ചിത്രം - DC
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അത്തരത്തിൽ സഖ്യം രൂപീകരിച്ചാൽ തങ്ങളുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന കർശന നിലപാടണ് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സ്വീകരിച്ചത്.
വിജയ് ഉൾപ്പെടെ 108 എംഎൽഎമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. എന്നാൽ, മതിയായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന കാരണത്താൽ ടിവികെയുടെ സർക്കാർ രൂപവത്കരണ അവകാശവാദത്തെ ഗവർണർ അംഗീകരിച്ചില്ല. തുടർന്നാണ് ഡിഎംകെ- എഐഎഡിഎംകെ ക്യാമ്പുകളിൽ നിർണായകകൂടിക്കാഴ്ചകൾ നടന്നതായി വിവരം പുറത്തുവന്നത്.
ഈ പശ്ചാത്തലത്തിൽ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം.
38 സെക്കൻറ് ദൈർഘ്യമുള്ള വീഡിയോയിൽ സ്റ്റാലിൻ ഉൾപ്പടെയുള്ള നേതാക്കൾ ഓഫീസ് മുറിക്കകത്തേക്ക് വരുന്നതും പളനിസ്വാമി അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്നതും കാണാം. ഒരു വശത്തായി ഒ പനീർ സെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ നേതാക്കളുമുണ്ട്. ദൃശ്യങ്ങളിൽ കാണുന്ന സറ്റാലിന്‍റെ രൂപം ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമാണ്. പഴയ ദൃശ്യങ്ങളാകാം പ്രചരിക്കുന്നത് എന്ന സൂചനയാണിത് നൽകുന്നത്.
വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഒരു മാധ്യമ റിപ്പോർട്ട് ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ സ്റ്റാലിൻ പളനിസ്വാമിക്ക് ഒരു രേഖ കൈമാറുന്നുണ്ട്. അതേ ചിത്രമാണ് ഡെക്കാൺ ക്രോണിക്കിൾ 2018 ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച ഈ വാർത്തയിലുള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയുമായി പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാലിൻ സെക്രട്ടേറിയറ്റിലെ ചേംബറിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചാണ് വാർത്ത.
ഇതിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് കീവേർഡ് സർച്ച് ചെയ്തതിൽ നിന്നും, തമിഴ് ചാനലായ പുതിയതലൈമുറൈ ടിവി എട്ട് വർഷം മുൻപ് സംപ്രേഷണം ചെയ്ത വാർത്തയിൽ ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തി. സ്റ്റാലിനും പളനിസ്വാമിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ഈ വീഡിയോയുടെ തമ്പ് ഇമേജായി യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് നൽകിയിരിക്കുന്നത്.
എട്ട് വർഷം മുൻപ്, എം.കെ സ്റ്റാലിൻ പ്രതിപക്ഷ നേതാവായിരിക്കെ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.
Content Highlights: Clarifies that the viral video showing Stalin and Edappadi Palaniswami is not from 2026., Confirms the footage is actually from 2018 when Stalin was the Leader of the Opposition., Debunks rumors of a DMK-AIADMK alliance for government formation., Addresses the ongoing political uncertainty involving TVK and Vijay's MLA claims.
Published: 08 May 2026, 02:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented