രാജസ്ഥാനിൽ 32 പേർ ചേർന്ന് 13 കാരിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഹോട്ടലിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ച കുട്ടി മരണപ്പെട്ടു എന്ന തെറ്റായ പ്രചാരണമായിരുന്നു ആദ്യം നടന്നത്. തുടർന്ന് ഇരയായ കുട്ടിയുടെ ചിത്രം എന്ന പേരിൽ ഒരു ഫോട്ടോയും പ്രചരിക്കാൻ തുടങ്ങി.
എന്നാൽ, പ്രചരിക്കുന്ന ചിത്രത്തിൽ കാണുന്ന പെൺകുട്ടിക്ക് രാജസ്ഥാൻ സംഭവവുമായി ബന്ധമില്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ പീഡനത്തിനിരയായ 13 വയസ്സുകാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്ന് രാജസ്ഥാൻ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ തെറ്റായ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീ ഗംഗാനഗർ എസ്.പി. ഹരിശങ്കർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം, ലൈംഗികാതിക്രമ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണ്. ലൈംഗിക കുറ്റകൃത്യം ആരോപിക്കപ്പെട്ടതോ ചെയ്തതായി കണ്ടെത്തിയതോ ആയ ഏതൊരു ഇരയുടേയും വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങൾ അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ രണ്ട് വർഷം വരെ തടവിനും പിഴയ്ക്കും ശിക്ഷിക്കാവുന്നതാണ്.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ഇതേ ചിത്രമടങ്ങിയ ഒരു ഇൻ്റസ്റ്റഗ്രാം പോസ്റ്റ് കണ്ടെത്തി. ‘രാജസ്ഥാനിലെ ശ്രീഗംഗാനഗറിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്, ചിലർ അംശു ബാഗേലിന്റെ (Anshu Baghel) ചിത്രം വസ്തുതകൾ അറിയാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങൾ ഇല്ലാതെ ദയവായി ചിത്രങ്ങൾ പ്രചരിപ്പിക്കരുത്. കുമാരി അംശു ബാഗേൽ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. എന്നാൽ, ദയവായി ഈ ചിത്രം വൈറലാക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി’ എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ശ്രീ ഗംഗാനഗർ വിഷയവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ ദി പ്രിൻ്റ് നൽകിയ റിപ്പോർട്ടിൽ ഇരയായ കുട്ടിയുമായി നടത്തിയ സംഭാഷണത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന പോസ്റ്റുകളിൽ പറയുന്നതുപോലെ പീഡനത്തിന് ഇരയായ പെൺകുട്ടി മരിച്ചിട്ടില്ലെന്നും സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിലുള്ളത് മറ്റൊരു പെൺകുട്ടിയാണെന്നും വ്യക്തമായി.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. രാജസ്ഥാനിൽ പീഡനത്തിനിരയായ പെൺകുട്ടി മരണപ്പെട്ടു എന്ന പ്രചാരണം തീർത്തും വ്യാജമാണ്. ഹൃദയാഘാതം മൂലം മരിച്ച അംശു ബാഗേൽ എന്ന പെൺകുട്ടിയുടെ ചിത്രമാണ് രാജസ്ഥാനിൽ പീഡനത്തിനിരയായ പെൺകുട്ടിയുടേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: The viral photo claiming to be the Rajasthan rape victim is actually Anshu Baghel, who died of cardiac arrest., Rajasthan Police confirmed the rape victim is alive and receiving treatment., Spreading identities of sexual assault victims is a criminal offense under Bharatiya Nyaya Sanhita., Official reports from The Print confirm the victim is alive and the viral claims are false.
Published: 18 Jul 2026, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented