ആലുവ : ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമായ ആലുവ മണപ്പുറം മണ്ഡലകാലത്ത് കാര്യമായി ഒരുങ്ങിയില്ല.
തൃശ്ശൂർ മുതൽ വടക്കൻ കേരളത്തിലെയും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേയും ശബരിമല തീർഥാടകർ ആണ് മണപ്പുറത്ത് എത്തുന്നത്. വിരി വെക്കാനും കുളിക്കാനും ക്ഷേത്രദർശനത്തിനും ഒരുപോലെ സൗകര്യം ഉള്ളതാണ് ആലുവയെ ആശ്രയിക്കാൻ കാരണം. മണ്ഡലകാലത്ത് നൂറുകണക്കിന് ഭക്തർ ആണ് ദേവസ്വം ഹാളിൽ വിരിവെച്ച ശേഷം പുലർച്ചെ കുളിച്ച് ക്ഷേത്രദർശനം നടത്തി യാത്ര തുടരുന്നത്.
വാഹന പാർക്കിങ് ഏരിയ കാടുപിടിച്ച നിലയിലാണ്. ദേവസ്വം ഹാളിന് പിന്നിലാണ് തീർഥാടകരുടെ ബസ് പാർക്ക് ചെയ്യേണ്ടത്. ഇവിടെ കുറച്ച് പുല്ലുകൾ മാത്രമാണ് വെട്ടിയത്. വിശാലമായ സൗകര്യമുണ്ടായിട്ടും ആവശ്യത്തിന് സ്ഥലസൗകര്യമൊരുക്കിയിട്ടില്ല. ഹാളിന് മുൻപിലെ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വലിയ ബസുകൾ പാർക്ക് ചെയ്താൽ മറ്റ് വാഹനങ്ങൾക്ക് പുറത്തേക്ക് പോകാനാകില്ല.
രാത്രിയും പകലും തങ്ങുന്ന ഭക്തർക്കായി ചെറിയ ചായക്കടയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. നേരത്തേ ഊണും പ്രഭാത ഭക്ഷണവും എല്ലാം ലഭിക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടൽ മണ്ഡലകാലത്ത് ഉണ്ടാകുമായിരുന്നു. അമിത തറവാടക ആണ് ഹോട്ടൽ നടത്തിപ്പുകാർ പിന്മാറാൻ കാരണം.
സ്ഥിരം എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്ന മണപ്പുറത്ത് മണ്ഡലകാലത്തുപോലും എയ്ഡ് പോസ്റ്റ് തുറന്നിട്ടില്ല. ദേവസ്വം അധികൃതർ ആലുവ പോലീസിന്റെ മുഴുവൻസമയ സേവനം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.
അതേസമയം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടകർക്ക് രാത്രി കഞ്ഞി വിതരണം ആരംഭിച്ചു. മകരവിളക്ക് വരെ ദിവസവും 250 പേർക്ക് കഞ്ഞി നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 10 ഇ- ടോയ്ലെറ്റുകളും സ്ഥാപിച്ചു.
സജ്ജീകരണം പൂർണമല്ല- ഹിന്ദു ഐക്യവേദി
: ശിവരാത്രി മണപ്പുറത്ത് ശബരിമല തീർഥാടകർക്ക് ഇടത്താവള ഒരുക്കങ്ങൾ പൂർണമായിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി ആലുവ താലൂക്ക് സമിതി യോഗം കുറ്റപ്പെടുത്തി.
വാഹനം പാർക്ക് ചെയ്യുന്നതിന് പരിമിതമായ സ്ഥലമാണ് കാടുവെട്ടി വൃത്തിയാക്കിയിട്ടുള്ളത്. അയ്യപ്പൻമാർക്ക് വിശ്രമിക്കുന്നതിന് ഓല മേഞ്ഞ താത്കാലിക പന്തൽ ഇതുവരെ നിർമിച്ചിട്ടില്ല. ക്ഷേത്രപരിസരമാകെ മാലിന്യം നിറഞ്ഞുകിടക്കുന്നു.
ഇടത്താവളത്തിൽ എത്തുന്ന അയ്യപ്പൻമാർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് പ്രത്യേകം ആരെയും നിയോഗിച്ചിട്ടില്ല. നിലവിലുള്ള കക്കൂസ്, കുളിമുറി ഉപയോഗിക്കുന്നതിനുള്ള തുക രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കാത്തതുമൂലം അമിതമായ തുക ഈടാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ബാബു താലൂക്ക് വൈസ് പ്രസിഡന്റുമാരായ എ.ആർ. ഷൈൻ, ഹരിദാസ് നൊച്ചിമ, സംഘടനാ സെക്രട്ടറി വി. ബേബി, ജന. സെക്രട്ടറി കെ.പി. തൃദിപ് എന്നിവർ സംസാരിച്ചു.
Published: 19 Nov 2026, 02:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented