ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) തടഞ്ഞുവെച്ചുവെന്നും അദ്ദേഹത്തെ എൽ സാൽവഡോറിലെ ജയിലിലേക്ക് അയക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു എന്ന വാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ട്രൂത്ത് സോഷ്യലിലെ ട്രംപ് പങ്കുവച്ച പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് എന്ന തരത്തിലാണിത്. യുഎസ്- ബോസ്നിയ മത്സരത്തിൽ ഫോളാരിൻ ബലോഗണിന് റെഡ് കാർഡ് നൽകിയതിനെ ട്രംപ് വിമർശിക്കുന്നതായും ഈ പോസ്റ്റിലുണ്ട്.
‘ഫോളാരിൻ ബലോഗന് നേരെ ഇന്ന് നടന്നത് തികഞ്ഞ അനീതിയാണ്. ആ ചുവപ്പ് കാർഡ് ഫുട്ബോൾ ലോകത്തെ തന്നെ പരിഹാസ്യമാക്കുന്ന ഒന്നാണ്. ഫിഫയുടെ നിലവിലെ നേതൃത്വം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ജിയാനി ഇൻഫാന്റിനോയെ ഇപ്പോൾ നിയമപാലകർ പിടികൂടിയിരിക്കുന്നു, അദ്ദേഹം ഉടൻ തന്നെ എൽ സാൽവഡോറിലെ ജയിലിലേക്ക് മാറ്റപ്പെടും. അമേരിക്കയിൽ ഇനി അഴിമതിക്ക് സ്ഥാനമില്ല. ഫുട്ബോളിന്റെ പഴയ പ്രതാപം നമ്മൾ വീണ്ടെടുക്കും’ എന്നാണ് പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലെ വാചകങ്ങൾ.
എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
ഇത്തരത്തിൽ ഒരു പ്രസ്താവന ട്രംപ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ അത് തീർച്ചയായും വാർത്തയായെനെ. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ (Truth Social) അക്കൗണ്ടിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ഇത്തരമൊരു സന്ദേശം പങ്കുവച്ചിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പിച്ചു. ഇൻഫാന്റിനോയുടെ അറസ്റ്റ് സംബന്ധിച്ച് വൈറ്റ് ഹൗസ്, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE), ഫിഫ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക വൃത്തങ്ങളൊന്നും ഇതുവരെ പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടില്ല. പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, പ്രചാരണം വ്യാജമാകാനാണ് സാധ്യത.
ലോകകപ്പ് ഫുട്ബോളിൽ അമേരിക്കൻ സ്‌ട്രൈക്കർ ഫോളറിൻ ബലോഗന് ഒരു മത്സരത്തിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ഫിഫ നീക്കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസാധാരണമായ ഇടപെടലിനെത്തുടർന്നാണ് ഈ നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ ബെൽജിയത്തിനെതിരെ നടക്കുന്ന പ്രീ-ക്വാർട്ടർ (Round of 16) മത്സരത്തിൽ ബലോഗന് കളിക്കാനാകും. ഇതല്ലാതെ പ്രചരിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. ട്രംപിൻ്റെ സമൂഹമാധ്യമ പേജുകളിലും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചിട്ടില്ല.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ട്രംപ് ഇത്തരത്തിലൊരു പോസ്റ്റ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിട്ടില്ല.
Content Highlights: Viral screenshot of Donald Trump's Truth Social post regarding Gianni Infantino is fake., No official reports from White House, ICE, or FIFA confirm the arrest., Folarin Balogun's FIFA suspension was lifted following separate administrative processes., The claim serves as misinformation designed to exploit sports controversy.
Published: 06 Jul 2026, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented