മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരാതി പരിഹാര സെൽ ടോൾ ഫ്രീ നമ്പർ മാറ്റിയെന്ന വാദത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യത്യസ്ത ഫോൺ നമ്പറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളൊരു കുറിപ്പാണ് വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി വൈറലായിരിക്കുന്നത്. പരാതികൾ അറിയിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാനാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
പരാതി പരിഹാര സെൽ ടോൾ ഫ്രീ നമ്പർ നേരത്തെ 1800 425 7211ആയിരുന്നു. ഈ പതിനൊന്നക്ക നമ്പറിൽ നിന്ന് 1076 എന്ന നാലക്ക നമ്പറിലേക്ക് മാറ്റിയത് 2022 ജനുവരി 1നാണ്. ഈ ഔദ്യോഗിക നമ്പറിൽ വീണ്ടും മാറ്റം വരുത്തിയിരുന്നെങ്കിൽ ഉറപ്പായും അത് സംബന്ധിച്ച അറിയിപ്പ് ഇറക്കിയേനെ. എന്നാൽ അത്തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
വിശദമായ അന്വേഷണത്തിൽ കേരള സർക്കാറിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ടോൾ ഫ്രീ നമ്പറുകൾ മാറ്റിയെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി പോസ്റ്റ് പങ്കുവച്ചതായി കണ്ടെത്തി. “ശ്രദ്ധിക്കുക. നിങ്ങളുടെ പരാതികൾ മുഖ്യമന്ത്രിയെ അറിയിക്കാം. 1076 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപെടുക. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ പെട്ടുപോകരുതേ..” എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റും (പിആർഡി) ഈ പ്രചാരണം വ്യാജമാണെന്ന് മുന്നറിയിപ്പ് ൻൽകിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചകളിലും പ്രാദേശിക അവധി ദിനങ്ങളിലും രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ പ്രവർത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയോ അപേക്ഷകളുടെയോ നിലവിലെ സ്ഥിതി അറിയാൻ 1076 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരാതികളിൽ തീരുമാനമെടുക്കാൻ വൈകുകയോ നടപടികളിൽ അതൃപ്തി ഉണ്ടാവുകയോ ചെയ്താൽ ഈ നമ്പറിൽ വിളിച്ച് പരാതിപ്പെടാനും പരിഹാരം തേടാനും സാധിക്കും.
ചുരുക്കത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരാതി പരിഹാര സെല്ലിന്റെ ടോൾ ഫ്രീ നമ്പർ മാറ്റിയെന്ന പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം. ഔദ്യോഗിക ടോൾ ഫ്രീ നമ്പർ 1076 തന്നെയാണ്.
Content Highlights: Viral social media messages claiming a change to the CM's complaint cell number are fake., The official toll-free number for the Kerala CM complaint cell is 1076., The 1076 number has been active since January 1, 2022., Official sources from the Information & Public Relations Department have confirmed the misinformation., Public is advised to report complaints or check status via the official 1076 helpline.
Published: 25 Jul 2026, 02:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented