍ അമ്മയെന്നും അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കണം.

സ്വപ്നങ്ങള്‍ക്ക് വിള്ളല്‍ വീഴുമ്പോള്‍ 

സ്‌കൂള്‍തലത്തില്‍ തന്നെ സിജോ നല്ലൊരു കലാകാരനായിരുന്നു. നന്നായി ചിത്രം വരയ്ക്കും. ഇന്ന് സിജോയുടെ ഫുഡ് പ്രസന്റേഷന്‍ കാണുന്നവർക്ക് അത് മനസിലാവും. ഭക്ഷണങ്ങള്‍ കൊണ്ടയാള്‍ പ്ലേറ്റില്‍ വരച്ചിരുന്നത് അത്രയും മനോഹരമായ ചിത്രങ്ങളാണ്. എത്ര വിശന്നിരിക്കുന്നവരും സിജോ തരുന്ന ഭക്ഷണത്തിന്റെ ഭംഗി കണ്ടിരുന്നുപോകുമെന്നത് സത്യം. അങ്ങനെയാണ് പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്ന ആഗ്രഹം വീട്ടിലറിയിക്കുന്നത്. എന്നാല്‍, അത് പഠിക്കാനുള്ള അവസ്ഥ വീട്ടിലില്ലെന്നും പെട്ടെന്നുതന്നെ സിജോ തിരിച്ചറിഞ്ഞു. പഠിക്കാന്‍ ഇനി ആവില്ലെന്ന അവസ്ഥ വന്നു.

'അത്തരമൊരു വിഷമഘട്ടത്തില്‍ വിദ്യാഭ്യാസ ലോണ്‍ എടുക്കാമെന്ന് അമ്മയാണ് പറഞ്ഞത്. അങ്ങനെയിരിക്കുമ്പോള്‍ വീട്ടിലെന്തോ പൊതിഞ്ഞുകൊണ്ടുവന്ന  പത്രക്കടലാസിലാണ് കുറഞ്ഞ ചെലവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാമെന്ന പരസ്യം കാണുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് എന്താണെന്ന് കൂടി എനിക്ക് ധാരണയുണ്ടായിരുന്നില്ല. കുറഞ്ഞ ചെലവില്‍ പഠിക്കാമെന്ന കാര്യം മാത്രമാണ് കണ്ണില്‍പ്പെട്ടത്. അതോടെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സിന് ചേരാനായി പലയിടങ്ങളിൽ അലഞ്ഞു. എല്ലായിടത്തും വലിയ ഫീസാണ് പറയുന്നത്. ഞാന്‍ കരച്ചിലായി. അങ്ങനെ വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കാന്‍ അമ്മ വീണ്ടും തീരുമാനിച്ചു. അമ്മ ചെരുപ്പു പോലും വാങ്ങാത്ത ആളായിരുന്നു. അതൊന്നും വാങ്ങാനുള്ള കാശ് അന്നില്ലായിരുന്നു. അമ്മ പണി കഴിഞ്ഞുവന്നിട്ട് എന്നെയും കൂട്ടി എട്ടു കിലോമീറ്റര്‍ ദൂരം നടന്നാണ് ബാങ്കില്‍ പോകുന്നത്. ബസ്സിനുള്ള കാശില്ലാത്തത് കൊണ്ടായിരുന്നു ഞങ്ങളുടെ ഈ നടത്തം. ഓരോ ദിവസവും ഓരോ പേപ്പര്‍ കൊണ്ടുവരാന്‍ പറയും. അവസാനം ഒരു ദിവസം മാനേജര്‍ ഞങ്ങളെ മുറിയിലേയ്ക്ക് വിളിപ്പിച്ച് അമ്മയെ പരിഹസിച്ചു. അവിടെ നിന്നാണ് എങ്ങനെയും എന്നെ പഠിപ്പിക്കുമെന്ന് അമ്മയ്ക്ക് വാശിയാകുന്നത്.'

പണിയെടുത്തു പഠിച്ച കാലം

സിജോയെ കോളേജിൽ ചേര്‍ക്കാനായി കൊച്ചിയിലേയ്ക്ക് അവര്‍ വീണ്ടും പോയി. അവിടെയും ഒന്നും ശരിയാകാതെ വന്നപ്പോഴാണ് തൊടുപുഴയില്‍ അച്ഛന്റെ സഹോദരന്റെ വീട്ടിലെത്തുന്നത്. ആ യാത്ര ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തിനുള്ളതായിരിക്കുമെന്ന് അവരാരും അന്നറിഞ്ഞില്ല. അവിടെ നിന്നാണ് തൊടുപുഴയിലൊരു കോളേജുണ്ടെന്നും അവിടെ ചെറിയ ഫീസിൽ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്​സ്  പഠിക്കാമെന്ന് സിജോയും കുടുംബവും അറിയുന്നത്. കൂടുതല്‍ ആലോചിച്ചു നില്‍ക്കാതെ അവർ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ അഡ്മിഷന്‍ എടുത്തു.

'കോളേജില്‍ ചേര്‍ന്നെങ്കിലും അവിടെ താമസിച്ചു പഠിക്കാന്‍ എന്റെ  കൈയില്‍ പണമുണ്ടായിരുന്നില്ല. അവിടെ ടൗണിലുള്ള ചെറിയ ഹോട്ടലില്‍ ഞാന്‍ ജോലിയ്ക്ക് ചേര്‍ന്നു. കിടക്കാനുള്ള സ്ഥലവും ഭക്ഷണവും ലഭിച്ചു. പാത്രം കഴുകുകയായിരുന്നു ജോലി. പഠിക്കാനുള്ള പണവും അതില്‍ നിന്നും കിട്ടി. ഹോട്ടലിൽ താമസിക്കുന്ന വിവരം കോളേജില്‍ അറിഞ്ഞു. അങ്ങനെ  കാറ്ററിങ്ങിന് പോകാൻ അധ്യാപകർ അവസരം തന്നു. എന്നെപ്പോലുള്ള മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നു. അവരും എന്നോടൊപ്പം വരും.

placeholder
.
സിജോ ചന്ദ്രന്‍. photo :special arrangement

പിന്നീടാണ് ഷെഫാകണമെന്ന ആഗ്രഹം ഉള്ളിൽ മുളയ്ക്കുന്നത്. അതിനുവേണ്ടി കാശുണ്ടാക്കാനുള്ള ജോലികളായിരുന്നു അവധിദിവസങ്ങളില്‍ ചെയ്തിരുന്നത്. മലയാറ്റൂര്‍ പള്ളിയില്‍ പൊന്നുംകുരിശിന് കാവൽ നിന്നു. അങ്ങനെ അടുത്ത കോഴ്‌സിന് ഫീസടച്ചു. ദിവസവും ഞാന്‍ ആ മല  കയറിയിറങ്ങുമായിരുന്നു. രാത്രിയിലെ  തോര്‍ത്തുവിരിച്ചുള്ള ഉറക്കമൊന്നും മറക്കാന്‍ കഴിയില്ല. കിട്ടുന്ന ജോലിയൊക്കെ ചെയ്യുക എന്നതു  മാത്രമായിരുന്നു ചിന്ത. പിന്നീട് കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ പെയിന്റ് പണി ചെയ്തു. നട തുറക്കുമ്പോള്‍ തിരുവൈരാണിക്കുളം ക്ഷേത്രത്തിലും  സെക്യൂരിറ്റിയായി. അങ്ങനെയൊക്കെ സ്വരുക്കൂട്ടിയ പണം വെച്ചാണ് കോഴ്‌സ് പൂർത്തിയാക്കിയത്.

ലീല കോവളമെന്ന സ്വപ്നം

എല്ലാവരെയും പോലെ പഠനം പൂര്‍ത്തിയാക്കിയതോടെ ജോലി കിട്ടണം എന്നു തന്നെയായിരുന്നു സിജോയും ആഗ്രഹിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മെച്ചപ്പെട്ട ശമ്പളമുള്ള ജോലി ലഭിക്കുകയുള്ളൂ. പക്ഷേ, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ട്രെയിനിങ് ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. സിജോയുടെ അവസ്ഥ മനസിലാക്കി അധ്യാപകന്‍ ചെന്നൈയിലെ റാഡിസണ്‍ ഹോട്ടലില്‍ ആറുമാസത്തെ ട്രെയിനിങ് ശരിയാക്കിക്കൊടുത്തു.

ചൈന്നെയിലേയ്ക്കുള്ള മാറ്റവും അയാള്‍ക്ക്  വെല്ലുവിളിയായി. ആറുമാസത്തെ ട്രെയിനിങ്ങിനായി ചെന്നൈയ്ക്ക് വണ്ടി കയറുമ്പോള്‍ പണം തന്നെയായിരുന്ന പതിവ് വില്ലന്‍. മാസം 500 രൂപ വേതനം ലഭിക്കും. രാവിലെ ആറു മുതല്‍ രണ്ടുമണി വരെ ജോലിയുണ്ടാകും. താമസത്തിന് സ്ഥലം കണ്ടെത്താന്‍ പോലും ആ പണം തികഞ്ഞില്ല. അങ്ങനെ ഒരു സുഹൃത്തിനൊപ്പം ഹോട്ടലിലെ ബങ്കറിലായി താമസം. അവധി ദിവസങ്ങളെ ഭയത്തോടെയാണ് അവര്‍ നേരിട്ടത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നത് തന്നെയാണ് കാരണം.

'അവധി ദിവസം ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടില്ല. ചെന്നൈയില്‍ ഒരു രൂപയ്ക്ക് വെള്ളവും രണ്ട് രൂപയ്ക്ക് ബിസ്‌ക്കറ്റും ലഭിക്കും. വൈകിട്ട് വരെ ഉറങ്ങും. വേറെ ഭക്ഷണം കഴിക്കണ്ടല്ലോ. അതായിരുന്നു ഞങ്ങളുടെ ചെന്നൈയിലെ ജീവിതം. ട്രെയിനിങ് പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചുവന്നു. പല ഹോട്ടലുകളിലും കയറിയിറങ്ങിയെങ്കിലും അവസരം ലഭിച്ചില്ല. അവസാനമായി ചെന്നത് ലീല കോവളത്താണ്. അവിടെയൊരു ജോലി സ്വപ്‌നമായിരുന്നു. കൈയിൽ ആകെയുള്ളത് സര്‍ട്ടിഫിക്കറ്റും ഒരു ജോഡി ഡ്രസ്സും മാത്രമായിരുന്നു. തിരിച്ചുപോരാന്‍ വണ്ടിക്കൂലി പോലും കൈയിലുണ്ടായിരുന്നില്ല.

എന്റെ രൂപം കണ്ടിട്ടാവണം, സെക്യൂരിറ്റി എന്നെ അകത്ത് കയറ്റി വിട്ടില്ല. ജോലിയ്ക്കാണ് എന്നു പറഞ്ഞപ്പോള്‍ എന്റെ ബയോഡാറ്റ വാങ്ങി കാത്തിരിക്കാന്‍ പറഞ്ഞിട്ട് അയാള്‍ അകത്തുപോയി. രാവിലെ ചെന്ന എന്നോട് വൈകുന്നേരം നാലുമണിയാകുമ്പോള്‍ എച്ച്. ആര്‍ മാനേജര്‍ പുറത്ത് വന്നിട്ട് പറഞ്ഞു: 'നിങ്ങളുടെ യോഗ്യതയും കോലവും ഈ കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡിന് ചേരുന്നതല്ല, വേറെ ജോലി അന്വേഷിക്കൂ. ഭക്ഷണം പോലും കഴിക്കാതെയുള്ള കാത്തിരിപ്പ് അവസാനിച്ചതങ്ങനെയാണ്.'

ആദ്യത്തെ ജോലി

'അവിടെ നിന്നും നടന്നാണ് തിരിച്ചു തിരുവനന്തപുരത്തെത്തിയത്. അവിടെ എനിക്ക് ഒരു ചേട്ടന്‍ വഴി ഫ്‌ളൈറ്റ് കാറ്ററിങില്‍ ഒരു ജോലി ശരിയായി. നൈറ്റ് ഷിഫ്റ്റില്‍ ജോലിയെടുത്ത് ഞാന്‍ പണമുണ്ടാക്കി. അവിടെ ജോലിയെടുക്കുമ്പോള്‍ മനസിൽ  മുഴുവന്‍ ബെംഗളൂരുവിൽ പോകണമെന്ന ചിന്തയായിരുന്നു. നല്ലൊരു ജോലി, അതായിരുന്നു ലക്ഷ്യം. എനിക്ക് കിട്ടുന്നതില്‍ നിന്നും ഒരു പങ്ക് ഞാന്‍ വീട്ടിലേയ്ക്ക് അയക്കുമായിരുന്നു. വീട്ടിലെ അവസ്ഥയും മോശമായിരുന്നു'.

കുറച്ച് പണം സൂക്ഷിച്ചുവെച്ച് അവസാനം ബെംഗളൂരുവിലേയ്ക്ക് ബസ് കയറി. കുറച്ച് തമിഴ്  മാത്രമാണ് അറിയുന്നത്. ഇംഗ്ലീഷും വശമില്ലായിരുന്നു. അവിടയെത്തി ഒരു സുഹൃത്ത് വഴി റാഡിസണില്‍ ജോലിക്ക്  അപേക്ഷിക്കുവാന്‍ പോയി. ചെന്നു കഴിഞ്ഞാണ് അവിടെ മലയാളികളെ ജോലിയ്ക്ക് എടുക്കില്ലെന്ന് അറിയുന്നത്. അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവിടെ നിന്നും ഞാന്‍ കരഞ്ഞുപോയി. അന്നത്തെ എന്റെ അവസ്ഥ കണ്ടിട്ടാണ് അവരെന്നെ ജോലിയ്‌ക്കെടുത്തത്. അവിടെയാണ് എനിക്ക് ആദ്യത്തെ ജോലി ലഭിക്കുന്നത്.

ആദ്യ കാഴ്ചയിലെ പ്രണയം

ജീവിതത്തിലെല്ലാവര്‍ക്കും അവരെ ഏറ്റവും ആഗ്രഹിപ്പിച്ച എന്തെങ്കിലുമൊക്കെയുണ്ടാകും. അങ്ങനെയൊന്നിനെക്കുറിച്ച് ചോദിച്ചാല്‍ സിജോയ്ക്ക് പറയാനുള്ളത് ലീല പാലസ് ബെംഗളൂരുവിനെക്കുറിച്ചാണ്. റാഡിസണില്‍ 12 മണിക്കൂര്‍ ജോലിയ്ക്ക് ശേഷം നാലു മണിക്കൂര്‍ വീണ്ടും അദ്ദേഹം ജോലി ചെയ്തിരുന്നു. ആദ്യത്തെ ജോലിയില്‍ നിന്നും തന്നെ അദ്ദേഹം ചെറിയ സമയത്ത് എല്ലാം പഠിച്ചെടുത്തു. അവിടെ വെച്ച് ഒരു മാസികയിൽ ലീല പാലസ് ബെംഗളൂരുവിന്റെ ചിത്രം കണ്ടപ്പോഴാണ് തനിക്ക് ലവ്  അറ്റ് ഫസ്റ്റ് സൈറ്റ് സംഭവിച്ചതെന്നാണ് സിജോ പറയുന്നത്.

സിജോ പറയുന്നതിങ്ങനെ അങ്ങനെ ഓഫ് ഡേ എടുത്ത് ഞാനത് കാണാന്‍ പോയി. പിന്നീടത് എന്റെ അവധി ദിവസങ്ങളിലെ  പതിവായി മാറി. അത്രയധികം എന്നെ ആകര്‍ഷിച്ച മറ്റൊരു സ്ഥലമില്ല. അവിടെയൊരു ജോലി നേടണമെന്നത് മാത്രമായിരുന്നു അക്കാലത്തെ സ്വപ്നം. ഇത് കേള്‍ക്കുമ്പോള്‍ വട്ടാണോയെന്ന് ചോദിച്ച് സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു. ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് അതൊക്കെ സ്വപ്‌നത്തിനും അപ്പുറമാണെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ എനിക്കാ സ്വപ്നം വിട്ടുകളയാന്‍ കഴിഞ്ഞില്ല. പതിവ് പോല് ലീല പാലസ് കാണാന്‍ പോകും. ഇങ്ങനെ പോയിപ്പോയി അവിടെയൊരാളുമായി സൗഹൃദത്തിലായി. അദ്ദേഹം നല്‍കിയ നമ്പരും വാങ്ങി ഞാന്‍ ജോലിയ്ക്ക് അപേക്ഷിക്കാന്‍ തീരുമാനിച്ചു.

ജീവിതം മാറുന്നു

' എനിക്ക് സുധീഷെന്ന ഷെഫിന്റെ നമ്പരാണ് ലഭിച്ചത്. അദ്ദേഹവും എന്നപ്പോലെ  എഫ്.സി.ഐ. പഠിച്ച ആളായിരുന്നു. പറയാതെ തന്നെ എന്റെ കഷ്ടപ്പാടിനെക്കുറിച്ചൊക്കെ അദ്ദേഹത്തിന് മനസിലായി. അദ്ദേഹം പറഞ്ഞതനുസരിച്ച് പിറ്റേന്ന് കൂട്ടുകാരന്റെ കോട്ടും കടം വാങ്ങി വെളുപ്പിനെ പാലസില്‍ ചെന്നു. ആറു പേരാണ് ഉണ്ടായിരുന്നത്. ആകെ ഒരു ഒഴിവാണ് അവിടെയുണ്ടായിരുന്നത്. കൂടെയുള്ളവര്‍ വലിയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചിറങ്ങിയവരാണ്. അവരെല്ലാം അത്രയും വഴക്കത്തോടെ ഇംഗ്ലീഷ് പറയുന്നു. ഞാന്‍  അതെല്ലാം കേട്ട് പകച്ചുപോയി.

ഫുഡ് പ്രസന്റേഷന് ഞാന്‍  അവസാനമായിരുന്നു. എനിക്ക് ഇംഗ്ലീഷ് അറിയില്ല എക്‌സിക്യൂട്ടീവ് ഷെഫ് ഒരു ജര്‍മ്മന്‍കാരനാണ്. ഫുഡ് പ്രസന്റേഷന്‍ എനിക്ക് നല്ല ആത്മവിശ്വാസമുള്ള ഒന്നാണ്. എങ്കിലും പേടിച്ചുനിന്നു. എനിക്ക് ഒന്നും ചോദിക്കുന്നത് മനസിലായില്ല, കൂടെയുള്ള ഷെഫ് ഇംഗ്ലീഷില്‍ ഞാന്‍ പറയുന്നത് പറഞ്ഞുകൊടുക്കും, അവസാനം ജര്‍മ്മന്‍ ഷെഫ് എന്നോട് എന്ത് പോസ്റ്റ് വേണമെന്ന് ചോദിച്ചു. ഞാന്‍ പെട്ടെന്ന് പാത്രം കഴുകുന്ന ജോലി മതിയെന്നു പറഞ്ഞു. എനിക്കിവിടെ ഇനിയൊരിക്കലും വരാന്‍ കഴിഞ്ഞെന്നു വരില്ല, പക്ഷെ, ഇവിടെ ജോലിയെടുക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. അങ്ങനെ ഞാന്‍ എല്ലാം കണ്ടുപഠിച്ചിട്ട് പിന്നെ ഞാന്‍ യോഗ്യനാണ് തോന്നിയാല്‍ ജോലിയ്‌ക്കെടുത്താല്‍ മതിയെന്നും പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അഭിനന്ദിച്ചത്.

placeholder
.
photo|സിജോ ചന്ദ്രന്‍ :special arrangement

അവിടെ ജോലി കിട്ടിയെന്നത് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. അന്നു തിരിച്ച് നാട്ടിലേയ്ക്ക് പോകുമ്പോള്‍ കണ്ണിൽ പതിഞ്ഞതിലും സുന്ദരമായ കാഴ്ച വേറൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. ഹോട്ടലില്‍  നിന്നും 2011-ല്‍ അവിടെ നിന്നു നല്‍കുന്ന ഒരു  ഉന്നത സ്റ്റഡി പ്രോഗാമിലേയ്ക്ക് ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നും 2011 -ല്‍ ടോപ് ബെസ്റ്റ് ഷെഫായി  തിരെഞ്ഞെടുക്കപ്പെട്ടു. ജീവിതം പിന്നീട് പൂര്‍ണമായും മാറുകയായിരുന്നു. അവിടെ നിന്നും ഷെറട്ടന്‍, മാരിയറ്റ് എന്നിവിടങ്ങളിലും ഞാന്‍ ജോലി നോക്കി.

ഇന്ത്യ വിടുന്നു

ലീല പാലസ് ബെംഗളൂരുവില്‍ നിന്നുള്ള തുടക്കം അന്താരാഷ്ട്രതലത്തിലേയ്ക്ക് പെര്‍ഫോം ചെയ്യാന്‍ എന്നെ പാകപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 2014-ല്‍ യു.എസിലെ പ്രമുഖ ആഢംബര കപ്പലിലേയ്ക്കുള്ള ഇന്റര്‍വ്യൂവില്‍ ഞാന്‍ പാസായി. അവിടെ നിന്നും ആദം ജങ്കിന്‍ എന്ന സെലിബ്രിറ്റി ഷെഫിന്റെ അടുത്തായിരുന്നു ഞാന്‍ ജോലി നോക്കിയത്. ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പിന്നീടെല്ലാം എളുപ്പമായിരുന്നു. ആദം പോലെയുള്ള ഒരാളുടെ കൂടെയുള്ള ജോലി എന്നെ വീണ്ടും എന്റെ ജോലിയില്‍ കൂടുതല്‍ മെച്ചപ്പെട്ടയാളായി മാറ്റി. അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു നിന്നു. അന്താരാഷ്ട്രതലത്തിലേയ്ക്ക് എന്റെ കഴിവുകളെ വളര്‍ത്താന്‍ അദ്ദേഹം കൂടുതല്‍ സഹായിച്ചു. ഇന്റസ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്യാൻ ഷെഫ് ആദമാണ് എന്നോടു ആദ്യമായി പറയുന്നത്. അവിടെയാണ് എന്റെ സോഷ്യല്‍ മീഡിയ ജീവിതം തുടങ്ങുന്നത്.

കോവിഡ് കാലത്തെ സൗഹൃദം

എന്റെ ജീവിതത്തില്‍ എന്നും പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള മാറ്റങ്ങളെ ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കോവിഡ് കാലത്താണ് ഷെഫ് ആദം പറഞ്ഞതനുസരിച്ച് ഞാന്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചുതുടങ്ങുന്നത്. അങ്ങനെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഷെഫ് പിള്ളയെക്കുറിച്ചറിയുന്നത്. 2021-ലാണത്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ലാളിത്യമുള്ള വലിയ മനുഷ്യന്‍ അങ്ങനെയാണ് ആദ്യം തോന്നിയത്.

placeholder
.
photo|സിജോ ചന്ദ്രനും ഷെഫ് സുരേഷ് പിള്ളയും:special arrangement

അദ്ദേഹം എന്നെ ഫോളോ ബാക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശ്ചര്യപ്പെട്ടുപോയി. ചെറിയ സംസാരങ്ങളിലൂടെ ഒരു വലിയ സൗഹൃദത്തിലേയ്ക്ക് അത് വളരുകയായിരുന്നു. അന്നെനിക്ക് സോഷ്യല്‍ മീഡിയ പോസ്റ്റിങ്ങിനെക്കുറിച്ചെല്ലാം അദ്ദേഹം വിശദമായി പറഞ്ഞുതന്നു. അതുപോലെ ചെയ്തപ്പോളാണ് എന്റെ ഫോളേവേഴ്‌സ് കൂടിയത്. ഇത്രയും വലിയ മനുഷ്യന്‍ നമ്മള്‍ക്ക് വേണ്ടി ചെറിയ കാര്യങ്ങളില്‍ വരെ കാണിക്കുന്ന പരിഗണന എന്നെ അത്ഭുതപ്പെടുത്തി.അത് വലിയൊരു ബന്ധമായി അതുമാറുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രോജക്ട് ചെയ്യാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും അത് നടന്നില്ല.

അങ്ങനെയാണ് അദ്ദേഹം ലീല കോവളത്തെ തന്റെ റെസ്‌റ്റോറന്റ് ഒന്ന് നോക്കാമോയെന്ന് ആവശ്യപ്പെടുന്നത്. എനിക്കൊന്നും ആലോചിക്കേണ്ടി വന്നില്ല. 10 വര്‍ഷങ്ങള്‍ക്ക് ശേഷം
ഞാന്‍ വീണ്ടും ലീലാ കോവളത്തേയ്ക്ക് പോകുന്നു. അതും റെസ്റ്റോറന്റിന്റിന് നേതൃത്വം കൊടുക്കാനായിട്ട്. അന്ന് സ്റ്റാഫിനായി നടത്തിയ ചടങ്ങില്‍ ഞാന്‍ 10 കൊല്ലം മുന്‍പ് ഹോട്ടലിന്റെ സ്റ്റാന്‍ഡേര്‍ഡിന് ചേരാത്ത ആളായതുകൊണ്ട് ഇറക്കിവിട്ട കഥ പറഞ്ഞു. അതുകൊണ്ടാണ് തിരിച്ചുവന്നതെന്നും പറഞ്ഞു. അങ്ങനെയായിരുന്നു തുടക്കം.

പിന്നീട് ഞാന്‍ പൂര്‍ണമായും അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. അതൊരിക്കലും തെറ്റായ തീരുമാനമായിരുന്നില്ല. ഇന്ന് ആര്‍.സി.പി.യുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഞാന്‍ പൂര്‍ണമായി സന്തോഷവാനാണ്. എന്റെ സ്വപ്‌നങ്ങളിലേക്ക് തന്നെയാണ് ഞാന്‍ നടക്കുന്നത്. ഇനിയും മുന്നോട്ടെന്ന് മാത്രമാണ് എനിക്ക് പറയാന്‍ കഴിയുക' ഇത്രയും പറയുമ്പോള്‍ സിജോ ചന്ദ്രന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ തെളിച്ചം.