പറവൂർ : കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നാലുദിവസമായി നടന്നുവരുന്ന പറവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം വെള്ളിയാഴ്ച സമാപിക്കും. 13 വേദികളിലായാണ് 288 ഇനങ്ങളിൽ 3,600-ഓളം വിദ്യാർഥികൾ കലകളുടെ മാറ്റുരയ്ക്കുന്നത്.
സമാപന സമ്മേളനം വൈകീട്ട് നാലിന് മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്യും. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷത വഹിക്കും. ഫാ. ആന്റണി ചില്ലിട്ടശ്ശേരി, ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. എ.ഇ.ഒ. എ.എ. അജയൻ കലോത്സവ അവലോകനം നടത്തും.
ഇതുവരെ നടന്ന മത്സരങ്ങളിൽ 515 പോയിന്റുകളോടെ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്‌കൃത ഹയർ സെക്കൻഡറി സ്‌കൂളാണ് തുടർച്ചയായി മുന്നിട്ടുനിൽക്കുന്നത്.
436 പോയിന്റുകളോടെ പുല്ലംകുളം എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനത്ത് നിൽക്കുന്നു. 337 പോയിന്റുകളോടെ മൂത്തകുന്നം എസ്.എൻ.എം. ഹയർ സെക്കൻഡറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
പ്രശംസ പിടിച്ചുപറ്റി ഹരിതകർമസേന
:കലോത്സവ വേദികളും പരിസരവും ശുചിയാക്കുന്നതിലും ഗ്രീൻ പ്രോട്ടക്കോൾനടപ്പാക്കുന്നതിലും ഹരിതകർമസേന കലോത്സവ നഗരിയിൽ പ്രശംസ പിടിച്ചുപറ്റി. വടക്കേക്കര പഞ്ചായത്തിലെ 10 പേർ അടങ്ങുന്ന ടീമാണ് കൃത്യതയോടെ മാലിന്യനീക്കവും കുടിവെള്ള വിതരണവും ഒക്കെ നടത്തിയത്. തെങ്ങോലകൊണ്ടുണ്ടാക്കിയ വല്ലത്തിലാണ് ഇവർ കലോത്സവനഗരിയിലെ മാലിന്യം യഥാസമയം നീക്കം ചെയ്തത്.
Published: 20 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented