കോതമംഗലം: പെരിയാർവാലി കനാലുകളിൽ ജലവിതരണം ഡിസംബർ ആദ്യം തുടങ്ങുമെന്ന് അധികൃതർ. വരൾച്ച മുൻനിർത്തി ഇക്കുറി കനാൽ തുറക്കുന്നതിന് മുന്നൊരുക്കം നേരത്തേ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതും വരുംദിവസങ്ങളിൽ മഴ കാര്യമായി പെയ്താൽ കനാൽ തുറക്കുന്നതു സംബന്ധിച്ച മുൻ തീരുമാനത്തിൽ മാറ്റം വരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അധികൃതർ പറഞ്ഞു. അറ്റകുറ്റപ്പണികളും ശുചീകരണപ്രവർത്തനവും നേരത്തേ തുടങ്ങിയെങ്കിലും അവസാനഘട്ടത്തിലാണ്. മുൻ വർഷത്തെപ്പോലെ കാടുവെട്ടിയതും ബെഡിലെ ചെളി നീക്കലും കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. കാടുവെട്ടിയതിന്റെ അവശിഷ്ടവും ചെളിയും ബണ്ടിന്റെ ചരുവിൽ നിക്ഷേപിക്കുന്നത് മഴ പെയ്യുമ്പോൾ കനാലിലേക്കുതന്നെ ഒഴുകിയെത്തും. കോടികൾ മുടക്കിയുള്ള പണി പ്രയോജനരഹിതമാകുമെന്ന ആക്ഷേപമുണ്ട്. ഇതിന് മാറ്റം വരുത്തുന്ന കാര്യത്തിൽ അധികൃതർ പുനർവിചിന്തനം നടത്തണം.

To advertise here,

ഡിസംബർ 3-ന് മെയിൻ കനാൽ തുറന്ന് ട്രയൽ റൺ നടത്താനാണ് പെരിയാർവാലി ഉദ്യോഗസ്ഥരുടെ തീരുമാനം. ലോ-ഹൈ ലെവൽ, ബ്രാഞ്ച് കനാലുകൾ പിന്നീട് തുറക്കും. ഇതിന്റെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിന്റെ 13 ഷട്ടറുകൾ ഒരാഴ്ച മുൻപ് അടച്ച് സംഭരണിയിൽ ജലനിരപ്പ് ക്രമീകരിച്ചിരുന്നു. 2 ഷട്ടർ മാത്രമാണ് തുറന്നിട്ടുള്ളത്. ഡാമിലെ ശനിയാഴ്ച വൈകിട്ടത്തെ ജലനിരപ്പ്് 34.5 മീറ്ററാണ്. ചെങ്കര കനാൽ റഗുലേറ്റർ വരെ വെള്ളം നിറച്ചു. റഗുലേറ്റർ ഷട്ടറുകൾ തുറക്കുന്നതോടെ മെയിൻ കനാലിലേക്ക് വെള്ളമെത്തും. അടിയോടി ബൈവർക്കേഷൻ പോയിന്റിൽനിന്ന് ലോ-ഹൈ ലെവൽ കനാലുകളിലേക്ക് തിരിച്ചുവിടുന്നതോടെ ബ്രാഞ്ച്, ഡീവിയേഷൻ കനാലുകളിലേക്ക് വെള്ളം എത്തുകയുള്ളൂ. മുൻ വർഷങ്ങളിൽ ഡിസംബർ അവസാനമോ ജനുവരി പകുതിക്ക് മുൻപോ ആണ് കനാലുകൾ തുറന്നിരുന്നത്. ഇത്തവണത്തെ മഴക്കുറവ് വരൾച്ചയും ജലക്ഷാമവും ഉണ്ടാകാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കനാൽ നേരത്തേ തുറക്കാൻ തീരുമാനിച്ചത്. ജില്ലയുടെ നിരവധി പ്രദേശങ്ങളിൽ കൃഷിക്കും വീട്ടാവശ്യങ്ങൾക്കുമുള്ള വെള്ളം എത്തിക്കുന്നത് പെരിയാർവാലി കനാലുകളാണ്. ഡാമിന്റെ ഷട്ടർ അടച്ചതുവഴി ഡിസംബർ 5 മുതൽ ഭൂതത്താൻകെട്ടിൽ നടത്തുന്ന ടൂറിസം ഫെസ്റ്റിനും അനുകൂലമാകും. ബോട്ടിങ് ഉൾപ്പെടെ ഇത്തവണ നേരത്തേ ആരംഭിക്കാനാകും.