ന്യൂഡല്‍ഹി: ഡല്‍ഹി ബേഡ് അറ്റ്‌ലസിന്റെ ആദ്യവര്‍ഷത്തില്‍ രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത് 221 പക്ഷി സ്പീഷിസുകളെ. തലസ്ഥാനത്തുടനീളം വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വേയാണ് ഇരുനൂറിലധികം പക്ഷി സ്പീഷിസുകളെ കണ്ടെത്തിയത്. 200 വളണ്ടിയര്‍മാര്‍ ഡല്‍ഹി ബേഡ് അറ്റ്‌ലസിന് പിന്നില്‍ പ്രവര്‍ത്തിച്ചു. 

To advertise here,

ലോധി റോഡിലെ വേള്‍ഡ് വൈഡ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ഡല്‍ഹി ബേഡ് അറ്റ്‌ലസ് അതിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ബേഡ് അറ്റ്‌ലസിന്റെ സംഘത്തിനൊപ്പം വനംവകുപ്പും മറ്റ് വന്യജീവി സംരക്ഷണ സംഘടനകളും ഇതിന്റെ ഭാഗമായി. 

ഡല്‍ഹി ബേഡ് അറ്റ്‌ലസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ശ്യാം സുന്ദര്‍ കണ്ഠപല്‍ പ്രതികരിച്ചു. ഡല്‍ഹി ബേഡ് അറ്റ്‌ലസ് ശേഖരിച്ച വിവരങ്ങള്‍ ഡല്‍ഹിയിലെ പക്ഷിനിരീക്ഷക സമൂഹത്തിന്റെ ആവേശത്തിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഡല്‍ഹി ബേഡ് അറ്റ്‌ലസിനായുള്ള വേനല്‍ക്കാല കണക്കെടുപ്പില്‍ 21 പുതിയ പക്ഷി സ്പീഷിസുകളെ കണ്ടെത്തിയിരുന്നു. ഗ്രേറ്റര്‍ ഫ്‌ളമിംഗോ അടക്കമുള്ള പക്ഷികളെ ഇതാദ്യമായിട്ടായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. വേനല്‍ക്കാല കണക്കെടുപ്പിലാകെ 160 പക്ഷിസ്പീഷിസുകളെയാണ് രേഖപ്പെടുത്തിയത്.