ചോദ്യപ്പേപ്പർ ചോർച്ച വിഷയം ഉയർത്തി കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു മാസത്തിലേറെയായി നടന്ന സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു. രാജ്യവിരുദ്ധ ശക്തികൾ ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യ മുതലെടുപ്പ് നടത്തുന്നതും തടയുന്നതിനായാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചത് എന്നാണ് ധർമ്മേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് നൽകിയ രാജി കത്തിൽ കുറിച്ചത്. 

To advertise here,

സി.ജെ.പി സമരവുമായി ബന്ധപ്പെട്ട് പല വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നാണ്, സമരവേദിയിൽ തോക്കുമായി വന്ന യുവാവിനെ പോലീസ് പിടികൂടിയെന്നത്. ഇരുചക്രവാഹന യാത്രക്കാരായ യുവാക്കളെ പോലീസ് തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ അവരുടെ പക്കൽ നിന്ന് തോക്ക് കണ്ടെടുക്കുന്നതിന്‍റെ വീഡിയോയും ഇതിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങൾക്ക് സി.ജെ.പി സമരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.

 

പ്രചരിക്കുന്ന വീഡിയോയിൽ ഫരീദാബാദ് ന്യൂസ് 24 എന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. വെള്ള ടീ ഷർട്ട് ധരിച്ചൊരു യുവാവിനെ പോലീസ് പിടികൂടിയതും ഇയാൾ വസ്ത്രത്തിനകത്ത് ആയുധം ഒളിപ്പിച്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇയാൾക്കൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മറ്റൊരു യുവാവും ദൃശ്യങ്ങളിലുണ്ട്. ആയുധവുമായി പിടിയിലായ യുവാവിന്‍റെ പേര് അനികേത് എന്നാണെന്നും, ലിഫ്റ്റ് ചോദിച്ച് വണ്ടിയിൽ കയറുകയായിരുന്നു എന്നുമാണ് ഇയാൾ ദൃശ്യങ്ങളിൽ പറയുന്നത്.

വീഡിയോയിൽ കാണുന്ന ‘ഫരീദാബാദ് ന്യൂസ് 24’ എന്ന സൂചന അടിസ്ഥാനമാക്കി പരിശോധിച്ചു. പ്രാദേശിക വാർത്താ മാധ്യമമാണിത്, അവരുടെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ മെയ് 21ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയുധം കണ്ടെത്തി’ എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. സി.ജെ.പി സമരം തുടങ്ങിയത് ജൂണിലാണെങ്കിൽ അതിനും മുൻപ് മെയ് മാസത്തിലായിരുന്നു ഈ സംഭവം. ഇതിൽ നിന്നും ഈ ദൃശ്യങ്ങൾക്ക് സി.ജെ.പി സമരവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിക്കാം.

യുവാക്കളെ പിടികൂടിയ സംഭവം മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നോ എന്ന് അന്വേഷിച്ചു. തുടർന്ന്, ദൈനിക് ഭാസ്‌കർ 2026 മെയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് കണ്ടെത്തി. ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഉന്നാവോയിലാണെന്നാണ് വാർത്തയിൽ പറയുന്നത്. ഉന്നാവോ ജില്ലയിൽ അചൽഗഞ്ച്, ബിഘാപൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ പകൽപോലും തുടർച്ചയായി കവർച്ചാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലുടനീളം പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഗംഗാഘട്ട് കോട്‌വാലി അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംശയകരമായ സാഹചര്യത്തിൽ രണ്ടു യുവാക്കൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ഇവരുടെ പക്കൽ നിന്ന് അനധികൃത തോക്ക് കണ്ടെടുത്തു. പിടിയിലായവർക്ക് സമീപകാലത്തു നടന്ന കവർച്ചകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്നും വാർത്തയിലുണ്ട്.

https://www.bhaskar.com/local/uttar-pradesh/unnao/news/unnao-arms-seized-alert-after-loots-two-arrested-video-137990057.html 

വാസ്തവം

പ്രചാരണം വ്യാജമാണ്, വൈറൽ വീഡിയോക്ക് സി.ജെ.പി സമരവുമായി ബന്ധമില്ല. 2026 മെയ് 20ന് യുപിയിലെ ഉന്നാവോയിൽ നടന്ന വാഹനപരിശോധനയിൽ പിടിയിലായ യുവാക്കളാണ് ദൃശ്യങ്ങളിൽ.