പറവൂർ: ദേശീയപാത 66-ന്റെ നിർമാണം നടക്കുന്ന ചിറ്റാറ്റുകരയിൽ അടിപ്പാതയുടെ അപ്രോച്ച് റോഡിൽ നിറച്ചിരുന്ന ചെങ്കല്ലും മണ്ണും മഴയിൽ കുത്തിയൊലിച്ചുവന്ന് അടിയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാത്രിപെയ്ത ശക്തമായ മഴയിലാണ് മുകളിൽനിന്ന് ചെളിനിറഞ്ഞ ചുവന്ന മണ്ണും ചെങ്കല്ലും കുത്തിയൊലിച്ചെത്തിയത്. പരിസരത്തെ വീടുകളിലും വഴികളിലും ഇത് നിറഞ്ഞു. അതോടെ അടിപ്പാതയ്ക്കടിയിലൂടെയുള്ള വാഹനഗതാഗതവും കാൽനടയും തടസ്സപ്പെട്ടു.

To advertise here,

കരാർ കമ്പനിയുടെ അധികൃതരെത്തി ഒലിച്ചിറങ്ങിയ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് കോരി വീണ്ടും മുകളിലിട്ടു. അടിപ്പാതയ്ക്ക് താഴെയുള്ള ഭാഗത്ത് കുഴമ്പ് പരുവത്തിൽ ചെളിയും മണ്ണും നിറഞ്ഞുകിടക്കുന്നതിനാൽ ഇതുവഴിയുള്ള കാൽനടയാത്ര ഇപ്പോഴും അസാധ്യമാണ്. അടിപ്പാതയുടെ പണി നേരത്തേ കഴിഞ്ഞെങ്കിലും പാതയുടെ ഇരുഭാഗങ്ങളും മുട്ടിക്കുന്ന അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായിരുന്നില്ല. ഒരുഭാഗത്ത് മണ്ണിട്ട് ഉയർത്തിയെങ്കിലും പാർശ്വഭിത്തി പൂർണമായും കെട്ടാതിരുന്നതാണ് മഴയിൽ ഇത് താഴേക്ക്‌ ഒലിച്ചിറങ്ങാൻ കാരണമായത്. തൊട്ടടുത്ത് പട്ടണം അടിപ്പാതയിലും സ്ഥിതി ഭിന്നമല്ല. മൂത്തകുന്നം-ഇടപ്പിള്ളി റീച്ചിൽ ഏറ്റവും കൂടുതൽ അടിപ്പാതകൾ വരുന്നത് മൂത്തകുന്നം മുതൽ വഴിക്കുളങ്ങര വരെയുള്ള ബൈപ്പാസിലാണ്. ഏതാണ്ട് എല്ലാ അടിപ്പാതകളുടെയും താഴത്തുകൂടിയുള്ള യാത്ര നാളുകളായി ദുഷ്കരമാണ്. മിക്കയിടത്തും കല്ലും മണ്ണും നിറഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയാണ്. വേണ്ടത്ര മുന്നൊരുക്കങ്ങളോ മറ്റോ ഇല്ലാതെയാണ് ഈ റീച്ചിൽ നിർമാണം നടത്തുന്നതെന്ന പരാതി നാലുവർഷമായി നിലനിൽക്കുന്നു.