ചെറായി: എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസിലെ കെഡേറ്റ് വിഭാഗങ്ങൾ, കായിക താരങ്ങൾ, ലഹരിവിരുദ്ധ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് മുന്നോടിയായി കൗണ്ട്ഡൗൺ ഷോ നടത്തി.

To advertise here,

കേരളത്തിൽ ഫുട്‌ബോൾ കളി വളർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന കല്ലറയ്ക്കൽ ഫൗണ്ടേഷനുമായി സഹകരിച്ച് ലഹരി രഹിത ബാല്യം, ലഹരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.

എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശം നൽകി. പി.ടി.എ. പ്രസിഡന്റ് ഷിജോയ് സേവ്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഷിക പരീക്ഷയുടെയും എസ്.എസ്.എൽ.സി. പരീക്ഷയുടെയും ചൂടിൽനിന്ന് വിദ്യാർഥികൾ ഫുട്‌ബോൾ ലഹരിയുടെ അവധിക്കാലത്തിലേക്ക് എത്തി. ലഹരിയിൽനിന്ന് അകന്നുനിൽക്കുന്നതിനു വേണ്ടിയാണ് ഇത്തരം പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചതെന്ന് പ്രധാനാധ്യാപിക സി. രത്‌നകല പറഞ്ഞു.

വിവിധ ലോകകപ്പ് ടീമുകളുടെ ജേഴ്‌സികൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ അവരുടെ ടീമിന്റെ വിജയ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. ലോകകപ്പ് ആവേശം ജ്വലിപ്പിച്ച് ഏതാനും വിദ്യാർഥികൾ ഫുട്‌ബോൾ ജഗ്ലിങ് അവതരിപ്പിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

27,60,000 രൂപ ചെലവിൽ പഞ്ചായത്തിലെ പതിനാറ് പഴയ കളിസ്ഥലങ്ങൾ പുതുക്കുകയും ഒരു പ്രീമിയം സ്പോർട്‌സ് ഹബ് നിർമിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫർ ആന്റണി ലോകകപ്പ് ഫുട്‌ബോൾ കൗണ്ട്ഡൗൺ ഷോ പരിപാടികൾ നടത്തി. കായികാധ്യാപകൻ ജോസഫ് ആൻഡ്രൂ സംസാരിച്ചു.