ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ധര്‍മ താഴ്‌വരയില്‍ ആദ്യമായി ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തി. വന്യജീവി പ്രവര്‍ത്തകനായ ജയേന്ദ്ര സിങ്ങിന്റെ ക്യാമറയിലാണ് ഹിമപ്പുലിയുടെ ചിത്രം പതിഞ്ഞത്. പ്രദേശത്ത് ഇവയുടെ സാന്നിധ്യം സംബന്ധിച്ച് മുന്‍പ് വിവരങ്ങളുണ്ടായെങ്കിലും കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. റിട്ടയര്‍ഡ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ബിഷന്‍ സിങ്ങാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഉത്തരാഖണ്ഡിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് വൈല്‍ഡ്‌ലൈഫ് അംഗം കൂടിയാണ് നിലവില്‍ ബിഷന്‍. 

To advertise here,

Read More- ഹിമപ്പുലി മുതല്‍ മേഘപ്പുലി വരെ,നാലിനം മാര്‍ജാരന്മാരെന്ന അപൂര്‍വത;അരുണാചല്‍ പ്രദേശിന്റെ കാടകങ്ങളിലൂടെ

'ഥാര്‍ വ' എന്ന് പ്രദേശവാസികള്‍ വിളിപ്പേരിട്ട് ഹിമപ്പുലിയെ ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപത്തെ ധര്‍മ ബ്യാസ് ചൗണ്ഡാസിലാണ് (ഡി.ബി.സി) കണ്ടെത്തിയത്. മേഖലയില്‍ ഹിമപ്പുലിയുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ പ്രദേശത്തെ 2009-ലെ 'സ്‌നോ ലെപ്പേര്‍ഡ് പ്രൊജക്ടില്‍' ഉള്‍പ്പെടുത്തിയിരുന്നില്ല. ട്രക്കിംഗിനിടെയാണ് ഹിമപ്പുലിയുടെ ചിത്രം ജയേന്ദ്ര സിങ് പകര്‍ത്തുന്നത്. 

മേഖലയില്‍ വന്യജീവി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും കരുതപ്പെടുന്നു. അധികൃതര്‍ക്ക് ചില മേഖലയില്‍ ഹിമപ്പുലിയുടെ സാന്നിധ്യം സംബന്ധിച്ച് സംശയം നിലനിന്നിരുന്നതിനാല്‍ ഡി.ബി.സി മേഖലയെ 2016-17 ലെ സെക്കുര്‍ ഹിമാലയ പ്രൊജ്കടില്‍ ഉള്‍പ്പെടുത്തിയിരുന്നു. തനിക്കും ഇത് സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നതായി ബിഷന്‍ സിങ് കൂട്ടിച്ചേര്‍ത്തു. ലോകത്താകമാനം 4,000 മുതല്‍ 7,000 വരെ ഹിമപ്പുലികളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഉത്തരാഖണ്ഡില്‍ മാത്രം 121 ഹിമപ്പുലികളാണുള്ളത്.