യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശനി സൗജന്യയാത്ര പദ്ധതിക്കെതിരെ സിപിഎം പ്രതിഷേധം ആഹ്വാനം ചെയ്തുവെന്ന വാദത്തോടെ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. പാർട്ടിക്കാരും അനുഭാവികളുമായ സ്ത്രീകൾ പണം നൽകി ടിക്കറ്റ് എടുത്ത് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു എന്ന അവകാശവാദത്തോടെയാണിത്. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
സിപിഎം പ്രിയദർശിനി പദ്ധതിക്കെതിരായി ഇങ്ങനെയൊരു പ്രതിഷേധം പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് വലിയ വാർത്തയാകുമായിരുന്നു. എന്നാൽ, ഈ വാദം സാധൂകരിക്കുന്ന വിശ്വസനീയമായ റിപ്പോർട്ടുകളൊന്നുമില്ല. എം.വി ഗോവിന്ദന്‍റെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ചെങ്കിലും പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്ന തരത്തിലുള്ള പ്രതിഷേധാഹ്വാന പോസ്റ്റുകളും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ പരിശോധനയിൽ, ‘എം.വി. ഗോവിന്ദന്റെ ചിത്രം ഉപയോഗിച്ച് വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരെ സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിശദീകരണ കുറിപ്പ് നൽകിയതായി കണ്ടെത്തി.
ജൂൺ 16-ലെ പോസ്റ്റിൽ പറയുന്നത് -
“സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫോട്ടോ ഉപയോഗിച്ച് സ. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതായി വിവിധങ്ങളായ പ്രചാരണ കാർഡുകൾ വ്യാജമായി സൃഷ്ടിച്ച് പ്രചരിപ്പിച്ചവർക്ക് എതിരെ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സ. കെ എസ് അരുൺകുമാർ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ അധികാരി മുമ്പാകെ പരാതി നൽകി. കെഎസ്ആർടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ടുകൊണ്ട് സിപിഐ എം വനിതകൾ ഈ സൗജന്യം സ്വീകരിക്കില്ല, പണം കൊടുത്ത് യാത്ര ചെയ്യും എന്ന രൂപത്തിൽ സ. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതായിട്ടാണ് പ്രചരിപ്പിക്കുന്നത്. അത്തരത്തിൽ ഒരു പ്രസ്താവന സ.ഗോവിന്ദൻ മാസ്റ്ററോ പാർട്ടിയോ നടത്തിയിട്ടില്ല.
വ്യാജ വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച കവിത സുരേഷ്, ടോമി വെരനാണിക്കൽ (Tomy verananickal), ജിൽസ് (Jils Gils) തുടങ്ങി നിരവധി പ്രൊഫൈലുകൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ വാർത്തകൾ പാർടിയുടേത് എന്ന പേരിൽ സൃഷ്ടിച്ച് അതിനായി ഡോക്യുമെന്റുകൾ ക്രിയേറ്റ് ചെയ്ത് പ്രചരണം നടത്തുകയാണ് ഇവർ ചെയ്യുന്നതെന്നും ഇത്തരത്തിലുള്ള കാർഡുകൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും സമാനമായ പ്രചാരണം നടത്തിയ മറ്റ് ആളുകളെയും കണ്ടെത്തണമെന്നും വ്യക്തിഹത്യയും അപവാദപ്രചരണം നടത്തുന്നവർക്ക് എതിരെ അന്വേഷണം നടത്തി ഭാരതീയ ന്യായ സംഹിത പ്രകാരവും ഐടി നിയമപ്രകാരവും നടപടി സ്വീകരിക്കണമെന്നുമാണ് പരാതി നൽകിയിരിക്കുന്നത്”
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പരാമർശവും എം.വി. ഗോവിന്ദൻ നടത്തിയിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുൺകുമാർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Viral social media posts claiming CPM opposition to KSRTC free travel are false., MV Govindan did not issue any statement regarding the boycott of the Priyadarshini scheme., CPM Ernakulam District Secretariat filed a police complaint against the creators of the fake posters., The party confirmed the posters are fabricated and misleading.
Published: 18 Jun 2026, 04:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented