ബസ്മതി അരിയുടെ സുഗന്ധമുള്ള മട്ടർ പുലാവും നെയ്യിന്റെയും ക്രീമിന്റെയും രുചിയിൽ അലിഞ്ഞുചേർന്ന സോയ ബട്ടർ മസാലയും… ഏതൊരു വിരുന്നിനും അനുയോജ്യമായ ഗംഭീര കോംബോ. ഇവ രണ്ടും അധികം മെനക്കേടില്ലാതെ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

To advertise here,

മട്ടർ പുലാവ്, സോയ ബട്ടർ മസാല
ചേരുവകൾ

ഗ്രീൻപീസ്(fresh) - 1 കപ്പ്
ബസ്മതി അരി - 1 1/2 കപ്പ്
സവാള - 2
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
പച്ചമുളക് - 2 എണ്ണം
ഏലക്ക - 5 എണ്ണം
ഗ്രാമ്പൂ - 5-6 എണ്ണം
കറുകപട്ട - 2 ചെറിയ കഷണങ്ങൾ
മല്ലിയില - 1/2 കപ്പ്
പുതിനയില - 1/2 കപ്പ്
നാരങ്ങനീര് - 2 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
നെയ്യ് - 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി കഴുകി 20 മിനുട്ട് വെള്ളത്തിൽ കുതിർത്ത് വെക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി ഏലക്ക, പട്ട, ഗ്രാമ്പൂ എന്നിവ മൂപ്പിക്കുക.
അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, നീളത്തിൽ അരിഞ്ഞ സവാള എന്നിവ ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ (ചുവന്നു മൂത്ത് പോകരുത്) ഗ്രീൻപീസ് കൂടെ ചേർത്ത് രണ്ട് മിനുട്ട് വഴറ്റുക. മല്ലിയില പുതിന എന്നിവ നന്നായി അരച്ചു ചേർക്കുക. ഒരു മിനുട്ട് വഴറ്റിയ ശേഷം വാർന്നു വച്ച അരി കൂടെ ചേർത്ത് രണ്ട്-മൂന്ന് മിനിറ്റ് വറുക്കുക.
അതിലേക്ക് മൂന്ന് കപ്പ് തിളച്ച വെള്ളം ചേർത്ത് പാകത്തിന് ഉപ്പ് കൂടെ ചേർത്ത് യോജിപ്പിക്കുക.
നാരങ്ങ നീര് കൂടെ ചേർത്ത് കൊടുക്കുക. മൂടി വച്ച് ചെറുതീയിൽ വേവിക്കുക.
ചൂടോടെ വിളമ്പാം.
പ്രഷർ കുക്കറിൽ പാകം ചെയ്യുകയാണെങ്കിൽ രണ്ടര കപ്പ് വെള്ളം ചേർത്ത് മീഡിയം ഫ്ലെയിമിൽ ഒരു വിസിൽ വന്നു കഴിഞ്ഞ് തീ അണച്ചു 20 മിനുട്ട് കുക്കറിൽ വച്ച ശേഷം തുറക്കുക.

സോയ ബട്ടർ മസാല
ചേരുവകൾ

 

സോയ ചങ്ക്സ് - 75 ഗ്രാം
സവാള - 2 വലുത്
തക്കാളി - 2 വലുത്
വെളുത്തുള്ളി - 6-7 അല്ലി
കശുവണ്ടി - 8-10 എണ്ണം
പച്ചമുളക് - 1-2 എണ്ണം
കറുകയില - 1
ഗ്രാമ്പൂ - 5-6 എണ്ണം
ജീരകം - 1/2 ടീസ്പൂൺ
ഏലക്ക - 5 എണ്ണം
കറുകപ്പട്ട - 1 കഷണം
കാശ്മീരി മുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കസൂരി മേത്തി - 1 ടീസ്പൂൺ
പഞ്ചസാര - 1/4 ടീസ്പൂൺ
ഫ്രഷ് ക്രീം - 1 ടേബിൾസ്പൂൺ
വെണ്ണ - 2 ടേബിൾസ്പൂൺ
എണ്ണ - 1 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

 

തയ്യാറാക്കുന്ന വിധം
സോയ ചങ്ക്സ് ചൂടുവെള്ളത്തിൽ 30 മിനുട്ട് കുതിർത്ത് വച്ച ശേഷം പിഴിഞ്ഞ് വെക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അതിലേക്ക് ജീരകം, ഏലക്ക, പട്ട, ഗ്രാമ്പൂ, കറുകയില എന്നിവ ചെറുത്ത് മൂപ്പിച്ച് അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. വാടി വരുമ്പോൾ അതിലേക്ക് കശുവണ്ടി, തക്കാളി ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വെക്കുക.

ചൂട് മാറി വരുമ്പോൾ വഴറ്റുക. കൂട്ട് നന്നായി അരച്ചു വെക്കുക. ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് സോയ ചങ്ക്സ് വഴറ്റി അരിക് മൊരിഞ്ഞു വരുന്ന പരുവം ആകുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
അതേ പാനിൽ വെണ്ണ ചൂടാക്കി മുളക്പൊടി, മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക (മൂത്ത് പോകരുത്).
അതിലേക്ക് അരച്ചു വച്ച കൂട്ട് ചേർത്ത് വഴറ്റുക. പാകത്തിന് വെള്ളം കൂടെ ചേർത്ത് തിളച്ചു വരുമ്പോൾ സോയ ചങ്ക്സ് ചേർത്ത് യോജിപ്പിക്കുക.
പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. കറി കുറുകി വരുമ്പോൾ അല്പം പഞ്ചസാര ചേർക്കുക. കസൂരി മേത്തി കൂടെ ചേർത്ത് യോജിപ്പിക്കുക.
തീ അണച്ച ശേഷം ഫ്രഷ് ക്രീം ചേർത്ത ശേഷം ചൂടോടെ വിളമ്പാം.