ഈ ഇരട്ടവാലൻ ചില്ലറക്കാരനല്ല, അതിശയകരമായി മറ്റുള്ള കിളികളുടെ ശബ്ദം അനുകരിക്കും. ഒന്നും രണ്ടുമല്ല, ഇരുപത്തഞ്ചോളം വ്യത്യസ്ത ഇനങ്ങളെ മിമിക് ചെയ്യും. പോരാഞ്ഞതിന് ചില ജീവികളുടെയും. എന്തിന്, കാർ റിവേഴ്‌സ് എടുക്കുന്നതും ബൈക്കോടിക്കുന്നതും ഇവൻ പയറ്റിനോക്കാറുണ്ട്.

To advertise here,

ഇരട്ടവാലൻ എന്നാണ് മലയാളം പേര്. ടെന്നീസ് റാക്കറ്റിന്റെ ആകൃതിയിലുള്ള വാലുകളാണ്. അങ്ങനെയാകണം റാക്കറ്റ് റ്റെയിൽഡ് ഡ്രോങ്കോ എന്ന പേര് വന്നത്.( Greater Racket-tailed Drongo).കാടും നാടും ഇവർക്ക് വാസസഥലമാണ്. മറ്റു ഇനങ്ങളിലെ പക്ഷികളോടൊത്ത് ഇരതേടാനാണ് ഈ കൂട്ടർക്കിഷ്ടം. അതായത് നാല് വ്യത്യസ്ത ഇനം പക്ഷികൾ ഇര തേടുന്നിടത്ത് ഇവയെ നിശ്ചയമായും കാണാം. വീടിന് വെളിയിൽ നിന്ന് പൂച്ചയുടെ ശബ്ദത്തിൽ ഇടയ്ക്കിവർ നിങ്ങളുടെ ശ്രദ്ധയും ആകർഷിക്കും. കാട്ടിലെ മിമിക്രിക്കാരൻ എന്നാണറിയപ്പെടുന്നത്. കൂട്ടം ചേർന്നുള്ള ഇരതേടലിൽ കൂട്ടത്തിലുള്ളവരുടെ സംരക്ഷണവും ഇവർ ഏറ്റെടുക്കാറുണ്ട്.

അധികനേരം വിശ്രമിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ കൊറിച്ചിരിക്കാനാണിവർക്കിഷ്ടം. അതിരാവിലെയോ അസ്തമയത്തിനു ശേഷമോ വഴിവിളക്കുകൾ ഉള്ളിടത്ത് ഒത്തുകൂടി ഈയലുകളെ പിടിക്കുന്നത് ഇവർക്ക് ഹരമാണ്.

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഇവർ കൂട് കൂട്ടുക. വലിയ മരങ്ങളുടെ പകുതിയിൽ നീളമുളള കമ്പിൽ ശിഖരം രണ്ടായി തിരിയുന്നിടത്ത് ചെറിയ കോപ്പയുടെ ആകൃതിയിലാണ് കൂട് കൂട്ടുക.

'ചക്കയ്ക്കുപ്പുണ്ടോ കുയിൽ ' ഇവരുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. പ്രജനനകാലത്ത് ഇവർ നീളമുള്ള വാലുകൾ പൊഴിക്കും. അധികം താമസിയാതെ കിളിർത്തുവരും. ഈസമയം ഇവയെ കണ്ടാൽ തുടക്കക്കാർക്ക് ആനറാഞ്ചിയായി തോന്നാം. ശ്രദ്ധയോടെ നിരീക്ഷിച്ചാൽ ചുണ്ടിനു മുകളിലെ ചെറിയ തൂവൽ കൂട്ടം കണ്ട് മനസ്സിലാക്കാം. വാലിളിളക്കി തുള്ളിക്കളിച്ച് ഇവരുടെ കസർത്തും പാട്ടും കാണേണ്ടതാണ്.

ചക്കയ്ക്കുപ്പുണ്ടോ കുയിൽ = Indian Cuckoo

ആനറാഞ്ചി പക്ഷി = Black Drongo

(സുധീഷ് തട്ടേക്കാട്- സീനിയർ നാച്ചുറലിസ്റ്റ്, വൈൽഡ്‌ലൈഫ്/ഹെർപ്പിംഗ് ഗൈഡ് & ടൂർ ലീഡർ)