മ്മയാവാനുള്ള ഓട്ടത്തിനായി സ്വന്തം ജീവന്‍പോലും വകവെക്കാതെ യാത്ര തുടങ്ങുന്നവര്‍, ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലൂടെ കാടും പുഴയും റോഡും കടന്ന് അവര്‍ കടലിലേക്ക് ഒരു മഹാപ്രയാണം തുടങ്ങിയിരിക്കുകയാണ്. അതിനിടെ തക്കംപാര്‍ത്ത് നില്‍ക്കുന്ന ശത്രുക്കളില്‍ നിന്ന് ഒഴിഞ്ഞുമാറണം. ചീറിപ്പായുന്ന വാഹനങ്ങളുടെ ടയറുകള്‍ക്കുള്ളില്‍ നിന്ന് രക്ഷപ്പെടണം. ഒടുവില്‍ ദൂരെയുള്ള കടല്‍ത്തീരത്തെത്തി ഇണചേര്‍ന്ന് മുട്ടകളിട്ട് കുഞ്ഞുങ്ങളെയും കൊണ്ട് തിരിച്ചുപോരണം. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് കുറച്ചുകാലമായി ഗക്കാര്‍കോയഡിയ നറ്റെയില്‍സ് വിഭാഗത്തില്‍പെടുന്ന ഒരുതരം ചുവന്ന ഞണ്ടുകളുടെ ഈ വിസ്മയക്കാഴ്ചയ്ക്ക് വേദിയാവുകയാണ്.

To advertise here,

ക്രിസ്മസ് ദ്വീപിലെ കാടുകളില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന ഏകദേശം ഇരുപത് കോടിയോളം ഞണ്ടുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ പത്തുകോടിയോളം വരുന്ന ഞണ്ടുകളാണ് മുട്ടയിടാനും അതിനുള്ള തയ്യാറെടുപ്പുകള്‍ക്കുമായി ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കടല്‍ത്തീരത്തേക്കും തിരിച്ചും യാത്ര തുടങ്ങുന്നത്. ഒരു പ്രദേശത്തിന്റെയാകെ സ്വാഭാവിക ജൈവാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് ഈ പ്രയാണത്തിന്.

വര്‍ഷം മുഴുവന്‍ കാടിനുള്ളിലെ മാളത്തില്‍

കാടിനുള്ളിലെ മാളങ്ങളിലാണ് വര്‍ഷത്തില്‍ അധികസമയവും ഈ ഞണ്ടുകള്‍ കഴിച്ചുകൂട്ടുന്നത്. മഴക്കാലം തുടങ്ങുമ്പോള്‍ മുട്ടയിടാന്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. കാട്ടിനുള്ളിലെ മണ്ണ് മഴകൊണ്ട് കട്ടി കുറയുമ്പോള്‍ ഇവര്‍ യാത്ര ആരംഭിക്കും. ഇതോടെ കാടും പരിസരവുമെല്ലാം ചുവന്ന ഞണ്ടിന്‍കൂട്ടങ്ങളെ കൊണ്ട് നിറയും. മഴക്കാലം തുടങ്ങി ഒക്ടോബര്‍ ആദ്യമാണ് പ്രജനനകാലം. നവംബര്‍ പകുതിയോടെ തന്നെ പ്രജനനകാലം തീരുകയും ചെയ്യും. ഉപ്പുവെള്ളത്തില്‍ മാത്രമേ ഇവര്‍ക്ക് മുട്ടയിടാന്‍ സാധിക്കൂ എന്നതിനാല്‍, ഈ ഞണ്ട് പ്രയാണം ക്രിസ്മസ് ദ്വീപിലെ ഉത്സവക്കാഴ്ചയാണ്. മുട്ടകള്‍ നിക്ഷേപിച്ച് മൂന്ന് നാല് ആഴ്ചയാണ് കുഞ്ഞുങ്ങളുണ്ടാവാനുള്ള സമയം. അതുവരെ ഈ ചെമ്പന്‍ ഞണ്ടുകള്‍ തീരത്ത് കഴിഞ്ഞുകൂടും. മുട്ടയിടാനും കുഞ്ഞുങ്ങളുമായി തിരിച്ചുവരാനും ക്രിസ്മസ് ദ്വീപിലെ ജനങ്ങളും പൂര്‍ണ പിന്തുണ നല്‍കുമ്പോള്‍ ഒരു മഹാപ്രയാണത്തിന്റെ കഥ അവര്‍ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു.

ആദ്യമെത്തുക ആണ്‍ഞണ്ടുകള്‍

മുട്ടയിടുന്നത് പെണ്‍ ഞണ്ടുകളാണെങ്കിലും ഇതിനായുള്ള മുന്നൊരുക്കം നടത്തി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്ന ജോലി ആണ്‍ഞണ്ടുകള്‍ക്കാണ്. അതുകൊണ്ടുതന്നെ ഇവരാണ് കാടുവിട്ട് ആദ്യം കടല്‍ത്തീരത്തേക്ക് യാത്ര തുടങ്ങുക. തീരത്തെത്തി മുട്ടയിടാനും ഇണചേരാനുമുള്ള കുഴികളുണ്ടാക്കുകയാണ് ആണ്‍ഞണ്ടുകളുടെ ജോലി. ശേഷം മുട്ടയിടുന്ന പെണ്‍ ഞണ്ടുകള്‍ മാത്രം തീരത്ത് കഴിയുകയും ബാക്കിയുള്ളവ തിരിച്ചുപോവുകയും ചെയ്യും. ഇണചേര്‍ന്ന് മൂന്ന് ദിവസത്തിനകം തന്നെ മുട്ടകളിടാന്‍ തുടങ്ങും. ശേഷം കുഞ്ഞുങ്ങളുണ്ടാവുന്നത് വരെ പെണ്‍ ഞണ്ടുകള്‍ മാളങ്ങളില്‍ കഴിഞ്ഞുകൂടും. ഒറ്റ സീസണില്‍ ഒരുലക്ഷം മുട്ടകള്‍വരെ ഉത്പാദിപ്പിക്കാന്‍ ഒരു പെണ്‍ ഞണ്ടിന് സാധിക്കും.

ഞണ്ടുകളുടെ മുട്ടകള്‍ ഉപ്പുജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതോടെ കുഞ്ഞുങ്ങള്‍ വിരിയാന്‍ തുടങ്ങും. ഇവയില്‍ പകുതിയോളം തിരമാലയ്‌ക്കൊപ്പം കടലിലേക്ക് ഒഴുകിപ്പോകുമെങ്കിലും അതിജീവിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് അമ്മയ്‌ക്കൊപ്പം തിരിച്ചുപോരുന്നത്. ഇങ്ങനെ കടലിലേക്കൊഴുകിപ്പോവുന്ന ലാര്‍വകള്‍ കടലിലെ മീനുകളുടെ ഭക്ഷ്യശൃംഖല നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നുമുണ്ട്.

മുട്ടയിടാനും ഇണചേരാനുമുള്ള യാത്ര എന്നതിനപ്പുറം ക്രിസ്മസ് ദ്വീപിലെ സ്വാഭാവിക ജൈവാവസ്ഥ നിലനിര്‍ത്തുന്നതിലും ഞണ്ടുകളുടെ പ്രയാണം പ്രധാന പങ്ക് വഹിക്കുന്നു. യാത്രയ്ക്കിടെ കാടിനുള്ളിലെ ഇലകളാണ് ഇവയുടെ ഭക്ഷണം. ഒപ്പം ഇവയുടെ വിസര്‍ജ്യം ഇവിടെയുള്ള ചെടികളും മറ്റ് സസ്യങ്ങളും വളരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്.

ഞണ്ടുകളുടെ പ്രയാണത്തെ കുറിച്ച് പുറംലോകം അറിയുന്നത് 1900-ലാണ്. സര്‍ ചാള്‍സ് ആന്‍ഡ്യൂസ് എന്ന ബ്രിട്ടീഷ് ഗവേഷകന്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനം പുറത്തുവന്നതോടെ ഏറെ ശ്രദ്ധേയമാവുകയും ചെയ്തു. എന്നാല്‍ മനുഷ്യ ഇടപെടല്‍ വര്‍ധിച്ചതോടെ ഇവ വ്യാപകമായി കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ശക്തമായ നിയമ നടപടികളുമായി പാര്‍ക്ക് ഓസ്ട്രേലിയ സംരക്ഷകര്‍ മുന്നോട്ടുവന്നത്.

വഴിയൊരുക്കി പിന്തുണച്ച് ജനങ്ങള്‍

ക്രിസ്മസ് ദ്വീപില്‍ ചുരുക്കം ജനങ്ങളേ താമസിക്കുന്നുള്ളൂവെങ്കിലും ഇന്ന് ഞണ്ടുകളുടെ പ്രയാണം തങ്ങളുടെ കൂടെ ഉത്തരവാദിത്തമായി ഇവിടത്തുകാര്‍ കരുതുന്നുണ്ട്. ഞണ്ടുകളുടെ യാത്രാസമയത്ത് ഭൂരിഭാഗം റോഡുകളും പൂര്‍ണമായും അടച്ചിടും. മറ്റ് ചിലയിടങ്ങളില്‍ ഭാഗികമായും അടച്ചിടും. നാട്ടുകാര്‍ തന്നെ ചെറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാതയൊരുക്കിയും മറ്റും ഞണ്ടുകള്‍ക്ക് വഴിയൊരുക്കും. ഇത് യാത്രയ്ക്കിടെ ഇവയ്ക്കുണ്ടാവുന്ന അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നുമുണ്ട്. ചിലപ്പോള്‍ താത്കാലിക ഞണ്ട് ഫെന്‍സിങ്ങുകളും പാലങ്ങളും ഇവര്‍ ഒരുക്കാറുണ്ട്.

വേഗപ്പാത മുറിച്ചുകടക്കുമ്പോള്‍ ഞണ്ടുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കാന്‍ ഇത്തരം ഇടപെടല്‍ ഗണ്യമായ രീതിയില്‍ സഹായിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദ്വീപിന്റെ മേല്‍നോട്ടം വഹിക്കുന്ന പാര്‍ക്ക് ഓസ്‌ട്രേലിയ ഓരോ സീസണിലും ഞണ്ട് പ്രയാണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇത് ഇവയുടെ യാത്ര തടസ്സമില്ലാതെ പോവാന്‍ ഏറെ സഹായിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഈ മഹത്തായ ഞണ്ട് പ്രയാണം അവരുടെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണം കൂടിയാണ്. ലോകത്തെല്ലായിടത്തുനിന്നും ഈ യാത്രയ്ക്ക് സാക്ഷിയാകാനായി മാത്രം നിരവധി പേരാണ് ഓരോവര്‍ഷവും ക്രിസ്മസ് ദ്വീപിലേക്കെത്തുന്നത്. ആഫ്രിക്കയിലെ വില്‍ഡെബീസ്റ്റ് മൈഗ്രേഷനെ പോലെ ഏറെ പ്രശസ്തമാണ് ഈ ഞണ്ട് പ്രയാണവും. അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി പ്രയാണങ്ങളിലൊന്നായും ഈ ചെമ്പന്‍ ഞണ്ടുകളുടെ യാത്രയെ കരുതിപ്പോരുന്നു.

സന്ദര്‍ശകര്‍ക്കായി പ്രത്യേക കാഴ്ചാ ഇടങ്ങളും മറ്റും തയ്യാറാക്കിയാണ് ഈ മഹത്തായ യാത്രയ്ക്ക് സാക്ഷിയാകാന്‍ വരുന്ന ജനങ്ങള്‍ക്കായി ബന്ധപ്പെട്ടവര്‍ ഒരുക്കുന്നത്. ഞണ്ടുകളുടെ സുരക്ഷിതയാത്ര ഉറപ്പാക്കിയുള്ള ഉത്തരവാദിത്ത ടൂറിസവും പാര്‍ക്ക് ഓസ്‌ട്രേലിയ നടപ്പിലാക്കി വരുന്നു. ഈ ഞണ്ട് യാത്രകൊണ്ട് മാത്രം പ്രാദേശിക ജനങ്ങളുടെ വരുമാന മാര്‍ഗവും ഇക്കാലത്ത് ഗണ്യമായി ഉയരും. ഹോട്ടലുകളും ടൂറിസ്റ്റ് ഗൈഡുകളായും വാഹന സഹായം ഒരുക്കിയുമെല്ലാം ഇവര്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുമ്പോള്‍ ഇത് ലോകത്തിന് തന്നെ മാതൃകയുമാണ്. സന്ദര്‍ശനത്തിനപ്പുറം, ഒരു ജീവിയുടെ നിലനില്‍പ്പിന് കാലാവസ്ഥയും തിരമാലയും കടല്‍ത്തീരവുമെല്ലാം എത്ര നിര്‍ണായകമാവുന്നുവെന്ന് മനസ്സിലാക്കാന്‍ ഇവിടെയെത്തുന്നവര്‍ക്ക് സാധിക്കുന്നു. പ്രകൃതിയില്‍ ഇവ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആഴത്തിലുള്ള അറിവ് നേടാനും ഇത് സഹായിക്കുന്നു.

ഭീഷണി കണ്ണില്‍ ആസിഡ് തളിക്കുന്ന ഉറുമ്പുകള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ വന്യജീവി പ്രയാണങ്ങളിലൊന്നായി ക്രിസ്മസ് ദ്വീപിലെ ഞണ്ടുകളുടെ യാത്രയെ കണക്കാക്കുന്നുണ്ടെങ്കിലും ഇവരുടെ ഏറ്റവും വലിയ ഭീഷണിയാണ് ഇതേ സമയത്തെത്തുന്ന പ്രത്യേകതരം ഉറുമ്പുകള്‍. അനപ്ലോലെപിസ് ഗ്രാസിലൈപിസ് വിഭാഗത്തില്‍ പെടുന്ന ഇവയെ യെല്ലോ ക്രാസി ആന്റ് എന്നാണ് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് ഇവയെ ക്രിസ്മസ് ദ്വീപിലും കണ്ടുതുടങ്ങിയത്. നൂറ് മുതല്‍ ആയിരം വരെയുള്ള ഉറുമ്പുകളുടെ വലിയ കോളനികളുണ്ടാക്കിയാണ് ഇവ അതുവഴി യാത്ര നടത്തുന്ന ഞണ്ടുകളെ കെണിയില്‍ വീഴ്ത്തുന്നത്. കോളനിയുണ്ടാക്കിയത് അറിയാതെ ഇത് വഴി കടന്നുപോവുന്ന ഞണ്ടുകളെ ഉറുമ്പുകള്‍ കൂട്ടത്തോടെ ആക്രമിക്കും. ഞണ്ടുകളുടെ കണ്ണുകളിലും കാല്‍ക്കുഴകളിലും ഫോര്‍മിക് ആസിഡുകള്‍ തളിച്ചാണ് കുടുക്കുന്നത്. ഇതോടെ ഞണ്ടുകള്‍ക്ക് കാഴ്ചശക്തിയും ചലനശേഷിയും നഷ്ടപ്പെടുന്നു. ഇതിന് പുറമെ ഞണ്ടുകള്‍ ഉണ്ടാക്കുന്ന മാളങ്ങള്‍ നശിപ്പിക്കുന്നതിലും ഉറുമ്പുകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് ഞണ്ടുകള്‍ക്ക് ഇങ്ങനെ ജീവന്‍ നഷ്ടമായതോടെ ജനങ്ങള്‍ പല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഉറുമ്പുകളെ നശിപ്പിക്കുന്ന പ്രത്യേക ജീവികളെ വികസിപ്പിച്ചും ഇവയുടെ ഭക്ഷണ ലഭ്യത ഇല്ലാതാക്കിയുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ വിജയിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണതയിലെത്തിയിട്ടില്ല. ഉറുമ്പുകള്‍ വന്നതോടെ ഞണ്ടുകള്‍ ചില വഴികളിലൂടെയുള്ള യാത്ര  ഒഴിവാക്കിയതോടെ ഈ ഭാഗത്തെ സ്വാഭാവിക ജൈവാവസ്ഥയില്‍ തന്നെ മാറ്റം വന്നിട്ടുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നത്.

വെല്ലുവിളികള്‍ ഏറെ

ഉറുമ്പുകള്‍ മാത്രമല്ല, ഞണ്ടുകളുടെ പ്രയാണത്തില്‍ ഓരോ വര്‍ഷവും എണ്ണം വര്‍ധിക്കുന്നതിനാല്‍ മറ്റ് ക്ഷുദ്രജീവികളും ഇവയെ പിടിക്കാന്‍ ഇക്കാലത്ത് കാടിനുള്ളിലേക്കെത്തുന്നു. മാത്രമല്ല കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഭീഷണി ഉയര്‍ത്തുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ അളവിലും രൂപത്തിലുമുണ്ടായ മാറ്റവും ഞണ്ടുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്.

മുട്ടയിടാനായി കടല്‍ത്തീരത്തെത്തുന്ന ഞണ്ടുകള്‍ക്ക് കടലിലെ മലിനീകരണ പ്രശ്‌നവും ഇത് തിരമാലകളിലടക്കം ഉണ്ടാക്കുന്ന മാറ്റവും പ്രധാന വെല്ലുവിളികളാണ്. മഴയിലെ മാറ്റം തന്നെയാണ് ഇതില്‍ പ്രധാനം. പലപ്പോഴും യഥാര്‍ഥത്തില്‍ മഴക്കാലമെത്തേണ്ട സമയം കഴിഞ്ഞാണ് ഇവിടേക്ക് മഴയെത്തുന്നത്. ഇതോടെ ഞണ്ടുകള്‍ തങ്ങളുടെ പ്രജനനകാലം തന്നെ മാറ്റിവെക്കാറുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇവയുടെ മൊത്തം ജൈവക്രമത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു. താപനിലയിലെ വര്‍ധനവും പ്രധാന പ്രശ്‌നമാണ്.

കാലാവസ്ഥാ മാറ്റം മൂലം ദ്വീപിലേയും കടലിലേയും താപനില ഉയരുന്നതും ഇവയുടെ ജീവന്‍ നഷ്ടപ്പെടാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗവും സമയത്ത് കാട്ടിനുള്ളിലെ മാളത്തില്‍ കഴിഞ്ഞുകൂടുന്ന ഇവയുടെ ശരീരം ഏറെ ലോലമാണ്. അതുകൊണ്ടു തന്നെ ഉയര്‍ന്ന താപനിലയെ ഇവയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല. മാത്രമല്ല ഇക്കാലങ്ങളില്‍ റോഡുകള്‍ക്കും മറ്റും കടുത്ത ചൂടായിരിക്കും. യാത്രയ്ക്കിടെ റോഡ് മുറിച്ചുകടക്കുന്ന ഞണ്ടുകള്‍ക്ക് താപനില താങ്ങാനാവാതെ ഗണ്യമായ അളവില്‍ ജീവന്‍ നഷ്ടപ്പെടുന്നുവെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നുണ്ട്.

ഞണ്ടുകളുടെ പ്രയാണ കാലമാകുന്നതോടെ ദ്വീപിലെ റോഡുകളും വഴികളും മരങ്ങളും പാറകളുമെല്ലാം ചുവന്നു കാണപ്പെടും. കുഞ്ഞു ഞണ്ടുകള്‍ തിരിച്ചുവരുന്ന കാലമാകുമ്പോഴേക്കും അത് അവിസ്മരണീയ കാഴ്ചയ്ക്ക് വഴിയൊരുക്കും. ക്രിസ്മസ് ദ്വീപ് പാര്‍ക്ക് തങ്ങളുടെ വെബ്സൈറ്റില്‍ പറയുന്നതിങ്ങനെയാണ്. ഒരേ സമയം വീടുവിട്ട് ഇവര്‍ ഒരുമിച്ച് യാത്ര തുടങ്ങുന്നുവെന്നതാണ് ഏറെ പ്രത്യേകത.