ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സമരത്തിനിടെ പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടുവെന്ന ആരോപണത്തോടെ ഒരു വീഡിയോ എക്സിൽ പ്രചരിക്കുന്നുണ്ട്. ആശുപത്രിയിൽനിന്ന് മൃതദേഹം കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പടെയാണിത്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന്‌ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

To advertise here,

ജന്തർ മന്തറിലെ സമരത്തിനിടെ തലയ്ക്ക് പരിക്കേറ്റ യുവതിയും മറ്റൊരു യുവാവും മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നേരത്തെ വ്യാജ പ്രചാരണം നടന്നിരുന്നു. സമാന തരത്തിലാണ് പോലീസുകാരൻ മരിച്ചതായും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ചില പോലീസുകാർക്കും പരിക്കേറ്റിരുന്നു. എന്നാൽ, ആർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളില്ല.

വൈറൽ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഇതിന്‍റെ തന്നെ കൂടുതൽ ക്ലാരിറ്റിയുള്ള ഇൻസ്റ്റഗ്രാം വീഡിയോ ലഭിച്ചു. “പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ബൈഷ്ണബ്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( ബിഎസ്എഫ്) 71, 119 ബറ്റാലിയനുകളുടെ ആസ്ഥാനത്ത് നടന്ന വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സഹപ്രവർത്തകനായ ജവാനാണ് വെടിയുതിർത്തത്. സംഭവത്തിൽ അന്വേഷണം നടക്കുന്നു” എന്നാണ് ഇതിനൊപ്പം നൽകിയിരിക്കുന്ന വിവരണത്തിൽ പറയുന്നത്.

ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ഈ സംഭവത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ കണ്ടെത്തി. കോർട്ട് മാർഷൽ നടപടികൾ നേരിടുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ ശിവം കുമാർ മിശ്ര എന്നയാളാണ് മറ്റൊരു ഉദ്യോഗസ്ഥന്‍റെ സർവീസ് റൈഫിൾ പിടിച്ചെടുത്ത് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെടിവെപ്പിൽ, ഹെഡ് കോൺസ്റ്റബിൾ അജയ് കുമാർ, കോൺസ്റ്റബിൾ അംബാദർ സുരേഷ് എന്നിവർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ വികാസ് ബ്രഹ്മ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം പ്രതിയായ ഉദ്യോഗസ്ഥനെ ബി.എസ്.എഫ് കസ്റ്റഡിയിലെടുത്തതായും വാർത്തയിൽ പറയുന്നുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്ത അതേ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിലും. ഇതിൽ നിന്നും പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിക്കാം.

 

ഇതുമാത്രമല്ല ഡൽഹി പോലീസ് ഹെഡ് കോൺസ്റ്റബിൾ പ്രതിഷേധ സമരത്തിനിടെ കൊല്ലപ്പെട്ടു എന്ന തരത്തിലും സന്ദേശങ്ങൾ പ്രചരിച്ചതായും ഇത് വ്യാജമാണെന്നും ഡൽഹി പോലീസ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.