ചെറായി : പറവൂരിൽനിന്ന് വൈപ്പിൻ വഴി എറണാകുളത്തേക്കുള്ള രാത്രികാല ബസ് സർവീസുകളുടെ ക്ഷാമം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പറവൂരിൽനിന്ന് വൈപ്പിൻ വഴി എറണാകുളത്തേക്ക് രാത്രി എട്ടരയ്ക്കു ശേഷം പ്രൈവറ്റ് ബസുകൾ സർവീസ് നടത്താത്തതിൽ വലിയ പരാതിയാണ് യാത്രക്കാർ ഉയർത്തുന്നത്.

To advertise here,

വൈകീട്ട് 7.15-നു ശേഷം നാല് ബസുകളാണ് പറവൂരിൽനിന്നും എറണാകുളത്തേക്കുള്ളത്. രാത്രി 7.23, 7.37, 7.41, 8.17 എന്നീ സമയങ്ങളിലാണ് ഇവ പറവൂരിൽനിന്നും ട്രിപ്പ് ആരംഭിക്കുന്നത്. ഇതിനുപുറമെ ഈ സമയത്ത് ഭാഗികമായി സർവീസ് നടത്തുന്ന നാലഞ്ച് ബസുകളുമുണ്ട്.

അതേസമയം, എറണാകുളത്തുനിന്നും രാത്രി 8.28 മുതൽ 9.40 വരെ പത്തോളം ബസുകൾ വൈപ്പിനിലൂടെ സർവീസ് നടത്തുന്നുണ്ട്.

ട്യൂഷൻ കഴിഞ്ഞ് ഫുൾ ടിക്കറ്റ് എടുത്തുവരുന്ന വിദ്യാർഥികളും ജോലി കഴിഞ്ഞും മറ്റ് അത്യാവശ്യങ്ങൾക്കായി രാത്രിയിൽ യാത്ര ചെയ്യുന്ന നിരവധി പേരും ഈ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നു.

നിലവിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾക്ക് ഈ റൂട്ടിലൂടെ കടന്നുപോകാൻ അനുമതി നൽകിയാലും രാത്രികാല യാത്രാ പ്രശ്‌നത്തിന് വലിയൊരു പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

രാത്രി എട്ടര മുതൽ പത്തു മണി വരെ അരമണിക്കൂർ ഇടവിട്ടെങ്കിലും വൈപ്പിൻ വഴി കെ.എസ്.ആർ.ടി.സി. സർവീസുകൾ നടത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.