‘മകൻ സൗദി അറേബ്യയിൽ നിന്നും തന്‍റെ ഹിന്ദുവായ അമ്മയെ കാണാൻ മാത്രമായി പറന്നെത്തി’ എന്ന വിവരണത്തോടെ ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറബ് വസ്ത്രധാരിയായ യുവാവ് പ്രായമായ സ്ത്രീയെ സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുന്നതാണു ചിത്രങ്ങളിൽ.
പോസ്റ്റിൽ പറയുന്നത് -
‘വർഷങ്ങൾക്ക് മുമ്പ്, കേരളത്തിൽ നിന്നുള്ള ഒരു ഹിന്ദു സ്ത്രീ സൗദിയിൽ കുട്ടികളുടെ പരിചാരകയായി ജോലി ചെയ്തു. അതിൽ ഒരു കൊച്ചുകുട്ടിയെ അവർ സ്വന്തം കുഞ്ഞിനെയെന്നപോലെ പരിപാലിച്ചു. കാലം കടന്നുപോയി, അവർ ഇന്ത്യയിലേക്ക് മടങ്ങി. കുട്ടി യുവാവായിമാറി, എന്നാൽ അവൻ അവരെ ഒരിക്കലും മറന്നില്ല. അവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അവൻ കേരളത്തിലേക്ക് യാത്രയായി.
അവരുടെ വീടിന്‍റെ വാതിൽപ്പടിയിൽ നിൽക്കുമ്പോൾ തന്നെ അവർ തിരിച്ചറിയുമോ എന്നവൻ സന്ദേഹിച്ചു. വാതിൽ തുറന്നു, അവർ എന്റെ മകനേ എന്ന് വിളിച്ച് ഓടിച്ചെന്ന് അവനെ മുറുകെ കെട്ടിപ്പിടിച്ചു, ആ ആലിംഗനത്തിൽ മതവും രാജ്യാതിർത്തികളും അപ്രത്യക്ഷമായി, കാലം നിശ്ചലമായി. ഒരു അമ്മയ്ക്കും മകനുമിടയിലെ അതിരുകളില്ലാത്തയ സ്നേഹം മാത്രമായിരുന്നു അവശേഷിച്ചത് .
ഇതേ സന്ദേശം പല ഭാഷകളിലായി വൈറലാണ്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
ഈ ചിത്രത്തിൽ കാണുന്നത് പ്രശസ്ത നാടക, സിനിമാ അഭിനേത്രി വിജയകുമാരിയാണ്. അന്തരിച്ച നാടകാചാര്യൻ ഒ. മാധവന്‍റെ ഭാര്യയും നടനും എംഎൽഎയുമായ എം. മുകേഷിന്‍റെ അമ്മയുമാണിവർ. പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്‍റെ ഉറവിടം സംബന്ധിച്ച് പരിശോധിച്ചു. അന്വേഷണത്തിൽ ഹാഷിം അബ്ബാസ് എന്ന യൂട്യൂബ് ചാനലിൽ ഇതിന്‍റെ വീഡിയോ പങ്കുവച്ചതായി കാണ്ടെത്തി. അഡ്വാൻസ് ഹാപ്പി ഓണം എന്ന തലക്കെട്ടോടെ 2023 ഓഗസ്റ്റ് 18-നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൗദി സ്വദേശിയായ ഹാഷിം അഭിനേതാവ്കൂടിയാണ്. 2023-ൽ പുറത്തിറങ്ങിയ കൊണ്ടോട്ടി പൂരം എന്ന മലയാള ചിത്രത്തിലെ നായകനായിരുന്നു അദ്ദേഹം. ഇയാളുടെ സോഷ്യൽ മീഡിയ ഹാൻറിലുകളിൽ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പോസ്റ്റുകളുണ്ട്. മാത്രമല്ല, തൃശ്ശൂരിൽ സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം പ്രമോഷൻ കൗൺസിലും കോർപ്പറേഷനുമായി ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷപരിപാടിയൽ ഹാഷിം പങ്കെടുത്തിരുന്നു. അതിൽ നാടൻപാട്ട് പാടുന്നതിന്‍റെ വീഡിയോയും ഇയാളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് നടത്തിയ പരിശോധനയിൽ വിജയകുമാരിക്കൊപ്പം ഹാഷിം പാട്ട് പാടുന്നതിന്‍റെ വീഡിയോ മുകേഷ് ഫേസ്ബുക്കിൽ പങ്കുവച്ചതായി കണ്ടെത്തി. 2023 ഓഗസ്റ്റ് 14-ലെ ഈ പോസ്റ്റിൽ ഹാഷിമിനൊപ്പം വിജയകുമാരി ബലികൂടീരങ്ങളെയെന്ന വിപ്ലവഗാനം പാടുന്നതാണുള്ളത്. ഇതിൽ നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്, ‘പ്രിയപ്പെട്ട സഹോദരൻ ഹാഷിം അബ്ബാസിന് സ്വാഗതം. സൗദി അറേബ്യയിൽ നിന്നുള്ള ഗായകനും സോഷ്യൽ മീഡിയ സെലിബ്രിറ്റിയുമായ ഹാഷിം കൊല്ലത്തെ എന്റെ വീട് സന്ദർശിക്കുകയും അമ്മയോടും കുടുംബത്തോടുമൊപ്പം കുറച്ച് സമയം ചെലവഴിക്കുകയും ചെയ്തു. ഈ വീഡിയോ കണ്ടപ്പോൾ തനിക്ക് വളരെ സന്തോഷമായി’ എന്നാണ്. ദൃശ്യങ്ങൾ ചുവടെ കാണാം.
മാത്രമല്ല, മുകേഷിനൊപ്പം നിൽക്കുന്ന ചിത്രം 2023 ഓഗസ്റ്റ് 18-ന് ഹാഷിം തന്‍റെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. വിശദ വിവരങ്ങൾക്കായി എം. മുകഷ് എംഎൽഎയുമായി ഫോണിൽ ബന്ധപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തന്‍റെ സഹോദരിയുടെ മകൻ ദിവ്യദർശന്‍റെ സുഹൃത്താണ് ഹാഷിമെന്നും അങ്ങനെ വീട്ടിൽ വന്നപ്പോൾ എടുത്ത ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നതെന്നും ഹാഷിം പലപ്പോഴായി തന്‍റെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
Content Highlights: Fact check: Viral post misrepresents photo of actress Vijayakumari, mother of MLA M Mukesh. Learn the truth behind the fake campaign.
Published: 21 Feb 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented