കല്പറ്റ: കഴുകന്മാർക്കും വയനാട്ടിലെയും കർണാടകത്തിലെയും കാടുകളിൽ ‘റസ്റ്ററന്റു’കളുണ്ട്. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയ്ക്കടുത്തുള്ള കാക്കപ്പാടം, ബന്ദിപ്പൂർ, മുതുമല വനമേഖലകൾ തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ ഇങ്ങനെ കഴുകന്മാരുടെ ‘റസ്റ്ററന്റു’കളാണ്. വാഹനാപകടത്തിലോ അല്ലാതെയോ ചാവുന്ന മൃഗങ്ങളെ സംസ്കരിക്കാതെ കാട്ടിൽ കഴുകന്മാർ എത്തുന്ന തുറന്നസ്ഥലങ്ങളിൽ കൊണ്ടിടും. അവ കഴുകന്മാർ ഭക്ഷണമാക്കിമാറ്റും. ഇതാണ് കഴുകൻ റസ്റ്ററന്റ് എന്ന സങ്കല്പം.

To advertise here,

രാംപുര ആനക്യാമ്പിനടുത്ത് ഇത്തവണ തണ്ണീർക്കൊമ്പനായിരുന്നു റസ്റ്റാറന്റിലെ വിഭവം. മാനന്തവാടിയിൽ നിന്ന്‌ പിടികൂടി ചരിഞ്ഞ തണ്ണീർക്കൊമ്പനെന്ന കാട്ടാനയെയാണ്‌ കഴുകന്മാർക്കിട്ടുകൊടുത്തത്‌. വയനാട്ടിലെയും ബന്ദിപ്പൂർ വനമേഖലയിലെയും കഴുകന്മാർക്കെല്ലാം കുശാലായ വിഭവമായി മാറിയിത്‌. ഉത്തരേന്ത്യയിൽ പശുക്കളാണ് കഴുകന്മാരുടെ ഭക്ഷണം.

പശുക്കളിൽ ഉപയോഗിക്കുന്ന ഡൈക്ലോഫെനാക് ഉൾപ്പെടെയുള്ള വേദനാസംഹാരികൾ കാരണം കഴുകന്മാർ ചത്തൊടുങ്ങിയതോടെയാണ് ഇത്തരമൊരു സംവിധാനം തുടങ്ങിയതെന്ന് പക്ഷിനിരീക്ഷകനും ഹ്യൂം സെന്റർ ഡയറക്ടറുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ഇവിടെ പശുക്കൾക്കുപകരം വന്യമൃഗങ്ങളാണ്.

ഒരുപാടുദൂരം പറക്കുമെന്നതിനാൽ ബന്ദിപ്പൂർ വനത്തിൽ മൃഗങ്ങളുടെ ജഡം ഉപേക്ഷിച്ചാൽ വയനാട്ടിൽനിന്ന്‌ കഴുകന്മാരെത്തും. ഒരുകിലോമീറ്റർ ഉയരത്തിൽനിന്നു കാണാനുള്ള കഴിവും കഴുകന്മാർക്കുണ്ട്. ഒരു ആനയെ മുഴുവനായി തിന്നുതീർക്കാൻ രണ്ടോ മൂന്നോ ദിവസം മതിയാവും. ചാവുന്നതും കടുവയുൾപ്പെടെയുള്ളവ തിന്ന് ഉപേക്ഷിക്കുന്ന മൃഗങ്ങളെ ഭക്ഷണമായി കിട്ടിത്തുടങ്ങിയതോടെ കഴുകന്മാരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വനംവകുപ്പ് പറയുന്നു. 

രോഗബാധിതരായ മൃഗങ്ങളെ ഭക്ഷണമാക്കിയാൽ കഴുകന്മാരിലേക്കും രോഗം പടരാമെന്നാണ് പ്രധാന വിമർശനം. തണ്ണീർക്കൊമ്പന്റെ കാര്യത്തിലും പരിസ്ഥിതിസ്നേഹികൾ ഈ ആശങ്കയാണ് പങ്കുവെച്ചത്. കർണാടക, തമിഴ്‌നാട്, വയനാട് എന്നിവ ഉൾപ്പെടുന്ന വനമേഖലകളിലായി 320 കഴുകന്മാരുണ്ടെന്നാണ് ഏറ്റവും അവസാനത്തെ സർവേയിൽ പറയുന്നത്. വയനാട്ടിൽ 175 കഴുകന്മാരുണ്ട്. വനംവകുപ്പ് നടത്തിയ അന്തിമ സർവേ റിപ്പോർട്ട് അടുത്തദിവസം പുറത്തുവിടും.