നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയം ഉയർത്തി നടന്ന സിജെപി സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും, അതിനായി നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡോ വിവരങ്ങളോ ഹാജരാക്കണമെന്ന് നിബന്ധനയുണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‘നീറ്റ് പരീക്ഷയെഴുതിയ വിവരങ്ങൾ ഹാജരാക്കാത്തപക്ഷം സമരക്കാർക്കെതിരായ എഫ്.ഐ.ആർ പിൻവലിക്കില്ല’ എന്ന മുന്നറിയിപ്പും ഇതിൽ നൽകിയിട്ടുണ്ട്.

To advertise here,

കീവേർഡ് സർച്ച് ചെയ്തതിൽനിന്നും ഇതേ വാദത്തോടെ വേറെയും പോസ്റ്റർ പ്രചരിക്കുന്നതായി കണ്ടു. ‘കേസ് പിൻവലിക്കാൻ, മുൻപ് എഴുതിയ നീറ്റ് പരീക്ഷ സംബന്ധിച്ച വിവരങ്ങളോ റദ്ദാക്കിയ പരീക്ഷയുടെ അഡ്മിറ്റ് കാർഡോ നൽകണം’ എന്ന് കേന്ദ്ര മന്ത്രി ജെ.പി. നദ്ദ പറഞ്ഞെന്ന തരത്തിലാണിത്. പോസ്റ്റ് ചുവടെ കാണാം

പരീക്ഷാ ക്രമക്കേട് വിഷയം ഉയർത്തി ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും കോക്രോച്ച് ജനത പാർട്ടി (CJP) നയിച്ച സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടികളോ കേസുകളോ ഉണ്ടാകില്ലെന്ന് ജൂലായ് 25-നു നടന്ന ചർച്ചയിൽ കേന്ദ്ര മന്ത്രിമാർ ഉറപ്പു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു സിജെപി സമരം അവസാനിപ്പിച്ചത്. എഫ്.ഐ. ആറുകൾ റദ്ദാക്കിയില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു.

സിജെപി സമരത്തെ പിന്തുണച്ച് വിദ്യാർത്ഥി-യുവജന സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിനെതിരായി എടുത്ത കേസുകൾ പിൻവലിക്കുമെന്ന് ബിഹാർ, അസം, രാജസ്ഥാൻ സർക്കാറുകൾ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ എത്ര കേസുകൾ ഉണ്ടെങ്കിലും അത് പിൻവലിക്കുമെന്നും ഇത് സംബന്ധിച്ച് ഡിജിപിക്ക്‌ നിർദേശം നൽകിയതായുമാണ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞത്. സമരവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 13 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇത് പിൻവലിക്കാൻ നിർദേശം നൽകിയതായി ഡൽഹി ആഭ്യന്തര വകുപ്പും വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നതുപോലെ കേസുകൾ പിൻവലിക്കാൻ "നീറ്റ് അഡ്മിറ്റ് കാർഡോ പരീക്ഷ എഴുതിയതിന്റെ തെളിവോ ഹാജരാക്കണം" എന്ന നിബന്ധന കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മുന്നോട്ടുവച്ചതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. ആയതിനാൽ പ്രചാരണം തെറ്റാണെന്ന നിഗമനത്തിലെത്താം.