റഷ്യൻ സാഹസികരായ ഇവാൻ ബീർക്കസും ആഞ്ചല നിക്കോളാവും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് മുകളിൽ നടത്തിയ മോതിരകൈമാറ്റം ലോകമെമ്പാടും വൈറലായിരുന്നു. ഇതിന് പിന്നാലെ ഇവരെ അനുകരിച്ച് ബിഹാറിൽ കമിതാക്കൾ വൈദ്യുതി ടവറിൽ കയറി എന്ന വാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം വ്യാജമാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണം
ജൂലൈ ഒന്നിന് ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ നടന്ന സാഹസിക പ്രകടനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിഹാർ സ്വദേശികളായ കമിതാക്കൾ വൈദ്യുതി ടവറിൽ കയറി വിവാഹാഭ്യർത്ഥന നടത്താൻ ശ്രമിച്ചു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ അവകാശപ്പെടുന്നത്. പോലീസ് എത്തിയതിനാൽ വിവാഹാഭ്യർത്ഥന നടന്നില്ലെന്നും ഈ പോസ്റ്റുകളിലുണ്ട്. ചില പ്രമുഖ വാർത്താ മാധ്യമങ്ങളും ഇതേ അവകാശവാദത്തോടെ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ കമിതാക്കൾ എന്ന് പരാമർശിക്കുന്നുണ്ടെങ്കിലും വീഡിയോയിൽ ഒരു യുവതിയെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ദൃശ്യങ്ങളിൽനിന്ന് കീ ഫ്രെയിമെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. ദേശീയ മാധ്യമമായ എൻഡിടിവി ഇതേ വീഡിയോ 2026 മെയ് 15 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്‍റെ മുകളിൽ കയറി ഇവാൻ ബീർക്കസ് ആഞ്ചല നിക്കോളാവിനോട് വിവാഹാഭ്യർത്ഥന നടത്തിയത് ജൂലൈ മാസത്തിലും. ഇതോടെ ഇവരെ അനുകരിച്ച് നടത്തിയ സാഹസം എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായി.
എൻഡിടിവി നൽകിയ റിപ്പോർട്ട് അനുസരിച്ച് ബിഹാറിലെ സരൺ ജില്ലയിലുള്ള അമാനൂർ ബ്ലോക്കിലെ പക്രി മുഹമ്മദ് ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. അവിടെയുള്ള മൗസം കുമാരി എന്ന യുവതി തന്റെ കാമുകനുമായുള്ള തർക്കത്തെത്തുടർന്ന് ഒരു ടെലിഫോൺ ടവറിൽ കയറി പ്രതിഷേധിക്കുകയായിരുന്നു. ആറുമാസത്തോളമായി പ്രണയത്തിലായിരുന്ന അലോക് കുമാർ എന്ന യുവാവ് വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയതിലുള്ള മാനസിക വിഷമം മൂലമാണ് യുവതി ടവറിൽ കയറിയത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസുകാർ യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കിയതായും വാർത്തയിലുണ്ട്.
ന്യൂയർക്കിലെ വൈറൽ വിവാഹാഭ്യർത്ഥന അനുകരിച്ച് ബിഹാറിൽ കമിതാക്കൾ ഇലട്രിക് ടവറിൽ കയറി എന്ന വാദം തെറ്റാണെന്ന് വ്യക്തമായി. കാമുകനുമായി പിണങ്ങിയ ടെലഫോൺ ടവറിന് മുകളിൽ കയറിയ മൗസം കുമാരി എന്ന യുവതിയെ രക്ഷപ്പെടുത്താനായി പോലീസുകാർ ടവറിൽ കയറുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. ബിഹാറിൽ പ്രണയനൈരാശ്യത്തെത്തുടർന്ന് ഒരു യുവതി ടെലഫോൺ ടവറിൽ കയറിയ ദൃശ്യങ്ങളാണിത്. ന്യൂയോർക്കിലെ സംഭവം നടക്കുന്നതിനും മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണിത്.
Content Highlights: Viral video claim of a Bihar couple mimicking a New York proposal is false., The footage shows Mausam Kumari climbing a tower in Saran district due to a personal dispute., The incident occurred on May 15, 2026, months before the New York event., Police successfully rescued the woman after hours of effort., Media outlets misidentified a protest as a romantic proposal.
Published: 07 Jul 2026, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented