മുഖ്യമന്ത്രി പിണറായി വിജയനെ തോക്ക് ചൂണ്ടി വിരട്ടിയ ഒരു യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശമാണ് ഇതിന് അടിസ്ഥാനം. ഈ ഐ.പി.എസ്. ഉദ്യോഗസ്ഥൻ ആരെന്നും എന്താണ് ഈ കഥയുടെ വാസ്തവമെന്നും അന്വേഷിക്കുന്നു.
പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നിന്റെ ആർക്കൈവ് ലിങ്ക്:
https://web.archive.org/web/20221108142458/https://www.facebook.com/permalink.php?story_fbid=pfbid033Hqrnt8wCL6M47MAC9dNtQxf5jKUGnVsSAtef5CwR3dCA8Rurfq88okiqJkfc5UNl&id=100069126733343
അന്വേഷണം
പിണറായി വിജയന് നേരെ തോക്കുചൂണ്ടിയ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥനെക്കുറിച്ചുള്ള അന്വേഷണത്തിൽ സമാനമായ പല പ്രചാരണങ്ങളും നേരത്തെ നടന്നതായി കണ്ടു. നിലവിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെക്കുറിച്ചാണ് ഇവയിൽ മിക്കതും പരാമർശിച്ചിരിക്കുന്നത്. തലശ്ശേരി കലാപസമയത്ത് കൊലക്കേസ് പ്രതിയെ പുറത്തിറക്കാൻ ചെന്നപ്പോഴായിരുന്നു പിണറായിക്കു ദുരനുഭവമുണ്ടായത്. അന്ന് എ.എസ്.പി. ആയിരുന്നു അജിത് ഡോവൽ എന്നും പ്രചാരണങ്ങളിലുണ്ട്.
1971-ൽ തലശ്ശേരിയിൽ കലാപം നടക്കുമ്പോൾ കൂത്തുപറമ്പ് എം.എൽ.എ. ആയിരുന്നു പിണറായി വിജയൻ. ഒരു എം.എൽ.എയ്ക്ക് നേരെ ഇത്തരത്തിലൊരു സംഭവം നടന്നാൽ വലിയ വാർത്താ പ്രാധാന്യം ലഭിക്കേണ്ടതാണ്. സി.പി.എം. മുഖപത്രത്തിലടക്കം അങ്ങനെ ഒരു വാർത്തയുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയില്ല.
സമൂഹമാധ്യമങ്ങളിലല്ലാതെ ഇത്തരത്തിലൊരു സംഭവം മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. 2020 ജൂലൈ 11-നാണു ഇങ്ങനെയൊരു കഥ ആദ്യമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. നയതന്ത്ര സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ അജിത് ഡോവൽ വരുന്നു എന്ന തരത്തിൽ അന്ന് വ്യാജപ്രചാരണം നടന്നിരുന്നു. തുടർന്നാണ് തോക്കുകഥയും ഇറങ്ങിയിത്. ആർ.എസ്.എസ്.- ബി.ജെ.പി. അനുകൂല ഹാന്റിലുകളാണ് ഇത് പോസ്റ്റ് ചെയ്തവയിൽ ഭൂരിപക്ഷവും. തൊട്ടടുത്ത ദിവസം തന്നെ ഇതേ കഥയുടെ ഹിന്ദി പതിപ്പും പ്രചരിക്കാൻ തുടങ്ങി.


വിശദമായ അന്വേഷണത്തിൽ കലാപത്തിന്റെ ദൃക്‌സാക്ഷികളിലൊരാളെ കണ്ടെത്തി. കെ.എസ്.യുവിന്റെ അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഒ.വി. ജയഫറാണിത്. ഇത്തരത്തിലൊരു സംഭവം അന്ന് നടന്നിട്ടില്ലെന്നും പ്രചാരണം കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. അജിത് ഡോവൽ വരുമ്പോഴേക്കും തലശ്ശേരി ഏറെക്കുറെ ശാന്തമായിരുന്നു. അദ്ദേഹം കണ്ണൂരിലെത്തിയതിനു ശേഷം വിളിച്ചുചേർത്ത ആദ്യത്തെ സർവകക്ഷിയോഗത്തിൽ പിണറായി വിജയനും പങ്കെടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഗവർണർ പറഞ്ഞതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥ സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണത്തിൽ ലഭിച്ചില്ല.
വാസ്തവം
പിണറായി വിജയനെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ കഥ വ്യാജമാണ്. 2020-ൽ ഫേസ്ബുക്കിലൂടെ പ്രചരിച്ച ഒരു കഥയാണ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല.
Content Highlights: Pinarayi Vijayan, Young IPS Officer, Shook with gun, Ajit Dovel, Fact Check
Published: 09 Nov 2022, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented