കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ UDF വിജയിച്ചതിന്റെ സന്തോഷ സൂചകമായി ഏവർക്കും സൗജന്യ മൊബൈൽ റീചാർജ് നൽകുന്നു എന്ന അവകാശവാദത്തോടെ ഒരു സന്ദേശം വാട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ₹749 രൂപയുടെ മൂന്നു മാസത്തെ റീചാർജാണ് സമ്മാനമായി നൽകുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ പ്രചാരണത്തിൻ്റെ വാസ്തവമന്വേഷിച്ച് ഓട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്ക് ടിപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഈ പ്രചാരണം വ്യാജമാണ് എന്നതാണ് യാഥാർത്ഥ്യം.
വാട്സ്ആപ്പിന് പുറമെ ഫേസ്ബുക്കിലും ഇതേ സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. റീച്ചാർജ് നേടാനായി സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനാണ് പറയുന്നത്. മുൻപും സമാനരീതിയിൽ, റീചാർജ് സന്ദേശങ്ങൾ രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും സർക്കാറുകളുടെയും മറ്റും പേരിൽ പ്രചരിച്ചിട്ടുണ്ട്. ഇത് വ്യാജപ്രചാരണമാണ്, സൗജന്യ റീച്ചാർജ് സന്ദേശങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കുകൾ വ്യാജ ഫിഷിങ് ലിങ്കുകളാകാം.
ഈ വൈറൽ സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് (RECHARGE-N0W.blogspot.com) ഒരു ഔദ്യോഗിക വെബ് സൈറ്റിൻറേതല്ല. ഈ യുആർഎല്ലിൽ blogspot.com എന്ന് കാണാം, ഗൂഗിൾ നൽകുന്ന ഒരു സൗജന്യ ബ്ലോഗ് പ്രസിദ്ധീകരണ സേവനമാണ് ബ്ലോഗ് സ്‌പോട്ട്. കോഡിംഗോ മറ്റ് സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ തന്നെ ആർക്കും ഇതുവഴി സ്വന്തമായി ഒരു വെബ്സൈറ്റ് നിർമ്മിക്കാനാകും. അത്തരത്തിൽ നിർമ്മിച്ച സൈറ്റ് അഡ്രസ്സാണ് സന്ദേശത്തിൽ നൽകിയിരിക്കുന്നത്.
സന്ദേശത്തിനൊപ്പം നൽകിയിരുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൊമെയ്ൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ് എന്ന സന്ദേശമാണ് കാണാൻ സാധിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് യുഡിഎഫോ മുന്നണിയിലെ പാർട്ടികളോ സമ്മാനങ്ങൾ നൽകുമെന്ന പ്രചാരണം വ്യാജമാണ്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി വ്യക്തിവിവരങ്ങൾ കൈമാറാനായിരിക്കും പൊതുവെ ആവശ്യപ്പെടുക. ഇതിലൂടെ ബാങ്കിംഗ്, വ്യക്തി വിവരങ്ങൾ തട്ടിയെടുക്കാനായിരിക്കും സൈബർ കുറ്റവാളികൾ ലക്ഷ്യമിടുന്നത്. വ്യാജ ലിങ്കുകളിൽ പ്രവേശിക്കുന്നത് വഴി മാൽവേറുകൾ ഡിവൈസിൽ കടന്നുകൂടാനും സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളിൽ കയറി വിവരങ്ങൾ കൈമാറുകയോ ഇവ മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയോ ചെയ്യരുത്.
Content Highlights: The viral message claiming a 3-month free recharge from UDF is false., The provided link (blogspot.com) is a phishing attempt to steal personal data., Clicking such links can lead to malware infections and banking fraud., UDF has not announced any such promotional gift for election victory., Official sources do not use free blog hosting sites for welfare announcements.
Published: 11 May 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented