കല്പറ്റ: കൊട്ടിയൂരും ആറളവുമടങ്ങുന്ന വയനാട് ഭൂപ്രദേശത്ത് ആകെയുള്ളത് 84 കടുവകളെന്ന് വനംവകുപ്പ്. 1138 ചതുരശ്ര കിലോമീറ്ററിലാണ് ഇത്രയും കടുവകൾ വസിക്കുന്നത്. 2018-ലെ കണക്കെടുപ്പ്‌ അനുസരിച്ച് 120 കടുവകളുണ്ടായിരുന്നു. 2022-ൽ അത് 80 ആയി കുറഞ്ഞു.

To advertise here,

2023-ലെ ഏറ്റവും പുതിയ കണക്കെടുപ്പ് പ്രകാരം 84 ആയി വർധിച്ചെങ്കിലും രാജ്യത്തെ മറ്റു ഭൂമേഖലകളുമായി താരതമ്യംചെയ്യുമ്പോൾ കടുവകളുടെ എണ്ണത്തിൽ വൻകുറവാണുണ്ടായിരിക്കുന്നത്.

വയനാട് വന്യജീവിസങ്കേതം, രണ്ട് വനം ഡിവിഷനുകൾ, ആറളം കൊട്ടിയൂർ വന്യജീവിസങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് ഇത്രയും കടുവയുള്ളത്. അഞ്ചുവർഷംകൊണ്ട് എണ്ണത്തിൽ വൻകുറവാണ് വന്നതെങ്കിലും വയനാട് വന്യജീവിസങ്കേതത്തിൽമാത്രം 154 കടുവകളുണ്ടെന്ന് ചില സംഘടനകൾ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് വനംവകുപ്പ് വീണ്ടും കണക്ക് പ്രസിദ്ധപ്പെടുത്തിയത്. മാത്രമല്ല, കഴിഞ്ഞദിവസം മുള്ളൻകൊല്ലിയിൽ പിടികൂടിയ കടുവ നാഗർഹോള നാഷണൽ പാർക്കിൽ 2021-ലെ കണക്കെടുപ്പിൽ ഉൾപ്പെട്ടതായിരുന്നു.

അതുകൊണ്ട് ബന്ദിപ്പൂർ, നാഗർഹോളെ, മുതുമല ടൈഗർ റിസർവുകളിലെ കടുവകൾ ഇവിടേക്കെത്തുന്നതിനാൽ അവയും വയനാട്ടിലെ കണക്കിൽ ഉൾപ്പെട്ടിട്ടുണ്ടാവുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പൂർണവിവരങ്ങൾ ലഭ്യമാണ്.

ഒരുവര്‍ഷത്തിനുള്ളില്‍ പിടിച്ചത് ആറെണ്ണം

2023 ഏപ്രില്‍മുതല്‍ ഇതുവരെ ജനവാസകേന്ദ്രത്തിലിറങ്ങിയ ആറു കടുവകളെയാണ് വനപാലകര്‍ പിടികൂടിയത്. വാകേരി, മുള്ളന്‍കൊല്ലി, പനവല്ലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്നാണ് കടുവകളെ പിടിച്ചത്. മൂന്ന് കടുവകള്‍ ചത്തുപോവുകയും ചെയ്തു.