
ഷിയോപുര്‍ (മധ്യപ്രദേശ്): മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളിലൊന്ന് ചത്തു. എട്ടുവയസ്സുളള പെണ്‍ചീറ്റയായ നഭയാണ് ചത്തത്. ഒരാഴ്ച മുന്‍പ് വേട്ടയാടലിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നഭ. ചികിത്സയ്ക്കിടെ ശനിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്. നമീബിയയിൽനിന്ന് രാജ്യത്തെത്തിച്ച ചീറ്റകളിലൊന്നാണ് നഭ.
വനപ്രദേശത്ത് തുറന്നുവിടുന്നതിന്റെ ഭാഗമായി പ്രത്യേകം സജ്ജീകരിച്ച മേഖലയില്‍ വേട്ടയാടാനുള്ള പരിശീലനമടക്കം നല്‍കിവരവേയാണ് നഭ എന്ന പെണ്‍ചീറ്റ വിടപറഞ്ഞത്. ഇവിടെവെച്ചാണ് വേട്ടയാടുന്നതിനിടെ നഭയ്ക്ക് പരിക്കേറ്റതും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ 26 ചീറ്റകളാണുള്ളത്. ഒന്‍പത് പ്രായപൂര്‍ത്തിയായ ചീറ്റകളും (ആറ് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും) ഇന്ത്യയില്‍ ജനിച്ച 17 ചീറ്റക്കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചീറ്റകളെല്ലാം പൂര്‍ണ ആരോഗ്യമുള്ളവയാണെന്ന് ദേശീയോദ്യാന അധികൃതർ പ്രതികരിച്ചു. 26-ല്‍ 16 ചീറ്റകളെയും വനപ്രദേശത്ത് തുറന്നുവിട്ടിരുന്നു. ഇവയെല്ലാംതന്നെ ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടതായാണ് വിവരം.
അടുത്തിടെ ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലേക്ക് കുനോയിലെ രണ്ടുചീറ്റകളെ മാറ്റിയിരുന്നു. ഈ ചീറ്റകളുടെ ആരോഗ്യവും തൃപ്തികരമാണ്. 1952-ല്‍ രാജ്യത്ത് വംശമറ്റ ചീറ്റകളെ തിരിച്ചുകൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്.
Content Highlights: eight year old Namibian female cheetah Nabha dies
Published: 12 Jul 2025, 06:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented