എഐ ഇംപാക്ട് സമ്മിറ്റിലും പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചർച്ചകളിലും പങ്കെടുത്ത ശേഷമായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ഫെബ്രുവരി 19-ന് ഇന്ത്യയിൽനിന്നു മടങ്ങിയത്. പ്രതിരോധം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിലായി 21 സുപ്രധാന കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇന്ത്യയുമായി പൂർണമായൊരു പ്രതിരോധ പങ്കാളിത്തം സാധ്യമല്ലെന്ന് മാക്രോൺ പറയുന്നതാണ് ദൃശ്യങ്ങളിൽ.
പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്:
“ഇന്ത്യയുമായി മിസൈൽ പങ്കാളിയാകാൻ യാചിച്ചതിന് പ്രധാനമന്ത്രി മോദിയോട് ഞാൻ നന്ദിയുള്ളവനാണ്. യഥാർത്ഥത്തിൽ ഞങ്ങളൊരു പൂർണ പ്രതിരോധ പങ്കാളിയാകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ ഞാൻ എൻ്റെ ടീമുമായി സംസാരിച്ചപ്പോൾ, ഇന്ത്യയുമായി ഒരു പൂർണ പ്രതിരോധ പങ്കാളിത്തത്തിന് കഴിയില്ലെന്ന് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ കാര്യക്ഷമതയില്ലായ്മ കാരണം ഞങ്ങൾക്ക് ഇതിനകം കോടിക്കണക്കിന് ഡോളറിന്റെ റഫാൽ വിപണി നഷ്ടമായി. ഞങ്ങളുടെ പേരിന് കളങ്കം വരുത്തുന്ന ഒന്നിൻ്റെയും ഭാഗമാകാൻ ഞങ്ങൾക്ക് കഴിയില്ല”.

To advertise here,

എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡിജിറ്റലി മാനിപ്പുലേറ്റഡ് ആണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

അന്വേഷണം

ഇന്ത്യക്കെതിരായി മാക്രോൺ പ്രസ്താവ നടത്തിയിരുന്നെങ്കിൽ അത് സ്വാഭാവികമായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നുമില്ല. 2026 ഫെബ്രുവരി 17-ന് പുറത്തിറക്കിയ ഇന്ത്യ- ഫ്രാൻസ് സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്.
India – France Joint Statement | Prime Minister of India

വൈറലായ ദൃശ്യങ്ങളിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കാണാം. തുടർന്ന് ഈ പരിപാടിയുടെ ദൃശ്യങ്ങൾ എഎൻഐ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. എഎൻഐയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ 2026 ഫെബ്രുവരി 17-ന് അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിൽ മാക്രോൺ പ്രസംഗിക്കുന്നതാണ് ഈ വീഡിയോയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് മാക്രോണും സംയുക്ത പ്രസ്താവന നടത്തുന്നു എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന വിവരണം.

സംയുക്ത പ്രസ്താവനയിൽ മാക്രോൺ ഫ്രഞ്ചിലും നരേന്ദ്ര മോദി ഹിന്ദിയിലുമാണ് സംസാരിച്ചത്. ഫ്രഞ്ച് പ്രസിഡൻറിന്‍റെ പ്രസംഗത്തിന് വേദിയിൽ ഹിന്ദിയിൽ പരിഭാഷ ഉണ്ടായിരുന്നു. പ്രസംഗത്തിലെവിടെയും ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തം സാധ്യമല്ല എന്നത് ഉൾപ്പടെ വൈറൽ സന്ദേശത്തിലുള്ള ഒരു പരാമർശങ്ങളും മാക്രോൺ നടത്തിയിട്ടില്ല എന്ന് ഈ വീഡിയോ പരിശോധിച്ചതിൽനിന്നു വ്യക്തമായി. മാത്രമല്ല, പ്രചരിക്കുന്ന വീഡിയോയിൽ മാക്രോൺ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. ഇതിൽനിന്നു  വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണ് എന്ന് വ്യക്തമാണ്.

https://www.youtube.com/live/65LAON8kOic
വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. ദൃശ്യങ്ങൾ 97.5 ശതമാനം നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. ഇതോടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ പ്രസംഗ ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റലി മാനിപ്പുലേറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.