ഋഷികേശ് (ഉത്തരാഖണ്ഡ്): കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍നിന്ന് പിടികൂടിയ അഞ്ചുവയസ്സുകാരനായ ആണ്‍കടുവയെ രാജാജി കടുവാ സങ്കേതത്തിലെത്തിച്ചു. മയക്കുവെടിവെച്ച് പിടികൂടിയ ആണ്‍കടുവയെ വ്യാഴാഴ്ചയോടെയാണ് രാജാജി കടുവ സങ്കേതത്തിലെത്തിച്ചത്. 

To advertise here,

രാജാജി കടുവ സങ്കേത്തിന്റെ പരിധിയില്‍പ്പെടുന്ന മോത്തിചുര്‍ റേഞ്ചിലെ ഒരു സംരക്ഷിതപ്രദേശത്താണ് കടുവ നിലവിലുള്ളത്. പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ട ശേഷം കടുവയെ തുറന്നുവിടാനാണ് പദ്ധതിയെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ രഞ്ജന്‍ കുമാര്‍ മിശ്ര അറിയിച്ചു. കടുവയുടെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ ആശങ്കകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുവയുടെ നീക്കങ്ങളറിയുന്നതിനായി റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്. 

രാജാജി കടുവ സങ്കേതത്തില്‍ കടുവകളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിയുടെ ഭാഗമായി കോര്‍ബെറ്റ് കടുവ സങ്കേത്തതിലെ ബിജ്‌റാണി റേഞ്ചില്‍നിന്ന് ബുധനാഴ്ചയോടെയാണ് മയക്കുവെടിവച്ച് കടുവയെ പിടികൂടിയത്. 

മുന്‍പ് നാല് കടുവകളെ ഇത്തരത്തില്‍ കോര്‍ബെറ്റില്‍ നിന്ന് രാജാജിയിലെത്തിച്ചിരുന്നു. പുതിയ കടുവയുടെ വരവോടുകൂടി രാജാജിയിലെ മോത്തിചുറിനും ചില്ലയ്ക്കുമിടയിലെ വനപരിധിയിലുള്ള കടുവകളുടെ എണ്ണം അഞ്ച് ആയി ഉയര്‍ന്നു. രണ്ട് ആണ്‍കടുവകളും മൂന്ന് പെണ്‍കടുവകളുമാണ് ഈ വനമേഖലയിലുള്ളതെന്ന് രാജാജി കടുവ സങ്കേതത്തിന്റെ ഡയറക്ടറായ സാകേത് ബാഡോല പ്രതികരിച്ചു.