കാന്‍ബെറ:കൊവാളകളെ വംശനാശത്തിനിരയായ ജീവജാലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഭരണക്കൂടം. നിലം വെട്ടിത്തെളിക്കല്‍, കാട്ടുതീ എന്നിവ മൂലം ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ക്വീന്‍സ് ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലെ കൊവാളകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ശാസ്ത്ര സമിതി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ പരിസ്ഥിതി മന്ത്രി സൂസന്‍ ലേ അംഗീകരിച്ചിട്ടുണ്ട്. 2012 ലാണ് കൊവാളകള്‍ വംശനാശത്തിനിരയാകാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കണ്ടെത്തുന്നത്‌.  

To advertise here,

കൊവാളകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി  സ്‌കോട്ട് മോറിസണ്‍ അഞ്ചു കോടി രൂപ നീക്കിവെയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് കടലില്‍ ഒരു തുള്ളി വെള്ളം ചേര്‍ക്കുന്നത് പോലെയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. കൊവാളകളുടെ എണ്ണം കുറയാനുള്ള മൂലകാരണത്തെ തിരിച്ചറിയുകയും അതിന് പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടതെന്നാണ് അവരുടെ പക്ഷം. 

കൊവാളകളുടെ തിരിച്ചു വരവിന് ഉതകുന്ന ദേശീയ പദ്ധതിക്ക് ഭരണക്കൂടം രൂപം നല്‍കുമെന്ന് സൂസന്‍ പ്രതികരിച്ചു. നീണ്ടു നില്‍ക്കുന്ന വരള്‍ച്ച, കാട്ടുതീ, മറ്റ് അസുഖങ്ങള്‍, നഗരവത്കരണം, ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവ മൂലമാണ് വംശനാശത്തിനരയാകാന്‍ സാധ്യതയുള്ള മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് വംശനാശത്തിനിരയായ ജീവജാലങ്ങളുടെ പട്ടികയിലേക്ക് കൊവാളകളെ നീക്കിയതെന്നും സൂസന്‍ കൂട്ടിച്ചേര്‍ത്തു. ഇവയുടെ സംരക്ഷണത്തിന് ശക്തമായ നിയമ സംവിധാനങ്ങളാണ് വേണ്ടതെന്ന് പരിസ്ഥി സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഇവയുടെ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2050 ഓടെ ഇവ പൂര്‍ണമായി അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlights: koalas included in endangered list in australia