ചെറായി : കിഴക്കൻ കായലോര റോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു.

To advertise here,

വാട്ടർ മെട്രോ വടക്കൻ പറവൂരിലേക്ക് നീട്ടുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം വൈപ്പിൻകരയ്ക്കും വലിയ പ്രതീക്ഷകൾ നൽകുന്നു. കൊച്ചി അഴിമുഖം മുതൽ മുനമ്പം അഴിമുഖം വരെ നീണ്ടുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള ജലപാതയിലൂടെയുള്ള ടൂറിസം വൈപ്പിൻകരയ്ക്കും പറവൂരിനും ഒരുപോലെ ഗുണം ചെയ്യും. പക്ഷേ വീരൻപുഴയിലെ എക്കലും ചെളിയും അടിഞ്ഞുകൂടിയുണ്ടായ തിട്ടകൾ സുഗമമായ ജലഗതാഗതത്തിന് തടസ്സമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

എക്കൽമണ്ണ് നീക്കി വീരൻപുഴയ്ക്ക് ആഴം കൂട്ടുകയെന്നതാണ് പ്രശ്നത്തിനുള്ള ഏകപരിഹാരം. ഇതിലൂടെ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് വൈപ്പിൻകരയുടെ കിഴക്കൻ തീരത്ത് ഒരു പുതിയ സമാന്തര കായലോര പാത നിർമിക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയർന്നിരിക്കുന്നത്. കടുത്ത ഗതാഗതക്കുരുക്കിൽ വലയുന്ന വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കിഴക്കൻ കായലോര പാത നിർമിക്കണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നതാണ്.

വീരൻപുഴയിൽ എക്കൽ മണ്ണും ചെളിയും അടിഞ്ഞുകൂടിയിരിക്കുന്നതുമൂലം പുഴയുടെ ആഴം വൻതോതിൽ കുറഞ്ഞു. വേനൽക്കാലത്ത് വെള്ളം കുറയുകയും വേലിയിറക്കം ശക്തമാവുകയും ചെയ്യുമ്പോൾ പല ഭാഗങ്ങളിലും അടിത്തട്ട് തെളിഞ്ഞ് പുഴ കരയായി മാറുന്ന സാഹചര്യമാണുള്ളത്. ഇത് സാധാരണ ജലനിരപ്പുള്ള സമയങ്ങളിൽ പോലും ബോട്ടുകളും ജലയാനങ്ങളും എക്കലിൽ കുടുങ്ങാൻ കാരണമാകുന്നു.

ഗോശ്രീ പാലങ്ങൾ നിർമിച്ച സമയത്ത് ഹൈഡ്രോളിക് ഡ്രെജ്ജിങ് വഴി ചെളിയും മണലും പമ്പ് ചെയ്ത് കര സൃഷ്ടിച്ച മാതൃകയിൽ, വീരൻപുഴയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ ഉപയോഗിച്ച് വൈപ്പിന്റെ കിഴക്കൻ തീരത്ത് വീതിയുള്ള ഒരു കായലോര റോഡ് നിർമിക്കാവുന്നതാണ്. പരമ്പരാഗത രീതിയിൽ മണൽ കോരിയിടുന്നതിനേക്കാൾ എളുപ്പമാണ് ഈ സാങ്കേതികവിദ്യയിലൂടെയുള്ള മണൽ നിക്ഷേപം. ഈ രീതിയിലൂടെ ആരെയും വലിയ തോതിൽ കുടിയൊഴിപ്പിക്കാതെ തന്നെ അതിവേഗ സഞ്ചാര പാത യാഥാർഥ്യമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

കിഴക്കൻ കായലോര റോഡ് യാഥാർഥ്യമായാൽ വൈപ്പിൻകരയ്ക്ക് ഒരേസമയം നിരവധി നേട്ടങ്ങളാണ് ലഭിക്കുന്നത്. വൈപ്പിന്റെ കിഴക്കൻ തീരങ്ങളിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്‌നത്തിന് ഇതിലൂടെ ശാശ്വത പരിഹാരമാകും. പുഴയുമായി ബന്ധമുള്ള തോടുകളുടെ നീരൊഴുക്ക് വർധിക്കുകയും ചെമ്മീൻകെട്ടുകളിൽ മത്സ്യങ്ങൾ വളരാനുള്ള അനുകൂല കാലാവസ്ഥയും ജലതാപനിലയുടെ സ്ഥിരത കൈവരിക്കുകയും ചെയ്യും. തോടുകളിലെ മത്സ്യബന്ധനം ഒരിടവേളയ്ക്കുശേഷം സജീവമാകും. ഇത് മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരമായ ഉപജീവന പാത തുറന്നുനൽകും.

കണ്ടെയ്‌നർ റോഡ് മാതൃകയിൽ വൈപ്പിൻ ദ്വീപിന്റെ കിഴക്കൻ തീരത്തുകൂടി പുതിയ സമാന്തര കായലോര റോഡ് നിർമിച്ച്, മറുകരകളിലേക്ക് ആവശ്യമായ കണക്ഷൻ പാലങ്ങൾ നൽകുക എന്നത് അത്യന്താപേക്ഷിതമാണ്. എറണാകുളം നഗരത്തിലേക്കും ബൈപ്പാസുകളിലേക്കും പോകുന്ന ദീർഘദൂര വാഹനങ്ങളെ ഗോശ്രീ പാലങ്ങളിലേക്ക് അടിച്ചേൽപ്പിക്കാതെ കണ്ടെയ്‌നർ റോഡിലേക്ക് വഴിതിരിച്ചുവിടാൻ ഈ കായലോര പാത സഹായിക്കും.