
പത്ത് കടുവകള്‍, രണ്ട് ആനകള്‍, രണ്ട് പുള്ളിപ്പുലികള്‍ ഇതൊരു മൃഗശാലയിലെ മൃഗങ്ങളുടെ കണക്കെടുപ്പാണെന്ന് കരുതരുത്. വയനാട്ടിലെ വനംവകുപ്പ് സംഘം രണ്ടു വർഷംകൊണ്ട് പിടികൂടിയ വന്യജീവികളുടെ എണ്ണമാണ്. ഈ പട്ടികയിലെ എണ്ണം ഓരോ ദിവസം കഴിയുന്തോറും കൂടികൊണ്ട് ഇരിക്കയുമാണ്. അത്രമേല്‍ അപകടകരമാണ് ഒരോ ദൗത്യവും. ഒന്ന് പാളിയാല്‍ അനേകം ജീവനുകള്‍ നഷ്ടപ്പെടാവുന്ന അവസ്ഥ. ജീവനും കയ്യില്‍ പിടിച്ചാണ് ഓരോ ദൗത്യവും പൂര്‍ത്തിയാക്കുന്നതും. ഇങ്ങനെ ഒരു ദൗത്യത്തിലാണ് ഒരു മിടുക്കനായ ദൗത്യസേനാംഗമായ ഹുസ്സൈന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെടുന്നത്.
കാടിറങ്ങുന്ന വന്യജീവികള്‍ മനോഹരമായ ഒരു കാഴ്ചയല്ലെന്നും അത്യന്തം അപകടകാരികള്‍ ആണെന്നും തിരിച്ചറിയാനുള്ള വിവേകം ഇന്നും ജനങ്ങളില്‍ ഉണ്ടായില്ലെന്നത് ഇന്നലത്തെ തണ്ണീര്‍ കൊമ്പന്‍ വിഷയത്തിലും നാം കണ്ടതാണ്. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടും യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ക്യാമറയും പിടിച്ചു കൂടി നില്‍ക്കുന്ന ജനക്കൂട്ടവും അവര്‍ ഉയര്‍ത്തുന്ന ആക്രോശവും നല്‍കുന്ന സന്ദേശം എന്താണ്? മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. കഠിനാദ്ധ്വാനം ചെയ്തു വളര്‍ത്തി കൊണ്ട് വരുന്ന കാര്‍ഷികവിളകള്‍ കഴിക്കാന്‍ കാടിറങ്ങി വരുന്ന ജീവികളോട് സമവായപ്പെട്ട സാഹചര്യമൊന്നും ഇന്നുവരെ എവിടെയും ഉണ്ടായിട്ടില്ല. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആനയടക്കമുള്ള ജീവികളെ ഓടിച്ച ഓര്‍മകള്‍ പേറുന്ന പ്രായം ചെന്ന അനേകം ആളുകളെ വയനാട്ടിലെയും ഇടുക്കിയടക്കമുള്ള കുടിയേറ്റ മേഖലകളിലും ഇന്നും കാണാന്‍ പറ്റും.

തണ്ണീര്‍ കൊമ്പന്‍ ജനവാസ മേഖലകളില്‍ കറങ്ങിനടന്നപ്പോള്‍ അതിനെ കല്ലെറിഞ്ഞും പടക്കം പൊട്ടിച്ചും ഭയപ്പെടുത്തിയും ഓടിക്കുന്ന കാഴ്ച ടി.വിയിലൂടെ കണ്ടതാണ്. ഇപ്പോഴും വനം വകുപ്പും ജീവനക്കാരും പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള സാഹചര്യങ്ങളില്‍നിന്നു നവീകരിക്കപ്പെട്ടില്ല എന്നത് മാറി മാറി ഭരിക്കുന്ന ഭരണാധികാരികളുടെ കഴിവുകേട് തന്നെയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജനസാന്ദ്രത അല്ല ഇന്ന് വയനാട്ടില്‍ ഉള്ളത് എന്നത് അപകടസാധ്യത വളരെയേറെ വര്‍ധിപ്പിക്കുന്നു. പക്ഷെ, ഇന്നലെ തണ്ണീര്‍ കൊമ്പന്‍ മാനന്തവാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചപ്പോള്‍ ടെലികോളര്‍ ധരിപ്പിച്ച ആനയായിരുന്നിട്ടു പോലും അതിന്റെ ചലനങ്ങള്‍ അറിയാതെ പോയത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇന്നലെ ആനയിറങ്ങിയ വാര്‍ത്തയില്‍ മന്ത്രിയോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ കര്‍ണാടകയില്‍നിന്നു സന്ദേശം ലഭിക്കാന്‍ വൈകി എന്നത് പോലുള്ള ന്യായവാദങ്ങള്‍ നിരത്തുന്നത് കാണുകയുണ്ടായി. ഇന്ന് വന്നത് ടെലികോളര്‍ കെട്ടിയ ആനയാണെങ്കില്‍ നാളെ അതില്ലാത്ത ഒരാനയ്ക്കും ഇങ്ങനെ വരാന്‍ സാധിക്കുമെന്നതാണ് തണ്ണീര്‍ കൊമ്പന്‍ ബോധ്യപ്പെടുത്തുന്നത്.
വയനാടിന്റെ വന്യജീവി- മനുഷ്യ സംഘര്‍ഷങ്ങളില്‍ ഒരു പുതിയ ഏട് തുന്നിച്ചേര്‍ത്താണ് ദൗര്‍ഭാഗ്യകരം എന്ന് പറയാവുന്ന രീതിയില്‍ ആ ആന ചരിയുന്നത്. വയനാട് മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷതയിലേക്ക് നടന്നു കൊണ്ടിരിക്കയാണ്. അത് ലഘൂകരിക്കേണ്ടതും മനുഷ്യജീവനും സ്വത്തിനും പ്രാധാന്യം കല്‍പിക്കേണ്ടതുമുണ്ട്. വന്യജീവി സംഘര്‍ഷം കൈകാര്യം ചെയ്യാന്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലനവും നല്‍കേണ്ടതുണ്ട്.
കാട്ടുതീ ഉണ്ടായാല്‍ പോലും പച്ചിലക്കൊമ്പ് വെട്ടി തീകെടുത്തുന്ന പരിപാടിയാണ് നമുക്കുള്ളത്. അത് കാടിനും ജീവി വര്‍ഗങ്ങള്‍ക്കും മാത്രമല്ല വനപാലകര്‍ക്കും അവരിലെ ദിവസക്കൂലിക്കാരായ വാച്ചര്‍ എന്ന് പേരിട്ടു വിളിക്കുന്ന പാവം വനവാസികളുടെ ജീവനും നാം വിലകല്‍പിക്കേണ്ടതുണ്ട്. വന്യജീവികളെ സംരക്ഷിക്കേണ്ടത് വനം വകുപ്പാണെന്നും കാടിറങ്ങി വരുന്നവയെ വെടിവച്ചു കൊല്ലണമെന്നും പറഞ്ഞൊരു വിഭാഗം ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്നതും ഇത്തരം അവസരങ്ങളില്‍ നാം കാണാറുണ്ട്.

ആരാണ് വന്യ ജീവികളെ സംരക്ഷിക്കേണ്ടത് ?
വനങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ട ചുമതല വനപാലകര്‍ക്ക് മാത്രമുള്ളതല്ല. വനങ്ങളുടെയും പുഴകളുടെയും വന്യജീവികളുടെയും സംരക്ഷണം ഓരോ പൗരന്റെയും കടമായാണെന്ന് ഭരണഘടന വ്യക്തമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്.
വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക എന്നത് ഭരണകൂടത്തിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും മാത്രം ഉത്തരവാദിത്വമല്ല. വനപ്രദേശങ്ങളോട് ചേര്‍ന്നു താമസിക്കുന്നവരും അവിടേയ്ക്ക് വിനോദയാത്ര പോകുന്നവരും ബോധവാന്മാര്‍ ആകേണ്ടതുണ്ട്. അവരെ ബോധവല്‍കരിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുമുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ വന്യജീവി ശല്യം പരിഹരിക്കുക എന്നത് ഭരണകൂടത്തിന്റെയും വനം വകുപ്പ് ജീവനക്കാരുടെയും മാത്രം ഉത്തരവാദിത്വമായി ചിത്രീകരിച്ചു കാണാറുണ്ട്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുക ഭരണകൂടത്തിന്റെ മാത്രം ബാധ്യതയല്ല. സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്വമാണ്. അങ്ങിനെയെങ്കില്‍ മാത്രമേ മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിക്കുകയുള്ളു.

മസിനഗുഡി വഴി ഊട്ടി!
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വാചകം നമ്മളെല്ലാവരും കേട്ടിരിക്കും. വയനാട് വന്യജീവി സങ്കേതം വഴി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതവും തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതവും പിന്നിട്ട ശേഷം മസിനഗുഡിയിലെ വനപാതയിലൂടെ സഞ്ചരിച്ചു കല്ലട്ടി ചുരത്തിലൂടെ ഊട്ടിയിലേക്കുള്ള യാത്ര മനോഹരം തന്നെയാണ്. നീലഗിരി മലനിരകളില്‍ തുടങ്ങി കേരള- കര്‍ണാടക ബ്രഹ്‌മ ഗിരി മലനിരകളിലൂടെ എത്തി നില്‍ക്കുന്ന നീലഗിരി ജൈവ മണ്ഡലം വന്യജീവികളാല്‍ സമ്പന്നമാണ്. നേരത്തെ പറഞ്ഞ സംസ്ഥാന അതിര്‍ത്തികളിലെ വന്യജീവി സങ്കേതങ്ങളും അവയുടെ പേരുകളും സംസ്ഥാന അതിര്‍ത്തികള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍ നല്‍കിയവയാണ്. പക്ഷെ, വന്യജീവികളുടെ ഭൂപടത്തില്‍ നീലഗിരി ജൈവമണ്ഡലം മാത്രമാണ് ഉള്ളത്. അവര്‍ അതില്‍ സഞ്ചരിക്കുക തന്നെ ചെയ്യും.
ദൗഭാഗ്യമെന്നു പറയട്ടെ, നീലഗിരി ജൈവമണ്ഡലത്തിലെ വന്യജീവി സഞ്ചാരപാതകളില്‍ ആനകള്‍ സഞ്ചരിച്ചിരുന്ന ആനത്താരകള്‍ പലതും മുറിഞ്ഞുപോവുകയോ നിര്‍മാണങ്ങള്‍ നടക്കുകയോ ഉണ്ടായിട്ടുണ്ട്. ഇത്തരം പരമ്പരാഗത പാതകളില്‍ എല്ലാ സമയവും ആനകള്‍ സഞ്ചരിക്കണം എന്നുമില്ല. ഒരിക്കല്‍ വന്നുപോയാല്‍ പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും ആ വഴി വരിക. അപ്പോഴേക്കും അവിടെ നിര്‍മാണങ്ങളോ അവയുടെ സംരക്ഷണത്തിനോ ഉള്ള വൈദ്യതവേലികളോ തടസമായി വരുമ്പോള്‍ അവ ഒഴിവാക്കി പലവഴി ലക്ഷ്യത്തിലേക്ക് നീങ്ങുകയും അത് പലപ്പോഴും ജനവാസ മേഖലയില്‍ കൂടെയാവുകയും ചെയ്യും. അതോടെ ജനക്കൂട്ടം ഇവയെ ഓടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവയെ പരിഭ്രാന്തരാക്കുകയും അവ അക്രമകാരികള്‍ ആയി മാറുകയും ചെയ്യുന്നു.
വന്യജീവി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്ന ഒന്നാണ് അന്ധമായ പരിസ്ഥിതി സ്‌നേഹം. സഞ്ചാരപാതകള്‍ മുറിഞ്ഞത് കൊണ്ട് കാടിറങ്ങുന്നതില്‍ ആനകളാണ് എന്നതെങ്കില്‍ ഇരതേടാന്‍ സാധിക്കാതെ വരുമ്പോളാണ് കടുവയും പുലിയും ഉള്‍പ്പെടെ ഉള്ള ജീവി വര്‍ഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്ക് ഇറങ്ങുന്നത്. ജനവാസ മേഖലകളില്‍ വന്നുപെടുന്ന ജീവികള്‍ പലപ്പോഴും വന മേഖലകളില്‍നിന്നു കിലോമീറ്ററുകള്‍ അകലെ വരെ എത്താറുണ്ട്. അത്തരം അവസരങ്ങളില്‍ കാട് കയറ്റുക എന്നത് ദുഷ്‌കരമാണ്. മയക്കുവെടി വച്ചോ കൂടു സ്ഥാപിച്ചോ പിടികൂടി മാത്രമേ അത്തരം അവസരങ്ങളില്‍ അവയെ കാട്ടിലേക്കോ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റാന്‍ സാധിക്കുകയുള്ളു .

ആന കാടിറങ്ങുന്നതു പോലെയല്ല കടുവകള്‍ അവയുടെ പരിധി വിട്ടു കാടിറങ്ങുന്നത് . പരിക്ക് പറ്റുമ്പോഴോ കാടിനകത്ത് ഇര പിടിക്കാന്‍ സാധിക്കാതെ വരുമ്പോഴോ ആണ്. അവയെ പിടികൂടി തിരികെ കാട്ടിലേക്ക് വിടുന്നത് കൊണ്ട് കാര്യമുണ്ടാവുകയില്ല. അവ തിരിച്ചു നാട്ടിലേക്ക് തന്നെ വരും. അത് കൊണ്ടുതന്നെ ഇവയുടെ റീ ലോക്കറ്റിങ് വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ വേണം എന്നുള്ളതാണ്.
നിലവില്‍ ഇത്തരം സാഹചര്യങ്ങളില്‍ കടുവയടക്കമുള്ള ജീവികളെ പിടികൂടിയാല്‍ സംരക്ഷിച്ചു സൂക്ഷിക്കാന്‍ ഉണ്ടാക്കിയ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലെ കൂടുകള്‍ നിറഞ്ഞിരിക്കുന്നു. അവസാനമായി പിടിച്ച കടുവയെ പുത്തൂര്‍ മൃഗശാലയിലേക്ക് മാറ്റിയാണ് പോംവഴി കണ്ടത്. അവിടെയും പരിമിതികളുണ്ട്. കടുവ സംബന്ധിയായ പഠനങ്ങളെ മുഴുവന്‍ തിരുത്തിക്കൊണ്ടാണ് കടുവസങ്കേതം പോലുമല്ലാത്ത വയനാട് വന്യജീവി സങ്കേതത്തിലെ കടുവകളുടെ എണ്ണം. ഒരുപക്ഷെ വയനാട് സങ്കേതത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കടുവ സങ്കേതങ്ങളില്‍നിന്നു വരുന്നവയായും കാണാം. എന്നാലും വന്യജീവി സംരക്ഷണത്തില്‍ നമ്മള്‍ മുന്‍പന്തിയില്‍ തന്നെയാണെന്ന് ഇവയുടെ എണ്ണം വര്‍ധിക്കുന്നത് സൂചന നല്‍കുന്നു .
പേരിനും പ്രശസ്തിക്കും വേണ്ടി പൊതുതാൽപര്യ ഹര്‍ജികളിലൂടെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനം തടസപ്പെടുത്തുന്ന കാഴ്ച അരിക്കൊമ്പന്‍ മിഷന്‍ സമയത്ത് കണ്ടതാണ്. അത് കൊണ്ട് തന്നെ നാട്ടിലേക്ക് ഇറങ്ങുന്ന ജീവികള്‍ ആനയായാലും കടുവയായാലും അവയെ നിയമം അനുശാസിക്കുന്ന രീതിയില്‍ പിടിക്കാനും ഉചിതമായ രീതിയില്‍ പുനര്‍വിന്യാസം നടത്താനും വിദഗ്ധരുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തന്നെ വേണം. അരിക്കൊമ്പന്‍, അരിക്കൊമ്പന്റെ ഗര്‍ഭിണിയായ ഭാര്യ, കുട്ടികള്‍ എന്നീ കഥകളും ജനന സര്‍ട്ടിഫിക്കറ്റും നോക്കിയല്ല ഇത്തരം ദൗത്യങ്ങള്‍ നടപ്പിലാക്കേണ്ടത്. വന്യജീവി സംഘര്‍ഷങ്ങളില്‍ വികാരഭരിതമായ നിലപാടുകള്‍ അല്ല വിവേകപരമായ നിപാടുകളാണ് നടപ്പിലാക്കേണ്ടത്. അവിടെ പരിഗണിക്കപ്പെടേണ്ടത് വിദഗ്ധരുടെ നിര്‍ദേശങ്ങളായിരിക്കണം.
ആനകളെ പിടിച്ചു കുംകി ആനകളാക്കി തേജോവധം ചെയ്യുന്നു എന്നതാണ് വനം വകുപ്പിനെതിരെ മൃഗസ്‌നേഹികളുടെ പ്രധാന ആരോപണം. മാറുന്ന സാഹചര്യങ്ങളില്‍ കുംകി ആനകളുടെ സേവനം വളരെ വലുതാണ്. കാടിറങ്ങി വരുന്ന എല്ലാ ആനകളെയും മയക്കുവെടി വച്ചും പടക്കം പൊട്ടിച്ചും ഓടിക്കുക പ്രായോഗികമല്ല. ഇത്തരം അവസരങ്ങളില്‍ അവയെ ഭയപ്പെടുത്തി കാടു കയറ്റുന്നത് കുംകി ആനകളാണ്. പുറംലോകം അറിയാതെ അനേകം ഇത്തരം ദൗത്യങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ മയക്കുവെടി കൊണ്ട് അര്‍ധ അബോധാവസ്ഥയില്‍ നില്‍ക്കുന്ന ആനയെ വീഴാതെ താങ്ങിനിര്‍ത്തുക എന്നതാണ് ഇത്തരം ദൗത്യങ്ങളില്‍ കുംകി ആനകളുടെ ആദ്യ ചുമതല.

കുംകി ആനകളുടെ സഹായമില്ലാതെ കാട്ടാനകളെ കൈകാര്യം ചെയ്യക എളുപ്പമല്ല . ആധുനിക കാലത്തില്‍ യന്ത്രസഹായം തേടിയാല്‍ പോരേയെന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. നമ്മുടെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍ പലപ്പോഴും ഇത്തരം യന്ത്രങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്നവയല്ല. കൂടാതെ ഇവയുടെ ശബ്ദം, മയങ്ങിനില്‍ക്കുകയാണെങ്കില്‍ പോലും, ആ ജീവിക്ക് പരിഭ്രാന്തി സൃഷ്ടിക്കുകയും പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ യന്ത്രഭാഗങ്ങളില്‍ നിന്നും പരിക്കേല്‍ക്കാനുള്ള സാഹചര്യം കൂടുതലുമാണ്.
കാട്ടാനകളെ കുംകി ആനകളാക്കി മാറ്റിയാലും അര്‍ധ വന്യാവസ്ഥയില്‍ തന്നെയാണ് അവയെ സൂക്ഷിക്കുന്നത്. കാടിനോട് ചേര്‍ന്ന് താമസിപ്പിക്കുന്ന ഇവയെ പകല്‍സമയങ്ങളില്‍ ദൗത്യം ഇല്ലാത്തപ്പോളും കാടിനകത്തേക്ക് നിയന്ത്രണത്തില്‍ വിടുകയാണ് ചെയ്യാറ്. നിരന്തരം കാടിറങ്ങി കൃഷിനാശവും ആള്‍നാശവും സൃഷ്ടിക്കുന്ന ജീവികള്‍ അധികകാലം കഴിയും മുന്‍പേ കൊല്ലപ്പെടുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം ദൗത്യങ്ങള്‍ അവയുടെ ജീവന്‍ രക്ഷിക്കാന്‍ കൂടെയുള്ളവയാണ്. മാറുന്ന കാലഘട്ടത്തിനു അനുസൃതമായ പദ്ധതികള്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ മനുഷ്യക്കുരുതിയുടെ ഈറ്റില്ലമായി വനപ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ മാറ്റപ്പെടും.
Content Highlights: Thanneer Komban And Man and Wildlife Life Conflict
Published: 03 Feb 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented