തമിഴ്നാട്ടിൽ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയവിവാദം നടക്കുകയാണ്. തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെയും സംസ്ഥാനത്തെ ബി.ജെ.പിയും തമ്മിലാണ് വാഗ്വാദം നടക്കുന്നത്. ഇതിനിടെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൽ പ്രസംഗത്തിൽ ഉപയോഗിച്ച 'ഗെറ്റ് ഔട്ട് മോദി' എന്ന പ്രയോഗം തിരിച്ചടിച്ച് 'ഗെറ്റ് ഔട്ട് സ്റ്റാലിൻ' എന്നാക്കി തമിഴ്നാട് ബി.ജെ.പി. അദ്ധ്യക്ഷൻ കെ അണ്ണാമലൈ മറുപടി നൽകിയിരുന്നു. ഇതിന് ശേഷം 'ഗെറ്റ് ഔട്ട് സ്റ്റാലിൻ' എന്ന പേരിൽ ക്യാമ്പൈൻ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ മുദ്രാവാക്യം എഴുതിയ പോസ്റ്ററുമായി സ്കൂൾ വിദ്യാർത്ഥികൾ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'All Indians are brothers and sisters. Stop North vs South Divide. #GetOutStalin' എന്നെഴുതിയ പോസ്റ്ററുമായി നിൽക്കുന്ന പെൺകുട്ടികളുടെ ചിത്രം 'ഞങ്ങൾ എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാരാണ്?? വടക്ക് - തെക്ക് എന്ന് പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന സ്റ്റാലിൻ പുറത്തുപോവുക?? ഇന്ന് Twitterറിൽ വൈറലായ വിദ്യാത്ഥികളുടെ ഫോട്ടോ??' എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/photo/?fbid=2914153745413863&set=a.692279544267972
എന്നാൽ, പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റുകളിലുള്ള ചിത്രം എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
അന്വേഷണം
വൈറൽ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വിദ്യാർത്ഥികളുടെ കണ്ണുകൾക്ക് പ്രത്യേകതയുള്ളതായി ശ്രദ്ധയിൽപ്പെട്ടു. കണ്ണുകളുടെ അലൈൻമെന്റും രൂപവും അസാധാരണമാണ്. ഇത് കൂടാതെ പോസ്റ്ററുകൾ പിടിച്ചിരിക്കുന്ന കൈകളിൽ ചിലതിലെ വിരലുകളുടെ എണ്ണം, വലിപ്പം എന്നിവയും ഫോട്ടോ കൃത്രിമമാണെന്ന സൂചന നൽകി. ചിത്രത്തിൽ വലതുഭാഗത്തായി പോസ്റ്ററിൽ കയറി നിൽക്കുന്ന രീതിയിലാണ് കൈപ്പത്തിയുള്ളത്. ഇതിൽനിന്നു ചിത്രം എ.ഐ. ജനറേറ്റഡ് ആകാമെന്ന സൂചന ലഭിച്ചു. ചിത്രത്തിലെ അസാധാരണത്വം വെളിപ്പെടുത്തുന്ന ഘടകങ്ങൾ വ്യക്തമാക്കുന്ന ചിത്രം ചുവടെ കാണാം.

വൈറൽ ചിത്രം എ.ഐ. ജനറേറ്റഡ് ആണെന്ന് ഉറപ്പിക്കുന്നതിനായി ഹൈവ് മോഡറേഷൻ എന്ന ടൂളാണ് ഉപയോഗിച്ചത്. ചിത്രത്തിൽ 87.1 ശതമാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനറേറ്റഡോ ഡീപ് ഫേക്കോ ആണെന്ന് ഹൈവ് മോഡറേഷൻ ഉറപ്പിച്ചു. റിസൾട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം.

സ്റ്റാലിനെതിരായി സ്കൂൾ വിദ്യാർത്ഥികളുടെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചു. ഇത്തരം സംഭവങ്ങളൊന്നും നടന്നതായി റിപ്പോർട്ടുകളില്ല. ലഭ്യമായ വിവരങ്ങളിൽനിന്ന് ഗെറ്റ് ഔട്ട് സ്റ്റാലിൻ എന്നെഴുതിയ പോസ്റ്ററുമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ എന്ന രീതിയിൽ പ്രചരിക്കുന്നത് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ചിത്രമാണെന്ന് വ്യക്തമായി
വാസ്തവം
വൈറൽ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമാണ്. ഗ്രുക്ക് എന്ന എ.ഐ. ടൂൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
(വ്യാജ പ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കളക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട് ചെക്ക്)
Content Highlights: A picture of school students holding a poster with this slogan is going viral on social media
Published: 27 Feb 2025, 08:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented