ബംഗ്ലാദേശില്‍ നിന്നും സുന്ദര്‍ബന്‍ വനപ്രദേശത്തേക്ക് ഇണയെ തേടി കടുവകള്‍  എത്തുന്നതായി റിപ്പോര്‍ട്ട്. സുന്ദര്‍ബന്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിലൂടെയാണ് കടുവകളുടെ വരവ്. ജനുവരി മുതല്‍ ഇത്തരത്തില്‍ നാല് ആണ്‍കടുവകളാണ് സുന്ദര്‍ബന്‍സിലേക്ക് എത്തിയത്. ഇഷ്ടപ്പെട്ട പെണ്‍തുണയ്ക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ പരാജയപ്പെടുന്ന കടുവകളാണ്‌ ബംഗ്ലാദേശില്‍ നിന്നുമെത്തുന്നതാണ് കരുതപ്പെടുന്നത്. നവംബറിനും ജനുവരിക്കുമിടയിലുള്ള പ്രത്യുത്പാദനവേളയിലാണ് ഇവ കൂടുതലായി എത്തുന്നതെന്ന്  പശ്ചിമബംഗാള്‍ വനം വകുപ്പ് വകുപ്പ് മന്ത്രിയായ ജ്യോതിപ്രിയ മാലിക് പറയുന്നു. സുന്ദര്‍ബനില്‍ മനുഷ്യരും വന്യമൃഗങ്ങളും പാര്‍ക്കുന്നയിടങ്ങള്‍ അടുത്തായത്  ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുന്നതിനുളള സാധ്യത വര്‍ധിപ്പിക്കുന്നു.. ഇത്തരത്തില്‍ എത്തിയ ഒരു കടുവയുടെ ആക്രമണത്തില്‍ പശു അടക്കമുളള വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

To advertise here,

ഇഷ്ടപ്പെട്ട പെണ്‍തുണയ്ക്ക്‌ വേണ്ടിയുള്ള അടിപിടിയാണ്  ഇത്തരത്തില്‍ കടുവകള്‍ ബംഗ്ലാദേശില്‍ നിന്നും  എത്താനുള്ള കാരണമെന്ന് സുന്ദര്‍ബനിലെ കടുവകളെ കുറിച്ച് പഠനങ്ങള്‍ നടത്തുന്ന സോമ സോര്‍ഖേല്‍ പറയുന്നു. പോരാട്ടത്തില്‍ തോറ്റ ആണ്‍കടുവ പ്രദേശം ഉപേക്ഷിക്കുകയും അതുവഴി ഗ്രാമാതിര്‍ത്തിയിലേക്ക് എത്തപ്പെടുകയും ചെയ്യുകയാണെന്നും കരുതപ്പെടുന്നു. 

യുദ്ധത്തില്‍ തോല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത കടുവകള്‍ക്ക് ഇര തേടല്‍ എളുപ്പമാകില്ലെന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പരിക്കേറ്റ കടുവകള്‍ വളര്‍ത്തുമൃഗങ്ങളെ ആഹാരമാക്കാനാണ് ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുക. ഇത്തരത്തില്‍ എത്തുന്ന കടുവകളുടെ സഞ്ചാര പാത മനസിലാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അതേ സമയം സുന്ദര്‍ബനിലെ കടുവകളുടെ അംഗസംഖ്യയില്‍ ഗണ്യമായ വര്‍ധനവാണ് അടുത്തിടെ രേഖപ്പെടുത്തിയത്. 2018-ല്‍ 88 കടുവകള്‍ പ്രദേശത്തുണ്ടായിരുന്നങ്കില്‍ 2020-21-ലെ കണക്കുകള്‍ പ്രകാരമിത് 96 ആണ്.