ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ദേശീയഗാനത്തെ അപമാനിച്ചു എന്ന തരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "നോക്കൂ, രാഹുൽ ഗാന്ധി ഒരിക്കൽകൂടി ദേശീയഗാനത്തെ അപമാനിച്ചിരിക്കുന്നു… രാജ്യത്തിന്റെ ആദരവും അന്തസ്സും മഹത്വവും ഉൾക്കൊള്ളുന്ന, ഓരോ ഭാരതീയനും അഭിമാനിക്കുന്ന ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. എന്നാൽ രാഹുൽ ഗാന്ധി അതിനെ അപമാനിക്കുകയും, തന്റെ രാജ്യവിരുദ്ധ മനോഭാവം ഒരിക്കൽ കൂടി തുറന്നുകാട്ടുകയും ചെയ്തിരിക്കുന്നു’ എന്ന വിവരണത്തോടെയാണിത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

‘ഒരു നിമിഷം രാഹുൽ സാർ, ഒരു നിമിഷം ശ്രദ്ധിക്കൂ’ എന്നൊരാൾ പറയുന്നതും ഒപ്പം ദേശീയഗാനം ആലപിക്കുന്നതും വീഡിയോയുടെ തുടക്കത്തിൽ തന്നെ കേൾക്കാം. ആസമയത്ത് രാഹുൽ വേദിയിലുള്ളവർക്ക് ഹസ്തദാനം ചെയ്യുന്നതായാണ് കാണുന്നത്. പ്രചരിക്കുന്ന സന്ദേശത്തിൽ ആരോപിക്കുന്നതുപോലെ രാഹുൽ ഗാന്ധി ദേശീയഗാനത്തെ അപമാനിച്ചിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള വ്ശ്വസനീയമായ റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. തുടർന്ന് നടത്തിയ കീവേർഡ് സർച്ചിൽ ‘മൈ നേഷൻ’ എന്ന യൂട്യൂബ് ചാനലിൽ പ്രചരിക്കുന്ന വീഡിയോയുടെ ദൈർഘ്യമേറി പതിപ്പ് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. ഓഗസ്റ്റ് 13-ന് ഡൽഹിയിൽ നടന്ന 'രചനാത്മക് കോൺഗ്രസ് (Rachnatmak Congress) കോൺക്ലേവിൽ' നിന്നുള്ള ദൃശ്യങ്ങളാണിത്. പരിപാടിയിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മോദി-ഷാ സഖ്യത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗശേഷം പരിപാടിയുടെ അവസാനം ദേശീയഗാനാലാപനം വരെയുള്ള ഭാഗം സൂക്ഷമായി പരിശോധിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളതുപോലെ രാഹുൽ ഗാന്ധി ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലൊന്നും പെരുമാറിയിട്ടില്ല. മറിച്ച് ദേശീയഗാനം എന്ന് അനൗൺസ് ചെയ്തപ്പോൾ അദ്ദേഹം നേരെ നിന്ന് ദേശീയഗാനം ആലപിക്കുകയാണുണ്ടായത്.

പ്രചരിക്കുന്ന വീഡിയോയിൽ രാഹുൽ ഗാന്ധിയോട് ഒരു നിമിഷം എന്ന് പറയുന്നതും അദ്ദേഹം അത് ശ്രദ്ധിക്കാതെ മറ്റുള്ളവരെ ഹസ്തദാനം ചെയ്യുന്നതുമായാണ് കാണിക്കുന്നത്. എന്നാൽ, പരിപാടിയുടെ പൂർണവീഡിയോ പരിശോധിച്ചാൽ കോൺഗ്രസ് നേതാവ് സന്ദീപ് ധീക്ഷിത് പ്രസംഗിക്കവെ സഹിർ ലുധിയാൻവിയുടെ വിഖ്യാതമായ "വോ സുബഹ് കഭീ തോ ആയേഗി" എന്ന ഗാനത്തെക്കുറിച്ച് പറയുന്നതിന് മുൻപായാണ് അദ്ദേഹം ‘രാഹുൽജി ഏക് മിനിറ്റ്’ എന്ന് പറയുന്നതെന്ന് കാണാം.

 

വിശദമായ പരിശോധനയിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ പ്രചാരണം വ്യാജമാണെന്ന് രേഖപ്പെടുത്തിയ പോസ്റ്റ് പങ്കുവച്ചതായും കണ്ടെത്തി.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്ത വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.