“ക്ഷേമ പെൻഷൻ അനാവശ്യമാണ്. കേരളത്തിൽ ആളുകൾക്ക് എന്തിനാ സൗജന്യം കൊടുക്കുന്നത്? അതിന്റെ ആവശ്യമില്ല" എന്ന് മുൻ ഡിജിപിയും വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ പറഞ്ഞു എന്ന ആരോപണത്തോടെ ഒരു സന്ദേശം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദി വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു അവരുടെ അഭിപ്രായ പ്രകടനമെന്ന തരത്തിൽ ഒരു ചിത്രം ഉൾപ്പടെയാണിത്.

To advertise here,

എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

അന്വേഷണം

മാധ്യമങ്ങളിലോ പൊതുവേദികളിലോ ആർ ശ്രീലേഖ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതായി വിവരമില്ല. മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികൂടിയായ അവർ ഇങ്ങനെയൊരു പരാമർശം നടത്താൻ സാധ്യതയില്ലെന്ന് മാത്രമല്ല, അഥവാ നടത്തിയിരുന്നെങ്കിൽ തന്നെ അത് ഉറപ്പായും വാർത്തയായെനെ. എന്നാൽ അത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളൊന്നുമില്ല.

പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഹിന്ദി വാർത്താ ചാനലായ ആജ് തക്കിൻ്റെ മെെക്ക് കാണാനാകും. പരിശോധനയിൽ ഈ ചിത്രം മാർച്ച് 19 ന് ആർ.ശ്രീലേഖ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കിവച്ചതായി കണ്ടെത്തി. തുടർന്ന് ആജ് തക്കിൻ്റ് സാമൂഹികമാധ്യമപേജുകൾ ഉൾപ്പടെ പരിശോധിച്ചുവെങ്കിലും ശ്രീലേഖയുടെ പ്രതികരണം ഇതുവരെ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്ന് വ്യക്തമായി.

തുടർന്ന് സ്ഥാനർത്ഥിയാകുന്നതിന് മുൻപും ശേഷവും അവർ നൽകിയ അഭിമുഖങ്ങളും പ്രതികരണങ്ങളും പരിശോധിച്ചു. കേരളം വലിയ കടക്കെണിയിലാണെന്നും വരുമാനമില്ലാതെ ഇത്തരം ചെലവുകൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ പലപ്പോഴായി തന്റെ യൂട്യൂബ് ചാനലിലൂടെയും അഭിമുഖങ്ങളിലൂടെയും ചോദിച്ചിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിന് ശേഷം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അവർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ക്ഷേമ പെൻഷൻ കുടിശ്ശിക വരുന്നതിനെക്കുറിച്ചും അവർ സംസാരിച്ചിട്ടുണ്ട്. അതല്ലാതെ ക്ഷേമ പെൻഷനുകൾ നൽകേണ്ടതില്ല എന്ന തരത്തിലൊരു പ്രസ്താവന അവർ നടത്തിയിട്ടില്ലെന്ന് വ്യക്തമായി.

വിശദവിവരങ്ങൾക്കായി ശ്രീലേഖയുമായി ഫോണിൽ ബന്ധപ്പെട്ടു. ഇത് വ്യാജപ്രചാരണമാണെന്നും, താൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടിലെന്നും അവർ വ്യക്തമാക്കി. മാത്രമല്ല തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഫേസ്ബുക്കിന് പരാതി നൽകിയതായും അവർ പറഞ്ഞു.

വാസ്തവം

ആർ. ശ്രീലേഖയുടെ പേരിൽ നടക്കുന്ന ഈ പ്രചാരണം വ്യാജമാണ്.