കടലോരപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഗ്രേറ്റ് ക്രെസ്റ്റ്ഡ് ടേണിന്റെ സാന്നിധ്യം കോയമ്പത്തൂരിലും. കോയമ്പത്തൂരിലെ സിങ്കനല്ലൂര്‍ തടാകത്തിലാണ് ഈ ദേശാടനപക്ഷിയെ കണ്ടത്. തമിഴ്‌നാട്ടിലെ ഒരു ഉള്‍നാടന്‍ ജലാശയത്തിലും കോയമ്പത്തൂരിലുമായി ഇതാദ്യമായാണ് ഗ്രേറ്റ് ക്രെസ്റ്റ്ഡ് ടേണിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്.

To advertise here,

പരിസ്ഥിതി സ്‌നേഹികളും ഫോട്ടോഗ്രഫര്‍മാരുമായ ഡി. ഗജമോഹന്‍രാജ്, ശാരങ് സതീഷ് എന്നിവരാണ് ഈ അപൂര്‍വ്വ അതിഥിയെ പ്രദേശത്ത് കണ്ടെത്തിയത്. പക്ഷി നിരീക്ഷണത്തിനായിട്ടാണ് പ്രദേശത്ത് പോയത്. ഇവര്‍ക്കൊപ്പം മറ്റ് ആറുപേരും കൂടിയുണ്ടായിരുന്നു. ഇതിലൊരാള്‍ ആര്‍ട്ടിക് പരിസരത്തുനിന്നുള്ള റെഡ് നെക്ക്ഡ് ഫാലറോപ്പിനെ പ്രദേശത്ത് കണ്ടു. ഈ പക്ഷിയെ നിരീക്ഷിക്കുന്നതിനിടെയാണ് ഒരു കടല്‍പ്പക്ഷിയുടെ അത്രതന്നെ വലിപ്പം വരുന്ന മറ്റൊരു പക്ഷിയെ തടാകത്തിന്റെ വടക്കുകിഴക്ക് പ്രദേശത്ത് കാണുന്നത്.

തലയുടെ പ്രത്യേകതകളും മഞ്ഞനിറമുള്ള ചുണ്ടുമുള്ളതിനാല്‍ ഗ്രേറ്റ് ക്രെസ്റ്റ്ഡ് ടേണ്‍ തന്നെയാണിതെന്ന് സ്ഥിരീകരിച്ചതായി ഗജമോഹന്‍രാജ് പ്രതികരിച്ചു. ഉടന്‍ തന്നെ ഇവര്‍ കോയമ്പത്തൂരിലെത്തിയ അതിഥിയുടെ ചിത്രങ്ങളും പകര്‍ത്തി. കടലോരപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ പക്ഷിയുടെ തടാകത്തിലെ സാന്നിധ്യം തങ്ങളെ ആശ്ചര്യപ്പെടുത്തിയതായും പക്ഷി നിരീക്ഷണസംഘം പറയുന്നു.

അടുത്തദിവസങ്ങളില്‍ ഈ പക്ഷിയെ പ്രദേശത്ത് കാണാന്‍ സാധിച്ചില്ലെന്നും സംഘം പറയുന്നു. പ്രാദേശിക, ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ സിങ്കനല്ലൂര്‍ തടാകത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ഗ്രേറ്റ് ക്രെസ്റ്റ്ഡ് ടേണുമായി ബന്ധമുള്ള ലെസ്സര്‍ ക്രെസ്റ്റ്ഡ് ടേണിന്റെ സാന്നിധ്യം 2021 സെപ്റ്റംബറില്‍ കോയമ്പത്തൂരിലെ അച്ചന്‍കുളത്ത് സ്ഥിരീകരിച്ചിരുന്നു.